Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതൃക്കളെ സ്മരിച്ച്, പമ്പാസ്നാനം കഴിഞ്ഞ്...

Pamba-River പമ്പാനദി. ചിത്രം: മനോരമ

പമ്പയിൽ മുങ്ങി സ്നാനം ചെയ്താണു മലചവിട്ടേണ്ടത്. മൺമറഞ്ഞവരുടെ ഓർമപുതുക്കി പിതൃപ്രീതിക്കായി ബലിയിട്ടാണു നല്ലൊരുഭാഗം തീർഥാടകരും മലകയറുക. സന്നിധാനത്തേക്കുള്ള യാത്രയിലെ ആദ്യസ്ഥാനം പമ്പാ ഗണപതികോവിലാണ്. വിഘ്നങ്ങൾ അകറ്റാൻ വിഘ്നേശ്വരനു നാളികേരം ഉടച്ച് ഉപദേവന്മാരെ തൊഴുത് മലചവിട്ടിത്തുടങ്ങാം. നീലിമല അടിവാരത്തു വച്ചു വഴി രണ്ടായി പിരിയുന്നു: നീലിമല പാതയും സ്വാമി അയ്യപ്പൻ റോഡും.

പരമ്പരാഗത പാതയാണു നീലിമലയിലേത്. കുത്തനെയുള്ള മലകയറ്റമായതിനാൽ വിശ്രമിച്ചു വേണം കയറാൻ. പിന്നീട് അപ്പാച്ചിമേട് എത്തും. ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവൻ ദുർദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുർദേവതകളുടെ പ്രീതിക്കായി ഇവിടെ ഇരുവശത്തുമുള്ള അപ്പാച്ചി, ഇപ്പാച്ചി കുഴികളിൽ ഉണ്ട വഴിപാട് നടത്തണം. കുത്തനെയുള്ള കയറ്റമായതിനാൽ വിശ്രമിച്ചു വേണം കയറാൻ. 

അടുത്തത് ശബരി തപസ്സ് അനുഷ്ഠിച്ച സ്ഥലമായ ശബരിപീഠമാണ്. കാനനത്തിലെ ഏഴു കോട്ടകളിൽ ഒന്ന്. ശബരിക്കു മോക്ഷം കിട്ടിയ സ്ഥാനം കൂട‌ിയാണ്. ഇവിടെ നിന്ന് അടുത്തത് മരക്കൂട്ടമാണ്. മറവപ്പടയെ തുരത്തി നീങ്ങിയ അയ്യപ്പനും സംഘവും തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലമെന്നറിയപ്പെടുന്ന ശരംകുത്തിയാണ് അടുത്തത്. എരുമേലിയിൽ പേട്ടതുള്ളി കന്നി അയ്യപ്പന്മാർ കൊണ്ടുവരുന്ന ശരക്കോൽ നിക്ഷേപിക്കുന്നതും ശരംകുത്തിയിലാണ്. അടുത്തത് വലിയ നടപ്പന്തലാണ്. പതിനെട്ടാംപടി കയറുന്നതിനുള്ള ക്യു നിൽക്കുന്നത് ഇവിടെയാണ്.

പതിനെട്ടാംപടി 

സത്യമായ പൊന്നുപതിനെട്ടാംപടി ഇരുമുടിക്കെട്ടില്ലാതെ കയറാൻ പറ്റില്ല. പടികയറും മുമ്പ് ഇരുമുടിക്കെട്ട് അഴിച്ചു നാളികേരം എടുക്കണം. നാളികേരം ഉടച്ചു ശരണംവിളിച്ചു പടിതൊട്ടു വന്ദിച്ചുവേണം മലകയറാൻ.

ശ്രീകോവിൽ 

പടികയറി ഇടത്തേക്ക് തിരിഞ്ഞ് മേൽപ്പാലത്തിലൂടെ വേണം ശ്രീകോവിലിനു മുന്നിൽ എത്തി ദർശനം നടത്താൻ. ഭക്തവൽസലനെ കൺകുളിർക്കെ കണ്ടുതൊഴാം. കന്നിമൂല ഗണപതിയേയും നാഗരാജാവിനേയും ദർശിച്ച് മാളികപ്പു‌റത്തേക്ക്. 

മാളികപ്പുറം 

കൊച്ചുകടുത്ത സ്വാമി, മണിമണ്ഡപം, നവഗ്രഹം എന്നിവിടങ്ങളിൽ തൊഴുത് മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിനു മുന്നിൽ എത്തി ദർശനം നടത്താം. 

നെയ്യഭിഷേകം 

അയ്യപ്പ സ്വാമിയുടെ ഇഷ്ടവഴിപാടാണ് നെയ്യഭിഷേകം. പുലർച്ചേ 4.30 മുതൽ 11.30 വരെയാണ് നെയ്യഭിഷേകം. വടക്കേനടയിലെ നടപ്പന്തലിനു മുകളിലാണ് നെയ്യഭിഷേകത്തിനു കാത്തുനിൽക്കേണ്ടത്. ഉച്ചകഴിഞ്ഞ് നെയ്യഭിഷേകമില്ല. കാത്തുനിൽക്കാൻ സമയമില്ലാത്തവർക്കു നെയ്ത്തേങ്ങ പൊട്ടിച്ച് തോണിയിൽ നെയ്യ് ഒഴിക്കാം. 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.