Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുചിന്തയും ഐസക്കിന്റെ സ്വപ്നദർശനവും

issac-budget-speech

തിരുവനന്തപുരം∙ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റിനെ രാഷ്ട്രീയരേഖയായി വിശേഷിപ്പിച്ച തോമസ് ഐസക് പുതിയ സർക്കാരിന്റെ ആദ്യബജറ്റിൽ നാരായണ ഗുരുദേവന്റെ ആധ്യാത്മികതയിലാണ് ഊന്നുന്നത്. അനുഭവങ്ങൾ സൃഷ്ടിച്ച മാറ്റം മാത്രമല്ല ഇത്. സാമ്പത്തികഞെരുക്കവേളയിൽ ധനമന്ത്രി സംഘർഷത്തിനില്ല. കേന്ദ്രമടക്കം ആരോടും മല്ലിടാതെ, കരകയറാനുള്ള വഴി അദ്ദേഹം അന്വേഷിക്കുന്നു. അതിനിടയിൽ കുറേ സ്വപ്നങ്ങളും കാണുന്നു.

ബാങ്ക് വായ്പ കിട്ടിയാൽ എല്ലാം ശുഭമാകും എന്ന സാധാരണക്കാരന്റെ വലിയ മോഹങ്ങൾക്കു സമാനം. നികുതിവരുമാനം ഏതുവിധേനയും കൂട്ടി ചെലവുകളും ക്ഷേമവും അതിലൂടെ നിർവഹിക്കുക, വികസനസംരംഭങ്ങൾക്കു പുറത്തുനിന്നു പണം കണ്ടെത്തുക എന്ന മാർഗമാണ് ഐസക് സ്വീകരിക്കുന്നത്. ഇതു യുഡിഎഫ് സർക്കാരിൽനിന്നു ഭിന്നവുമല്ല. യുഡിഎഫിന്റെ അവസാനകാലത്തു വളയമില്ലാതെ ചാടിയെങ്കിൽ ഐസക് ഒരു സാങ്കൽപ്പികവളയം സൃഷ്ടിച്ചു എന്നതാണു വ്യത്യാസമെന്നു പുതിയ ബജറ്റിനെ വിശേഷിപ്പിക്കുന്നവരുണ്ട്.

വികസനദൗത്യങ്ങൾക്ക് ഒറ്റമൂലിയായി കൊണ്ടുവന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് ബോർഡിന്റെ (കിഫ്ബി) പരിഷ്കരണവും അതുവഴിയുള്ള ഫണ്ട് സമാഹരണ ആശയവും യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർദേശിക്കപ്പെട്ടതാണ്. അപ്പോഴും ഇപ്പോഴും തുടരുന്ന ധനകാര്യ അഡീഷണൽ സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ സാന്നിധ്യം ഈ ആശയത്തുടർച്ചയ്ക്കു കാരണമായിട്ടുണ്ടാകാം. പുതുതായി പറയുന്ന ഭൂരിപക്ഷം പദ്ധതികളും യാഥാർഥ്യമാകണമെങ്കിൽ കിഫ്ബി എന്ന പരീക്ഷണം പക്ഷേ ട്രാക്കിലാകണം.

അധികനികുതി വഴി 800 കോടി കൂടി സമാഹരിക്കുമ്പോഴും റവന്യു കമ്മി 13000 കോടിയാണ് എന്നത് ആശങ്ക ഉയർത്തുന്നു. നികുതി പിരിവ് വർഷംതോറും 25% വീതം വർധിപ്പിക്കാനായാൽ മൂന്നാംവർഷം കാര്യങ്ങൾ മംഗളമാകുമെന്ന് ഐസക് പ്രതീക്ഷിക്കുന്നു. തത്വാധിഷ്ഠിതമായി സിപിഎം എതിർക്കുന്ന ചരക്കുസേവനനികുതി(ജിഎസ്ടി)യിലാണ് പിണറായി സർക്കാർ കുതിപ്പിന്റെ കിനാവുകൾ ഉയർത്തുന്നതും. ജിഎസ്ടിയെ എതിർക്കുമ്പോഴും കേരളസർക്കാരിന് അതിന്റെ ഗുണവശങ്ങൾ പ്രയോജനപ്പെടുത്താൻ പാർട്ടിയുടെ അനുമതിയുണ്ട്.

ബംഗാളിൽ കോൺഗ്രസ് സഖ്യമാകാമെങ്കിൽ കേരളത്തിൽ അഞ്ചാംവർഷം റവന്യു കമ്മിക്ക് അന്ത്യം കുറിക്കാൻ കഴിയുന്ന ജിഎസ്ടിയും ആകാം. മദ്യനയത്തിൽ ബജറ്റ് അർഥഗർഭ മൗനം പാലിക്കുന്നു. എക്സൈസ് മന്ത്രി യുക്തമായ സമയത്ത് പ്രഖ്യാപിക്കും എന്നാണ് ധനമന്ത്രിയുടെ സമീപനം. മുല്ലപ്പെരിയാറിനേയോ അതിരപ്പിള്ളിയേയോകുറിച്ചും പരാമർശമില്ല. ഐസക്കിന്റെതന്നെ പ്രിയവിഷയമായ ഭരണപരിഷ്കാരത്തെക്കുറിച്ചുള്ള നിശ്ശബ്ദത പ്രത്യേകം ശ്രദ്ധിക്കപ്പെടും.

വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ പുതിയ ഭരണപരിഷ്കാര കമ്മിഷൻ രൂപീകരിക്കാൻ പാർട്ടിയും സർക്കാരും ഒരുങ്ങുമ്പോൾ ബജറ്റിൽ ഭരണപരിഷ്കാരം അപ്രത്യക്ഷമായതു യാദൃച്ഛികമാകണമെന്നുമില്ല. വിഎസിന്റെ കലാപസ്വരം അക്കാര്യത്തിൽ ആശയക്കുഴപ്പത്തിനു വഴിതുറന്നിട്ടുണ്ട്. സാമൂഹിക സുരക്ഷിതത്വ നിർദേശങ്ങളും പരമ്പരാഗത വ്യവസായ മേഖലയ്ക്കു നീക്കിവച്ച പണവും പദ്ധതികളും അടിസ്ഥാനവർഗത്തോടുള്ള ഇടതു നിലപാടു പ്രതിഫലിക്കുന്നതാണ്.

വികസനക്കുതിപ്പിനു വഴി എന്തെന്നു ചോദിച്ചാൽ, പാർട്ടിയുടെ മാമൂലുകൾ പറഞ്ഞിരുന്നിട്ടു കാര്യമില്ല എന്ന മറുപടിയാണ് ഐസക് പറയാതെ പറയുന്നത്. കെഎസ്ആർടിസി ബസുകളിൽ പ്രകൃതിവാതകം ഇന്ധനമാക്കാനും വെള്ളക്കരവർധനയ്ക്കു പകരം വെള്ളച്ചോർച്ച തടയാനുള്ള ശ്രമവുമൊക്കെ ഐസക് ടച്ച് പേറുന്നതാണ്. എന്നാൽ ബജറ്റിനേത്തന്നെ ശ്രദ്ധേയമാക്കുന്ന വിപ്ലവകരമായ പദ്ധതിയുണ്ടോ എന്നു ചോദിച്ചാൽ ആശയക്കുഴപ്പമാകും. പുതിയ സർക്കാരിനു രാഷ്ട്രീയമായ കുതിപ്പു നൽകാൻ പോന്ന ബജറ്റായി പ്രതിപക്ഷം ഇതിനെ വിലയിരുത്തുന്നില്ല. നികുതിഭാരം ആയുധമാക്കാനാണ് അവർ ഒരുങ്ങുന്നത്.

കുടുംബാംഗങ്ങൾക്കിടയിലെ ഭൂമി ഇടപാടുകൾക്കുള്ള നികുതി വർധന പതുക്കെ രോഷത്തിനു വഴിമാറുമെന്ന് അവർ കരുതുന്നു. പുതിയ തസ്തികകളിൽ നിയമനമില്ലെന്ന പ്രഖ്യാപനത്തിനെതിരെ യുവജനസംഘടനകൾ സമരരംഗത്തേക്ക് ഇറങ്ങും. സംഘപരിവാർ പക്ഷത്തേക്കു പോയ വെള്ളാപ്പള്ളി നടേശനെ തള്ളി ശ്രീനാരായണീയരെ ഒപ്പം നിർത്തുക എന്ന സിപിഎം ലക്ഷ്യം ബജറ്റിലും കലർത്തുന്ന രാഷ്ട്രീയകുസ‍ൃതി നിർവഹിച്ച ഐസക് പക്ഷേ ഇപ്പോൾ കേൾക്കുന്ന ഒരു ചോദ്യം ഗുരുദേവനെ ഓർമിച്ചപ്പോൾ മറ്റു ചരിത്രപുരുഷരെ എന്തേ മറന്നു എന്നാകുന്നു.

Your Rating: