Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷാമമെങ്കിലും ക്ഷേമം; കൃഷിക്കും സാമൂഹിക ക്ഷേമത്തിനും ഊന്നൽ

budget-issac ബാക്കി ചിരി ബജറ്റ് കേട്ടിട്ട്: നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി തോമസ് ഐസക് പ്രതിപക്ഷ നിരയിലെത്തി തമാശ പങ്കിടുന്നു. വി.എസ്.ശിവകുമാർ, അനിൽ അക്കര, കെ.മുരളീധരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ.എ.നെല്ലിക്കുന്ന്, ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ് എന്നിവരാണ് ഐസക്കിന്റെ തമാശ കേട്ടു പൊട്ടിച്ചിരിക്കുന്നത്. ചിത്രം: മനോരമ.

തിരുവനന്തപുരം∙ സാമ്പത്തികമാന്ദ്യത്തിൽനിന്നു കരകയറാനുള്ള പാക്കേജിനൊപ്പം സാമൂഹിക ക്ഷേമത്തിനും കൃഷിക്കും വനിതാക്ഷേമത്തിനും ഊന്നൽ നൽകി പിണറായി വിജയൻ സർക്കാരിന്റെ ആദ്യബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസത്തിനും മുൻഗണന നൽകുന്ന ബജറ്റ് 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജും പ്രഖ്യാപിച്ചു.

കുടുംബാംഗങ്ങൾ തമ്മിലുള്ളതുൾപ്പെടെ വസ്തു കൈമാറ്റത്തിനു ചെലവേറും. ചരക്കുവാഹന നികുതി 10% കൂട്ടി. നാലു ചക്രത്തിനും അതിനു മുകളിലുമുള്ള പഴയ വാഹനങ്ങൾക്കു ഹരിത നികുതി വരും. പൊതുവിദ്യാഭ്യാസ നിലവാരം ഉയർത്താനും ബജറ്റ് ലക്ഷ്യമിടുന്നു.
എല്ലാ സാമൂഹികക്ഷേമ പെൻഷനുകളും 1000 രൂപയാക്കി. മുഴുവൻ പെൻഷൻ കുടിശികയും ഓണത്തിനു മുൻപേ കൊടുത്തുതീർക്കുന്നതിനൊപ്പം ഒരു മാസത്തെ പെൻഷൻ മുൻകൂറായും നൽകും. 60 വയസ്സ് കഴിഞ്ഞ മുഴുവൻ സാധാരണക്കാർക്കും പെൻഷൻ ലഭ്യമാക്കും. നികുതിചോർച്ച തടഞ്ഞും അധിക വിഭവസമാഹരണം നടത്തിയും 805 കോടി രൂപ കണ്ടെത്തിയിട്ടും 13,066 കോടി രൂപയാണു മൊത്തം റവന്യു കമ്മി.

പ്രധാന നിർദേശങ്ങൾ

∙ ഭൂമിയില്ലാത്തവർക്കു മൂന്നു സെന്റ് വീതമെങ്കിലും സ്ഥലം നൽകും
∙ എല്ലാവർക്കും വീട് അഞ്ചു വർഷത്തിനകം
∙ ആദിവാസികൾക്ക് ഒരേക്കർ വീതം നൽകാൻ 42 കോടി രൂപ
∙ ഭൂരിപക്ഷം തൊഴിലുറപ്പു പദ്ധതി കുടുംബങ്ങൾക്കും സൗജന്യറേഷൻ
∙ അഞ്ചു വർഷത്തിലേറെയായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർക്കു പെൻഷൻ
∙ ട്രഷറിയിൽ കോർ ബാങ്കിങ്; ശമ്പളവും പെൻഷനും ട്രഷറി വഴി മാത്രം
∙ റബറിനു 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി തുടരും. ഇതിന് 500 കോടി രൂപ
∙ നെല്ലു സംഭരണത്തിനു 385 കോടി; നാളികേരത്തിനു 100 കോടി
∙ കശുവണ്ടി ഫാക്ടറികളുടെ ആധുനികീകരണത്തിനു 100 കോടി
∙ പട്ടികജാതി, ആദിവാസി വിദ്യാഭ്യാസ ആനുകൂല്യം 25% ഉയർത്തി
∙ 14 ജില്ലാ കേന്ദ്രങ്ങളിലും 40 കോടി ചെലവിൽ നവോത്ഥാന സാംസ്കാരിക സമുച്ചയം
∙ 14 ജില്ലകളിലും മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയം
∙ ബൾബ്, സിഎഫ്എൽ മാറ്റി എൽഇഡി ബൾബ് നൽകാൻ 250 കോടി രൂപ
∙ കെഎസ്ആർടിസിക്കു 1000 പുതിയ സിഎൻജി ബസിന് 300 കോടി രൂപ
∙ സ്ത്രീകൾക്കായി പ്രത്യേക വകുപ്പ്
∙ ആരോഗ്യമേഖലയൊഴികെ പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉടനില്ല
∙ റോഡുകൾക്കും പാലങ്ങൾക്കുമായി 1206 കോടി
∙ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ മാസ അലവൻസ് ഇരട്ടിയാക്കി.


വില കൂടും

പായ്ക്കറ്റിൽ വിൽക്കുന്ന ആട്ട, മൈദ, സൂജി, റവ, ബസ്മതി അരി, വെളിച്ചെണ്ണ, വെളിച്ചെണ്ണ ഉപയോഗിച്ച് നിർമിക്കുന്ന അലക്കുസോപ്പ്, ബർഗർ, പീറ്റ്സ, ടാക്കോസ്, പാസ്ത, ഡോനട്സ്, സാൻവിജ്, ബർഗർ പാറ്റി, ബ്രെഡ് ഫില്ലിങ്ങുകൾ തുടങ്ങി ബ്രാൻഡഡ് റസ്റ്ററന്റുകളിലെ ഭക്ഷണം, തുണിത്തരങ്ങൾ, ഡിസ്പോസബിൾ പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും.

വില കുറയും

ഹോട്ടൽ‌ മുറി വാടക, സിനിമയുടെ പകർപ്പവകാശം, തെർമോകോൾ പ്ലേറ്റുകളും കപ്പുകളും

Your Rating: