Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാപാരികളെ ചേർത്തുനിർത്തും; പരമാവധി നികുതി ശേഖരിക്കും

തിരുവനന്തപുരം ∙ വ്യാപാരികളിൽ നിന്ന് ഒട്ടും ചോരാതെ പരമാവധി വാണിജ്യ നികുതി ശേഖരിക്കുക. എന്നാൽ, പരാതികൾക്കു സമയബന്ധിതമായി പരിഹാരം കണ്ടും പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയും അവരെ പരമാവധി സർക്കാരിനോടു ചേർത്തു നിർത്തുക. നികുതി പിരിവിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഫലപ്രദമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുക. നികുതി വരുമാന വർധന 25 ശതമാനത്തിലെത്തിക്കാൻ ധനമന്ത്രിയുടെ ബജറ്റ് എടുത്തുകാട്ടുന്ന മൂന്നു വഴികളാണിവ. നികുതി പിരിവ് ഉർജിതമാക്കുമ്പോൾ വ്യാപാരികളിൽ നിന്നുണ്ടാകാവുന്ന എതിർപ്പ് ഒഴിവാക്കാൻ അവരെക്കൂടി വിശ്വാസത്തിലെടുത്തു നീങ്ങാനുള്ള മാർഗങ്ങളും ബജറ്റിൽ ഐസക് മുന്നോട്ടു വയ്ക്കുന്നു.

∙ വാങ്ങുന്ന സാധനങ്ങളുടെ ബില്ലിന്റെ ഫോട്ടോ പകർത്തി മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി ജനങ്ങൾക്കു വാണിജ്യ നികുതി വകുപ്പിനു കൈമാറാം. എല്ലാ മാസവും നറുക്കെടുപ്പു നടത്തി ബില്ലുടമകൾക്ക് സമ്മാനം നൽകും. അഞ്ചു കോടി രൂപയ്ക്കു മേൽ വിറ്റുവരവുള്ള വ്യാപാരികൾ ബില്ലുകൾ പ്രിന്റ് ചെയ്യുമ്പോൾ തന്നെ അവ നികുതി വകുപ്പിന്റെ സെർവറിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടും. ഇൗ ബില്ലും ഉപഭോക്താവ് നൽകുന്ന ബില്ലും തമ്മിൽ ഒത്തു നോക്കിയാണ് നികുതി കൃത്യമായി സർക്കാരിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിക്കുക. ഇതിനാവശ്യമായ നിയമ നിർമാണവും വരും.

∙ സംസ്ഥാനത്തെ മുഴുവൻ വ്യാപാരികളുടെയും നികുതി റിട്ടേണുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ആധുനിക സെർവർ ഉടൻ സ്ഥാപിക്കും. ഐടി അധിഷ്ടിത പ്രവർത്തനം ശക്തമാകുന്നതോടെ നികുതി വകുപ്പിൽ സൈബർ ഫൊറൻസിക് യൂണിറ്റ് രൂപീകരിച്ച് ഇടപാടുകൾ കർശനമായി നിരീക്ഷിക്കും. സോഫ്റ്റ്‍വെയർ സഹായത്തോടെ ഓരോ വ്യാപാരികളുടെ ഓരോ റിട്ടേണും സമഗ്ര പരിശോധനയ്ക്കു വിധേയമാക്കും. വിറ്റുവരവിലും നികുതിയിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ വിശദീകരണം തേടും. അതിനു ശേഷമേ കടപരിശോധന അടക്കമുള്ള നടപടിയിലേക്കു കടക്കൂ.

∙ ജിഎസ്ടി വന്നാൽ സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകൾ ആധുനിക സൗകര്യങ്ങളുള്ള ഡേറ്റാ കലക്​ഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്ററുകളായി മാറും. ഇപ്പോൾ പരിശോധനയ്ക്ക് ഒരു മണിക്കൂറിലേറെ സമയമെടുക്കുന്നത് 15 മിനിറ്റായി ചുരുങ്ങും. ഇലക്ട്രോണിക് വേ ബ്രിജുകൾ, ബൂം ബാരിയറുകൾ, സിസി ടിവി സംവിധാനം, ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ, ആർഎഫ്ഐഡി, സ്മാർട് കാർഡ് മുതലായ സൗകര്യങ്ങളും ചെക്പോസ്റ്റുകളിൽ വരും.

∙ മഞ്ചേശ്വരത്തും മുത്തങ്ങയിലും ആധുനിക ഡേറ്റാ കലക്​ഷൻ സെന്ററുകൾ ഇൗ വർഷം തന്നെ തുടങ്ങും. വാളയാറിൽ പുതിയ ചെക്പോസ്റ്റിനായി ഭൂമി ഏറ്റെടുക്കും. മൂന്നു വർഷത്തിനുള്ളിൽ പ്രമുഖ ചെക്ക്പോസ്റ്റുകളെയെല്ലാം സംയോജിത ഡേറ്റാ കലക്​ഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്ററുകളാക്കി മാറ്റും.

∙ ഇ ഗവേണൻസ് നടപ്പാക്കിയെങ്കിലും സംസ്ഥാനത്തെ മിക്ക വാണിജ്യ നികുതി ഓഫിസുകളിലും കടലാസിന്റെ കൂമ്പാരമാണ്. പഴയ രേഖകളൊക്കെ ആർക്കൈവ് ചെയ്യും. വാണിജ്യനികുതി ഓഫിസുകൾ സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് ആധുനികവൽക്കരിക്കാൻ 100 കോടിരൂപ നീക്കിവച്ചു.

∙ നികുതി പിരിവിൽ ലക്ഷ്യം കൈവരിച്ചവർക്കു മുൻഗണന നൽകും. ചരക്കു സേവന നികുതിക്കുവേണ്ടി വകുപ്പിനെ സജ്ജീകരിക്കാൻ 2.75 കോടി വകയിരുത്തി. നികുതി നിയമങ്ങളെക്കുറിച്ചു ബോധവൽക്കരിക്കാൻ വ്യാപാരികൾ, ജനങ്ങൾ, ടാക്സ് പ്രാക്ടീഷണർമാർ, കൺസൽറ്റന്റുമാർ എന്നിവർ‌ക്കായി ബോധവൽക്കരണം സംഘടിപ്പിക്കും. പരാതി പരിഹാരത്തിനായി ടോൾ ഫ്രീ നമ്പറും മൊബൈൽ ആപ്ലിക്കേഷനും കൊണ്ടു വരും. നികുതിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കാൻ ഇ ന്യൂസ് ലെറ്റർ ആരംഭിക്കും. നികുതി ഭരണത്തെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാന ആസ്ഥാനത്തും ടാക്സ് കോർണറുകൾ തുടങ്ങുന്നതിന് 2.5 കോടി രൂപ. വ്യാപാരികളുടെ പരാതികൾ അറിയിക്കാൻ ആധുനിക പരാതി പരിഹാര കോൾ സെന്റർ തുടങ്ങും.

∙ നികുതി നിയമപാലനത്തിൽ കൃത്യത പാലിക്കുന്ന ഡീലർമാർക്ക് ഡീൽ അക്രഡിറ്റേഷൻ നൽകും. ഇവർക്ക് വകുപ്പിൽ മുൻഗണന ലഭിക്കും. ജില്ലകളിലും വകുപ്പിന്റെ ആസ്ഥാനത്തും നികുതി ഉപദേശക യൂണിറ്റുകൾ ആരംഭിക്കും. ചെക്ക്പോസ്റ്റുകളിലെ നടപടിക്രമങ്ങൾ ലഘൂകരിക്കും. റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ചരക്കിന്റെ വിവരം ഉൾപ്പെടുത്തിയിട്ടില്ലെന്ന കാരണത്താൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഇൗടാക്കില്ല. കരാർ പണിക്കാരുടെ ഡിക്ലെയർ ചെയ്ത യന്ത്ര സാമഗ്രികൾക്കും ഇതു ബാധകമാക്കും.

∙ വ്യാപാരികൾക്ക് ക്ഷേമനിധി അംഗത്വം നിർബന്ധമാക്കും. അഞ്ചു കോടി രൂപയോ ബജറ്റിൽ പ്രഖ്യാപിക്കുന്ന നികുതി ലക്ഷ്യം അധികരിക്കുന്ന തുകയുടെ ഒരു ശതമാനമോ ഏതാണു കൂടുതലെന്നു നോക്കി ആ തുക ഗ്രാന്റായി ക്ഷേമനിധിയിലേക്കു കൈമാറും. തീപിടിത്തം പോലുള്ളവയ്ക്ക് നഷ്ടപരിഹാരവും നൽകും. സിഎജിയുടെ റിപ്പോർട്ടിൽ മേൽനടപടി വേണമെന്നു നിർദേശിച്ചിട്ടുള്ള 4,574 കേസുകൾ ആറു മാസത്തിനുള്ളിൽ തീർപ്പാക്കും.

Your Rating: