Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: എന്തെല്ലാം ശ്രദ്ധിക്കണം ഇത്തവണ? അറിയേണ്ടതെല്ലാം

Sabarimala Devotees Sannidhanam സന്നിധാനത്ത് എത്തിയ തീർഥാടകർ. ചിത്രം: അരവിന്ദ് വേണുഗോപാൽ

ശബരിമല ഉൾപ്പെടുന്ന 100 ചതുരശ്ര കിലോമീറ്റർ സ്ഥലം പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലാണ്. പൊലീസിന്റെ സുരക്ഷാ നിർദേശങ്ങൾ തീർഥാടകർ പാലിക്കണം. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള  ദീർഘദൂര കെഎസ്ആർടിസി ബസ്  പമ്പ വരെ  ഉണ്ടാകും. ത്രിവേണി വരെ വരാത്തതിനാൽ സ്റ്റാൻഡിൽ  ഇറങ്ങി നടക്കണം. സ്വകാര്യ വാഹനങ്ങളുമായി പമ്പയിൽ എത്താൻ ഇത്തവണ അനുമതിയില്ല. നിലയ്ക്കലിനെ ബേസ് ക്യാംപ് ആക്കി ഇവിടെയാണ് വാഹനങ്ങൾക്ക് പാർക്കിങ്.  നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസി ബസുകൾ പമ്പയിലേക്ക് 24 മണിക്കൂറും സർവീസ് നടത്തും.

പൊലീസ് പാസ് നിർബന്ധം

നിലയ്ക്കൽ ബേസ് ക്യാംപിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യണമെങ്കിൽ തീർഥാടകർ എവിടെ നിന്നു വരുന്നോ അവിടത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് വാഹന പാസ് വാങ്ങണം. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിലും നിലയ്ക്കൽ സ്റ്റേഷനിലും പാസ് അനുവദിക്കും.  നിലയ്ക്കലിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉണ്ട്. വാഹന പരിശോധനയ്ക്കു ശേഷമേ ബേസ് ക്യാംപിലേക്കു വാഹനങ്ങൾ കടത്തി വിടൂ. 

നിലയ്ക്കൽ എത്തിയാൽ

പാർക്കിങ് മേഖല  കേരള, കർണാടക. തമിഴ്നാട്, ആന്ധ്ര എന്നിങ്ങനെ സെക്ടർ തിരിച്ചിട്ടുണ്ട്. അതു നോക്കിവേണം  പാർക്കു ചെയ്യാൻ.

കെഎസ്ആർടിസി

നിലയ്ക്കൽ–പമ്പ എസി, നോൺ എസി ബസുകൾ ഉണ്ട്. ഇരുവശത്തേക്കുമുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാം. ഒരു വശത്തേക്കു മാത്രമായി ഓൺലൈൻ ബുക്കിങ് ഇല്ല. 

എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?

www.keralartc.com എന്ന വെബ്സൈറ്റിലാണ് ബുക്കിങ്. ഹോം പേജിൽ തന്നെ ശബരിമല ബസ് ടിക്കറ്റ് ഓൺലൈൻ എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ബുക്കിങ് പേജിലേക്ക് എത്തും. ടൈം സ്ലോട്ടുകളിൽ ആവശ്യമുള്ള സമയ ക്രമം തിരഞ്ഞെടുക്കാം. തുടർന്ന്, യാത്രക്കാരുടെ വിവരങ്ങൾ നൽകാം. പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, തിരിച്ചറിയൽ രേഖ, അതിന്റെ നമ്പർ, എന്നിവ നൽകിയ ശേഷമാണ് ബുക്കിങ്ങിലേക്കു കടക്കേണ്ടത്. തിരിച്ചറിയിൽ രേഖകൾ  ഡ്രൈവിങ് ലൈസൻസ്, ആധാർ, പാൻകാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് എന്നിവയാണ്. ഐഡി കാർഡിന്റെ നമ്പർ നൽകുമ്പോൾ നമ്പർ ഒന്നിച്ച് എഴുതിയാൽ മതി. ഇടയിലെ വരകൾ ആവശ്യമില്ല. ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് കൈവശം ഉണ്ടായിരിക്കണം. 

വെർച്വൽ ക്യു

ശബരിമലയിൽ ദർശനത്തിനായി മണിക്കൂറുകൾ നീളുന്ന ക്യുവിനു പരിഹാരമായി പൊലീസ് നടപ്പാക്കുന്നതാണ് വെർച്വൽ ക്യു സമ്പ്രദായം. ഓൺലൈനായി ക്യുവിൽ ബുക്ക് ചെയ്താൽ സമയത്തു പോയി ദർശനം നടത്താൻ കഴിയുന്ന രീതിയിലാണ് വെർച്വൽ ക്യു ഒരുക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ sabarimalaq.com എന്ന വെബ്സൈറ്റിൽ വെർച്വൽ ക്യു ബുക്ക് ചെയ്യാം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസിയിൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് ഒറ്റ പാക്കേജിൽ വെർച്വൽ ക്യുവും ബുക്ക് ചെയ്യാം.

∙ ശബരിമലയിലെ പ്രധാന ഫോൺ നമ്പറുകൾ

എൻഎസ്ഡി കോഡ് 04735 

(ഫോൺ നമ്പറുകൾ ആദ്യത്തേതു ശബരിമല,  രണ്ടാമത്തേതു പമ്പ) 

ഇൻഫർമേഷൻ ഓഫിസ് 202048, 203339

ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ 202038, 203442 

ദേവസ്വം വിജിലൻസ് 202058 

ഗെസ്റ്റ് ഹൗസ് 202056, 203441 

പൊലീസ് സ്റ്റേഷൻ 202014, 203412 

പൊലിസ് ഹെൽപ്‌ലൈൻ 202100, 203630 

ഗവ. ആശുപത്രി 202101, 203318 ,സഹാസ് കാർഡിയോളജി സെന്റർ 202080, അമൃത ആശുപത്രി പമ്പ 203590, ആയുർവേദ ആശുപത്രി 202142, 203536, കാർഡിയോളജി സെന്റർ - അപ്പാച്ചിമേട് 202050 

കാർഡിയോളജി സെന്റർ - നീലിമല 203384 

ഹോമിയോ ആശുപത്രി 202843, 203537 

അയ്യപ്പ സേവാസംഘം 202043, 203408 

കെഎസ്ആർടിസി പമ്പ 203445 

ധനലക്ഷ്മി ബാങ്ക് 202065, 203465,എസ്ബിഐ 202802, 203336 

സുബ്രഹ്മണ്യം ട്രസ്റ്റ് 202025, 

മലയാള മനോരമ ശബരിമല ബ്യൂറോ 202211, പമ്പ സ്റ്റാൾ 203472 

നിലയ്ക്കൽ ഗവ. ആശുപത്രി 205202 ,

പൊലീസ് സ്റ്റേഷൻ 205207 

ഫയർ ഫോഴ്സ് 205205 

അയ്യപ്പ സേവാസംഘം 203350