Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റിൽ പ്രധാന പരിഗണന സാമൂഹിക സുരക്ഷയ്ക്ക്

തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ കരുതൽ പാത പിന്തുടർന്ന് ഇടതുസർക്കാരും സാമൂഹിക സുരക്ഷയ്ക്കാണു ബജറ്റിൽ പ്രധാന പരിഗണന നൽകിയിട്ടുള്ളത്. സാമൂഹികക്ഷേമ പെൻഷനുകൾ 1000 രൂപയാക്കി ഉയർത്താൻ 1000 കോടി രൂപ നീക്കിവച്ചു. 60 വയസ്സു കഴിഞ്ഞ മുഴുവൻ സാധാരണക്കാർക്കും പെൻഷൻ ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ടമായി ഈ പ്രായപരിധിയിലുള്ള മുഴുവൻ തൊഴിലുറപ്പു തൊഴിലാളികൾക്കും പെൻഷൻ. കൂടുതൽ പെൻഷൻ ആഗ്രഹിക്കുന്നവർക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കും. എൻഡോസൾഫാൻ ദുരിതബാധിതർക്കായി 10 കോടി രൂപയും വയോമിത്രം പരിപാടിക്കായി ഒൻപതു കോടിയും അനുവദിച്ചു.

1000 കോടിയിലേറെ വരുന്ന പെൻഷൻ കുടിശികകൾ ഓണത്തിനു മുൻപു വിതരണം ചെയ്യും. ഒരു മാസത്തെ പെൻഷനും മുൻകൂർ നൽകും.
പെൻഷൻ വീട്ടിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഏതു മാർഗം സ്വീകരിക്കണമെന്ന കാര്യത്തിൽ കുടുംബശ്രീ വഴി വിവരം ശേഖരിക്കും. അഞ്ചു വർഷത്തിലേറെയായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർക്കും പെൻഷൻ നൽകും.

വിവിധ ചികി‍ൽസാ പദ്ധതികൾ ഏകോപിപ്പിച്ച് 1000 കോടിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. കാരുണ്യ ചികിൽസാ പദ്ധതി ജനങ്ങളുടെ അവകാശമാക്കും. കേന്ദ്രസർക്കാരിന്റെ ആർഎസ്ബിവൈ കാർഡ് ഉള്ളവർക്കു കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ മാരകരോഗങ്ങൾക്കു സൗജന്യ ചികിൽസ. ഇവർക്കു സൗജന്യ പ്രീമിയത്തോടെ ലൈഫ് ഇൻഷുറൻസും നൽകും.

അഞ്ചുവർഷംകൊണ്ട് എല്ലാവർക്കും വീട് ഉറപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അർഹരായവരുടെ പട്ടിക തയാറാക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കു സഹകരണ ബാങ്കിൽനിന്നു വീടൊന്നിനു രണ്ടുലക്ഷം രൂപവീതം വായ്പയെടുക്കാൻ അനുമതി നൽകും. എസ്‌സി വിഭാഗങ്ങൾക്കു രണ്ടര ലക്ഷവും എസ്ടി വിഭാഗങ്ങൾക്കു മൂന്നു ലക്ഷവും വായ്പ. പലിശ സർക്കാർ നേരിട്ടു നൽകും. മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽനിന്ന് അടയ്ക്കണം. പ്രീ–ഫാബ്രിക്കേറ്റഡ് വീടുകൾക്കു മുൻഗണന. പണി പൂർത്തിയാകാത്ത വീടുകളുടെ പട്ടിക തയാറാക്കി പ്രത്യേക പദ്ധതി നടപ്പാക്കും. ഭൂമിയില്ലാത്തവർക്കു മൂന്നു സെന്റ് സ്ഥലം ലഭ്യമാക്കും. കിടപ്പാടം വാങ്ങാൻ ഗുണഭോക്താവിനു നഗരത്തിൽ മൂന്നു ലക്ഷവും ഗ്രാമത്തിൽ രണ്ടു ലക്ഷവും നൽകും.

ആശ്രയ പദ്ധതി വിപുലീകരണത്തിനായി കുടുംബശ്രീക്ക് 50 കോടി രൂപ അനുവദിച്ചു. കോക്ലിയർ ഇംപ്ലാന്റേഷനു 10 കോടി രൂപ. അന്ധർക്കു സോഫ്റ്റ്‌വെയർ പരിശീലനം നൽകാൻ കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡിന് 1.5 കോടി രൂപ.

അങ്കണവാടികളുടെ ശിശുവികസന പദ്ധതിക്കു സംസ്ഥാന വിഹിതമായി 221 കോടി രൂപ. അങ്കണവാടി പ്രവർത്തകരുടെ വർധിപ്പിച്ച ഓണറേറിയം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അധികച്ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കും. ഇതിനായി 125 കോടി. ആശ പ്രവർത്തകർ, പാചകത്തൊഴിലാളികൾ, പിടിഎ–പ്രീ പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ ഓണറേറിയം 500 രൂപ വർധിപ്പിച്ചു.
സൗജന്യ റേഷൻ പദ്ധതി വിപുലീകരിക്കാൻ 300 കോടി. റേഷൻ കടകളെ പലചരക്കു ഷോപ്പുകളാക്കി മാറ്റാൻ കെഎസ്എഫ്ഇ വഴി പലിശരഹിത വായ്പ. സിവിൽ സപ്ലൈസിനു വില പിടിച്ചുനിർത്താൻ 75 കോടി രൂപ.

പട്ടികജാതി വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകളുടെ നവീകരണത്തിനു 150 കോടിയും മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ വികസനത്തിനു 100 കോടിയും അനുവദിച്ചു. പട്ടികജാതിക്കാർക്കും ആദിവാസികൾക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളിൽ 25% വർധന.
വയനാട്ടിലെ പ്രൈമറി സ്കൂളുകളിൽ ആദിവാസി വനിതയെ നിയോഗിക്കാൻ നാലുകോടി രൂപ. ആദിവാസി ഊരുകൾ, പട്ടികജാതി കോളനികൾ എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് 25 കോടി രൂപ.

പട്ടികജാതിക്കാർക്കു ഭൂമി വാങ്ങാനും വീടു നിർമിക്കാനും 456 കോടി രൂപ. പിന്നാക്ക വികസന കോർപറേഷന് 20 കോടി രൂപ. പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനു 10 കോടി. പിന്നാക്ക വിദ്യാർഥികളുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് 23 കോടി. ന്യൂനപക്ഷ വികസന കോർപറേഷനു 15 കോടിയും മുന്നാക്ക വികസന കോർപറേഷനു 35 കോടിയും നീക്കിവച്ചു.  

Your Rating: