Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാം ശരിയാക്കാനും വാക്കു പാലിക്കാനും പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്

Thomas Issac ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുന്നു. ചിത്രം മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുവെന്ന് അടിവരയിട്ട് വ്യക്തമാക്കുമ്പോഴും സമ്പൂർണ സാമൂഹിക സുരക്ഷ ഉറപ്പു നൽകുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിച്ചത്. എത്ര സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും നാട്ടിലെ പാവങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നൽകിയ വാക്കു പാലിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ബജറ്റ് സാമൂഹിക സുരക്ഷ ഉറപ്പു നൽകുന്നത്.

എല്ലാ ക്ഷേമ പെൻഷനുകളുടെയും തുക 1000 രൂപയാക്കി ഉയർത്തുമെന്നതാണ് ഈ രംഗത്തെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. 1000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. മുഴുവൻ പെൻഷൻ കുടിശികയും ഓണത്തിന് മുന്നോടിയായി കൊടുത്തുതീർക്കുന്നതിനുപുറമെ, ജൂൺ മുതൽ വർധിപ്പിച്ച തുകയായ 1000 രൂപ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തെ പെൻഷൻ അഡ്വാൻസായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 60 വയസു കഴിഞ്ഞ സംസ്ഥാനത്തെ മുഴുവൻ സാധാരണക്കാരെയും പെൻഷൻ കുടയ്ക്കുകീഴിൽ കൊണ്ടുവരും. തൊഴിലുറപ്പിൽ പണിയെടുക്കുന്നവരായിരിക്കും ഇതിന്റെ ആദ്യ ഗുണഭോക്താക്കൾ. അഞ്ചുവർഷത്തിലേറെയായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർക്കും പെൻഷൻ നൽകും.

ഇതിനുപുറമെ, എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കാനുള്ള നടപടികൾ വ്യക്തമാക്കിയാണ് ബജറ്റ് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികൾ വിശദീകരിക്കുന്നത്. പാവങ്ങൾ പഠിക്കുന്ന സ്കൂളുകളുടെയും അവർ ആശ്രയിക്കുന്ന പൊതു ആശുപത്രികളുടെയും ഗുണനിലവാരം ഉയർത്താനുള്ള പദ്ധതികൾകൂടി ഇതിനൊപ്പം ചേർത്ത് സമ്പൂർണ സാമൂഹിക സുരക്ഷാ പദ്ധതി ഫലപ്രദമാക്കാമെന്നും ബജറ്റ് വിഭാവനം ചെയ്യുന്നു.

പൊതു ആരോഗ്യ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാവിധ രോഗങ്ങൾക്കും പൂർണ്ണ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സാ ധനസഹായമെന്ന നിലയിൽ നിലവിലുള്ള വിവിധ ആരോഗ്യ ധനസഹായ പദ്ധതികൾ സംയോജിപ്പിച്ച് ഒറ്റ സമഗ്ര ആരോഗ്യ ഇൻഷുറൻസ് ആക്കുന്നതിനാണ് ആലോചന. കാരുണ്യ ചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കും. ഇതിനെല്ലാംകൂടി 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലെ പാർപ്പിട പ്രശ്നം പൂർണ്ണമായും പരിഹരിക്കാനും പദ്ധതി തയാറാക്കും. ഇതിനുള്ള നടപടികൾ ഈ വർഷം തന്നെ ആരംഭിക്കും. വീടുവേണ്ടവരുടെ സമഗ്രമായ പട്ടിക തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തയാറാക്കും. രണ്ടു ലക്ഷം രൂപയായിരിക്കും വീട് ഒന്നിനുള്ള ധനസഹായം. എസ്‌സി വിഭാഗക്കാർക്കിത് 2.5 ലക്ഷം രൂപയും എസ്റ്റി വിഭാഗക്കാർക്ക് 3 ലക്ഷം രൂപയുമായിരിക്കും. പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വീടുകളുടെ പണി പൂർത്തിയാക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കും. ഭൂമിയില്ലാത്തവർക്ക് മൂന്നു സെന്റ് സ്ഥലം വീതമെങ്കിലും ലഭ്യമാക്കും.

ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകാനും ബജറ്റിൽ നിർദേശമുണ്ട്. നടപ്പുവർഷത്തെ പദ്ധതിയിൽ 68 കോടി രൂപ ഭിന്നശേഷിക്കാർക്കായി വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്ക് 20 കോടി രൂപ നീക്കിവച്ചു. ഇതിനുപുറമെ, സൗജന്യ റേഷൻ പദ്ധതി വിപുലീകരിക്കും. ബിപിഎൽ കുടുംബങ്ങള്‍ക്കുപുറമെ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളിൽ ഭൂരിപക്ഷത്തെയും സൗജന്യറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തും.

ആദിവാസി വികസനത്തിന് ജനസംഖ്യാനുപാതികമായി മാറ്റിവയ്ക്കുന്ന രണ്ടു ശതമാനത്തിനു പകരം 2.61 ശതമാനം ഫണ്ട് നീക്കിവയ്ക്കും. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് സമഗ്ര നിയമനിർമാണം നടത്തുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. 

Your Rating: