Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനമന്ത്രിക്കൊരു കമന്റ്: ‘വിഷ് യു ഓൾ ദ് ബെസ്റ്റ് മച്ചാ...’

FB Post

ജൂലൈ നാലിന് രാത്രി 10.19 ആയപ്പോൾ ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പേജിൽ ഒരു പോസ്റ്റെത്തി: ‘ജൂലൈ എട്ടിന് പുതുക്കിയ ബഡ്ജറ്റ് അവതരിപ്പിക്കണമല്ലോ, അതിന്റെ പണികള്‍ ഏതാണ്ടു പൂര്‍ത്തിയായി. ഇനി പലരും അയച്ച ഏതാനും കെട്ട് നിവേദനങ്ങളും കുറിപ്പുകളും ഉണ്ട്. അവയെല്ലാം ഒന്നു കണ്ണോടിച്ച് പ്രസംഗത്തിന് അവസാന മിനുക്കുപണികള്‍ നടത്തണം...’ ഇങ്ങനെ പോകുന്നു പോസ്റ്റ്. ‘കുറിപ്പുകൾ’ എന്നദ്ദേഹം ഉദ്ദേശിച്ചതിൽ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിച്ച നിർദേശങ്ങളുമുണ്ടായിരുന്നു.

‘വിഷ് യു ഓൾ ദ് ബെസ്റ്റ് മച്ചാ...’ എന്ന ന്യൂജെൻ ആരാധകന്റെ ആശംസ മുതൽ ‘ചുവപ്പൻ അഭിവാദ്യങ്ങൾ സഖാവേ..’ വരെയായി ഒട്ടേറെ ആശംസകളും ഇതോടൊപ്പം എഫ്ബി പോസ്റ്റിനു താഴെ വന്നു. പക്ഷേ, നികുതി വെട്ടിപ്പിന്റെ തെളിവുകൾ നൽകിയും ചക്കയെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നിർദേശങ്ങളും വരെയുണ്ടായിരുന്നു ആ പോസ്റ്റിനു താഴെ. ചരിത്രത്തിലാദ്യമായി ഫെയ്സ്ബുക് നിർദേശങ്ങളും ബജറ്റിൽ എന്ന രീതിയിൽ വാർത്തകളും വന്നു. എന്തായാലും എഫ്ബിയിലെ 4.2 ലക്ഷത്തിലേറെ വരുന്ന തന്റെ ആരാധകരെ സുഖിപ്പിക്കാൻ വേണ്ടി അദ്ദേഹം നടത്തിയ പ്രഖ്യാപനമല്ല അതെന്ന് ഇന്നത്തെ ബജറ്റിലൂടെ വ്യക്തം.

ഫെയ്സ്ബുക് വഴി ഏറ്റവുമധികം പേർ നിർദേശിച്ച വിഷയങ്ങളെ കാര്യമായിത്തന്നെ ധനമന്ത്രി കൈകാര്യം ചെയ്തിട്ടുണ്ട്. ബജറ്റ് എല്ലാം തയാറായ ശേഷമായിരുന്നു ചിലരുടെ നിർദേശം വന്നത്. പക്ഷേ പലതിലും തന്റെ ഫോളോവർമാരെക്കാളും തോമസ് ഐസക് ഒരു മുഴം മുൻപേയെറിഞ്ഞുവെന്നതു വ്യക്തം. ഫെയ്സ്ബുക്ക് കമന്റുകളിലെ നിർദേശം അതേപടി പകർത്തിയതെന്നു തോന്നിപ്പിക്കുന്ന വിധം ചില ബജറ്റ് നിർദേശങ്ങളും ഇത്തവണയുണ്ട്.

FB Post

എട്ടിന് നിയമസഭയിൽ ബജറ്റ് അവതരണം നടക്കുന്ന അതേസമയത്തു തന്നെ അവയെല്ലാം മന്ത്രിയുടെ ഔദ്യോഗിക പേജുകളിൽ പോസ്റ്റുകളായി എത്തുകയും ചെയ്തു. സകലർക്കുമായി ബജറ്റിന്റെ സമ്പൂർണരൂപവും ഷെയർ ചെയ്താണ് അദ്ദേഹം എഫ്ബി സ്നേഹം പൂർണമാക്കിയത്. ഇതാ ഫെയ്സ്ബുക്കില്‍ ഒട്ടേറെപ്പേർ ആവശ്യപ്പെട്ട മൂന്നുകാര്യങ്ങളു അതിനു ധനമന്ത്രി സമ്മാനമായി നൽകിയ പ്രധാന ബജറ്റ് നിർദേശങ്ങളും:

നികുതിവെട്ടിപ്പുകാരെ നിലയ്ക്കു നിർത്തും

നികുതി പിരിച്ചെടുക്കുന്നത് ശക്തമാക്കുമെന്ന വിവരം നേരത്തേത്തന്നെ തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. അക്കാര്യം കാര്യക്ഷമമാക്കണമെന്ന നിർദേശമായിരുന്നു ഫെയ്സ്ബുക്കിലേറെയും. പലരും നികുതി വെട്ടിക്കുന്ന സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ ഉൾപ്പെടെ നൽകി. ഏതെല്ലാം വഴിയിലൂടെയാണ് നികുതി ചോരുന്നതെന്നും പറഞ്ഞുകൊടുത്തു. പൂർണമായും അതിന്റെ പ്രതിഫലനമാകണമെന്നില്ല, പക്ഷേ ആ നിർദേശങ്ങളെയൊന്നും ധനമന്ത്രി കാണാതിരുന്നിട്ടില്ലെന്നത് ഉറപ്പ്.

ബജറ്റിലെ ധനമന്ത്രിയുടെ നികുതി നടപടികളിങ്ങനെ: - നികുതി വരുമാനം 25 ശതമാനം വർധിപ്പിക്കാനാണു പദ്ധതി. എന്തു സാധനങ്ങൾ വാങ്ങിയാലും ബില്ല് ചോദിച്ചു വാങ്ങണം, സ്വർണവ്യാപാരികൾ കോംപൗണ്ടിങ് നികുതി അംഗീകരിക്കണം, നികുതിവകുപ്പിൽ വ്യാപാരിസൗഹൃദ നടപടികൾ ആരംഭിക്കും, വ്യാപാരികൾക്ക് അക്രഡിറ്റേഷൻ, വ്യാപാരി സൗഹൃദകേന്ദ്രങ്ങൾ ആരംഭിക്കും, സ്റ്റോക്ക് ട്രാൻസ്ഫർ നടപടി ക്രമങ്ങൾ ലഘൂകരിക്കും, നികുതി കൃത്യമായി അടയ്ക്കുന്ന വ്യാപാരികൾക്ക് ഗ്രീൻ കാർഡ്, ഉപഭോക്താക്കള്‍ക്ക് ബിൽ അപ്‌ലോഡ് ചെയ്ത് സമ്മാനം നേടാൻ മൊബൈൽ ആപ്ലിക്കേഷൻ, അഞ്ചുകോടി രൂപയ്ക്ക് മേൽ വിറ്റുവരവുള്ള വ്യാപാരികളുടെ ബിൽ-ഇൻവോയ്സ് എന്നിവ അപ്‌ലോഡ് ചെയ്യുന്നതിന് കംപ്യൂട്ടർ അധിഷ്ഠിത സംവിധാനം, തന്നിഷ്ടപ്രകാരമുളള ഉദ്യോഗസ്ഥരുടെ കടസന്ദർശനങ്ങളും തിരച്ചിലുകളും അവസാനിപ്പിക്കും, നികുതിയെ സംബന്ധിച്ച ഉപദേശകസേവനങ്ങൾ നൽകും, വാണിജ്യനികുതി വകുപ്പിൽ സൈബർ ഫോറൻസിക് സെൽ വരും, വാണിജ്യനികുതി വകുപ്പിന്റെ വെബ്സൈറ്റ് വിപുലീകരിച്ച് മെച്ചപ്പെട്ട നികുതി പിരിവിന് സാഹചര്യമൊരുക്കും, ഓരോ വകുപ്പിലെയും ധനവിനിമയം വിലയിരുത്തുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ നടപ്പാക്കും...

FB Post

പ്രവാസികൾ പ്രയാസപ്പെടരുത്

വർഷങ്ങളുടെ പ്രവാസജീവിതം കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കു വേണ്ടിയൊരു പദ്ധതി? കൃഷിയിൽ ഉള്‍പ്പെടെ തങ്ങൾ മുതൽമുടക്കാൻ തയാറാണെന്ന പ്രവാസികളുടെ കമന്റുകളുമുണ്ടായിരുന്നു. പ്രവാസിലോകം എഫ്ബിയിലും സജീവമായതിനാൽ അക്കാര്യത്തിലും ധനമന്ത്രിയുടെ തീരുമാനങ്ങളുണ്ട്. പ്രവാസികൾക്ക് നാട്ടിൽ നിക്ഷേപസൗകര്യമോ തൊഴിലോ നൽകേണ്ടതുണ്ടെന്ന കാര്യം അദ്ദേഹം എടുത്തുപറഞ്ഞിരിക്കുന്നു. ഇത്തവണത്തെ ബജറ്റ് വ്യവസായ പാർക്കുകളുടെയും മറ്റു നിക്ഷേപസൗകര്യങ്ങളുടെയും ഒരു പുതിയ അധ്യായം തുറക്കുന്നുണ്ട്. വരുംവർഷങ്ങളിൽ ഈ നയം കൂടുതൽ വിപുലപ്പെടും. ഇവിടങ്ങളിൽ പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന് നടപടിയെടുക്കും.

തീർന്നില്ല; ഗൾഫിൽ നിന്നു തിരികെ വരുന്നവരെ പുനരധിവസിപ്പിക്കാന്‍ നിലവിലുള്ള 12 കോടി ഉയർത്തി 24 കോടി രൂപയാക്കി. വിദേശത്തു നിന്ന് മടങ്ങി വരുന്നവർക്ക് ധനകാര്യസ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്നതിന് കഴിഞ്ഞ സർക്കാർ വിഭാവനം ചെയ്ത വായ്പാപദ്ധതി ബാക്ക് എൻഡ് സബ്സിഡി മുൻകൂറായി ബാങ്കുകൾക്ക് അടയ്ക്കാത്തതിനാൽ പദ്ധതിയെ അവതാളത്തിലാക്കിയിരുന്നു. ബാക്ക് എൻഡ് സബ്സിഡി മുൻകൂറായി നൽകുമെന്ന് ഉറപ്പാക്കും.

കെഎസ്ആർടിസിയെ കഷ്ടത്തിലാക്കില്ല

ബജറ്റിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നതും ഏറ്റവുമധികം യൂസർമാർ നിർദേശങ്ങൾ സമർപ്പിക്കുകയും െചയ്തതിലൊന്ന് കെഎസ്ആർടിസിയെ രക്ഷിക്കുന്നതു സംബന്ധിച്ചായിരുന്നു. നിലവിൽ 85 കോടി രൂപ വീതമാണ് പ്രതിമാസ നഷ്ടം. അഞ്ചു വർഷം കൊണ്ട് ഭൂരിപക്ഷം ബസുകളും സിഎൻജി ഇന്ധനത്തിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിനുൾപ്പെടെ പണം വകയിരുത്തി ഒരു രക്ഷാപാക്കേജ് തന്നെ നടപ്പാക്കാനാണ് മന്ത്രിയുടെ തീരുമാനം.

ഇതുകൊണ്ടൊന്നും അവസാനിപ്പിച്ചില്ല ധനമന്ത്രി. ബജറ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ '‪#‎KeralaBudget2016‬' എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാല്‍ സമയം അനുവദിക്കുന്നത് പോലെ ഇവ വായിക്കാനും നിങ്ങളുടെ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും മനസ്സിലാക്കുവാനും തനിക്കു കഴിയുമെന്നും കുറിച്ചുകഴിഞ്ഞു മന്ത്രി. പാതിവഴിയിൽ അങ്ങനെ ബജറ്റിനെ ഉപേക്ഷിച്ചുകളയാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ലെന്നു ചുരുക്കം. 

Your Rating: