Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരണ മന്ത്രധ്വനികൾ മുഴങ്ങുന്ന പുണ്യനാളുകൾ: ‘അയ്യപ്പാ! സ്വാമീ!!’

Sabarimala-Devotees-Vrischikam ശബരിമലയിലേക്കുള്ള കാനന യാത്രയിൽ തീർഥാടകർ. ചിത്രം: മനോരമ

തുലാമഴ തോർത്തി മണ്ണ്. പുലരിമഞ്ഞിന്റെ ഭസ്മം ചാർത്തി വായു. കളഭപ്പൊന്നണിഞ്ഞ്, കതിരോനെ കുങ്കുമമാക്കി ആകാശം. വൃശ്ചികം പുലരുകയാണ്. അന്തരീക്ഷത്തിലെങ്ങും അയ്യപ്പനാമസംഗീതവും അഭൗമദിവ്യസുഗന്ധവും നിറച്ച്, ഇരവുപകലുകളെ ഇരുമുടിയാക്കി പ്രകൃതിയും തീർഥാടനകാലത്തിലേക്ക്. കാലത്തിന്റെ മേദസ്സിനെ കഠിനവ്രതത്താൽ ശമം ചെയ്ത്, കാനനപാതകൾ താണ്ടി അരികിലെത്തുമ്പോൾ ‘അയ്യപ്പാ! സ്വാമീ!!’ എന്നുചേർത്തു നിർത്തുന്ന ദേവന്നരികിലേക്കു ഭക്തകോടികൾ...

സ്വാമിവാസ സവിധേ...

ശബരീശ ഗിരിയിൽ ശരണമന്ത്രങ്ങൾ ഉയരുകയാണ്. ഇനി കാനന വാസന്റെ മണ്ഡല, മകരവിളക്ക് തീർഥാടന നാളുകൾ. എല്ലാ വഴികളും അയ്യപ്പ സന്നിധിയിലേക്ക്, എങ്ങും എവിടെയും ശരണ മന്ത്രങ്ങൾ. എന്നാൽ, കണ്ടു ശീലിച്ച തീർഥാടന കാലത്തിൽ നിന്ന് ഏറെ മാറ്റമുണ്ട് ഇത്തവണ. പ്രകൃതിക്ഷോഭം തകർത്ത പമ്പയുടെ രൂപമാറ്റം തന്നെയാണ് അതിൽ പ്രധാനം. യുവതീപ്രവേശ വിധിയുടെ ഭാഗമായി നിലനിൽക്കുന്ന സംഘർഷാന്തരീക്ഷം മറുവശത്ത്. കല്ലും മുള്ളും കാലിനു മെത്തയാക്കിയ അയ്യപ്പന്മാർക്ക് മലകയറ്റം കൂടുതൽ കഠിനമാകുന്ന തീർഥാടന കാലമാകും ഒരുപക്ഷേ ഇത്തവണ. 

വ്രതം

മാലയിട്ടു വ്രതം നോറ്റ് ശബരിമല നടയിലെത്തുന്ന ഏതൊരു ഭക്തനും അവിടെ കാണുന്നത് തനിക്കുള്ളിലെ ഈശ്വരനെത്തന്നെയാണ്. നീ ആരെയാണോ തേടി വന്നത് അതു നീ തന്നെയാണെന്നു ബോധ്യപ്പെടുത്തുന്ന തത്വമസി. സകല അഹം ബോധത്തെയും ഉടച്ചു കളഞ്ഞ് പുതിയ ചൈതന്യവും ഉണർവും മനസാലെ വരിച്ചാണ് ഓരോ അയ്യപ്പനും മലയിറങ്ങുന്നത്. 41 ദിവസമാണ് വ്രതം. മൽസ്യ, മാംസ ആഹാരങ്ങൾ ഉപേക്ഷിച്ച്, കാമ, ക്രോധ ഭാവങ്ങൾ വെടിഞ്ഞ്, കറുപ്പുടുത്ത്, നഗ്നപാദനായി എല്ലാ മോഹങ്ങൾക്കും മേലെ ഈശ്വര ചിന്തയിൽ ഓരോ അയ്യപ്പനും. പദവിയോ പണമോ മാനദണ്ഡമാക്കാതെ എല്ലാവരും സ്വാമിയെന്നറിയപ്പെടുന്ന തീർഥാടന കാലം. 

കെട്ടിൽ പ്ലാസ്റ്റിക് അരുത്

കെട്ടു നിറയ്ക്കുമ്പോൾ പ്രത്യേകം ഓർക്കുക ശബരിമല പ്ലാസ്റ്റിക് വിമുക്തമാണ്. പ്ലാസ്റ്റിക് കവറുകളിൽ ഒന്നും കൊണ്ടു പോകരുത്. വാട്ടിയ ഇല അല്ലെങ്കിൽ പേപ്പർ എന്നിവയിൽ മാത്രമേ പൊതിയാവൂ. വീട്ടിൽ കെട്ടുമുറുക്കാൻ സൗകര്യം ഇല്ലാത്തവർക്കു പമ്പ ഗണപതി അമ്പലത്തിൽ കെട്ടു നിറയ്ക്കാം. 24 മണിക്കൂറും ഇതിനുള്ള സൗകര്യം ഇവിടെയുണ്ട്. ദേവസ്വം കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്താൽ എല്ലാ സാധനങ്ങളും കിട്ടും. തലയിൽ കെട്ടാനുള്ള തോർത്ത്, ശാന്തിക്കാരനുള്ള ദക്ഷിണ എന്നിവ കരുതിയാൽ മതി. 

പ്രസാദങ്ങൾ

അപ്പവും അരവണയുമാണ് സന്നിധാനത്തെ പ്രധാന പ്രസാദങ്ങൾ. 18ാം പടിക്കു സമീപവും മാളികപ്പുറത്ത് അന്നദാന മണ്ഡപത്തിന് എതിർവശവും കൗണ്ടറുകളിൽ ഇതു ലഭിക്കും. പമ്പയിൽ അവൽ, മോദകം എന്നിവയാണ് പ്രസാദം. ഗണപതി അമ്പലത്തിനു സമീപത്തെ കൗണ്ടറിൽ നിന്നു വാങ്ങാം. 

മണ്ഡല കാലം

മണ്ഡല പൂജയ്ക്കായി ഇന്നു വൈകിട്ട് 5ന് നട തുറക്കും. ഡിസംബര്‍ 27നു രാത്രി 10നു നട അടയ്ക്കും. മകര വിളക്ക് തീർഥാടനത്തിനായി ഡിസംബര്‍ 30നു വൈകുന്നേരം അഞ്ചിനു വീണ്ടും നട തുറക്കും. ജനുവരി 20നു രാവിലെ ഏഴിനു നട അടയ്ക്കും. ജനുവരി 14ന് ആണ് മകര വിളക്ക്. 

പമ്പയിൽ

∙ പ്രളയത്തിൽ പമ്പാ ത്രിവേണിയിലെ  ശുചിമുറികളെല്ലാം തകർന്നതിനാൽ റോഡിന്റെ വശങ്ങളിൽ താൽക്കാലികമായി സ്ഥാപിച്ച ബയോ ടോയ്‌ലറ്റുകൾ  ഉപയോഗിക്കണം.

∙ പിതൃതർപ്പണം നടത്താൻ പമ്പയിൽ ത്രിവേണി  വലിയപാലത്തിനു മുകളിലാണ്  ബലിപ്പുരകളുടെ  സ്ഥാനം.  

∙ ത്രിവേണി വലിയപാലത്തിലൂടെ വേണം ഗണപതികോവിലിലേക്ക്  നടന്നുപോകാൻ.നദിയിൽ നിന്നുളള പടിക്കെട്ട് കയറി വേണം ഗണപതികോവിലിൽ എത്താൻ.

∙ പമ്പാ ഗണപതിയെ തൊഴുതാണ്‌ മലകയറ്റം തുടങ്ങുന്നത്. നാഗരാജാവ്, പാർവതീദേവി, ആദിമൂലഗണപതി, ഹനുമാൻസ്വാമി, ശ്രീരാമസ്വാമി എന്നിവരുടെ ഉപദേവ ക്ഷേത്രങ്ങളും ഉണ്ട്.

മലകയറ്റം

∙ പന്തളംരാജ മണ്ഡപത്തിൽ എത്തി അനുഗ്രഹം തേടിയാണ് മലകയറ്റം. മുന്നോട്ടു നടന്നാൽ രണ്ടു വഴിയുണ്ട്. നീലിമല വഴിയുള്ള പരമ്പരാഗത പാതയും സ്വാമി അയ്യപ്പൻ റോഡും. നീലിമല വഴിയുളള പരമ്പരാഗത പാതയാണ് പൊലീസ്  നിശ്ചയിച്ചിട്ടുള്ളത്.  

∙ മരക്കൂട്ടത്ത് എത്തിയാൽ വഴി രണ്ടുണ്ട്. ശരംകുത്തി റോഡും ചന്ദ്രാനന്ദൻ റോഡും. വലത്തേക്ക് ശരംകുത്തി വഴിയാണ് സന്നിധാനത്തേക്കു പോകേണ്ടത്. ദർശനം കഴിഞ്ഞു മടങ്ങുന്നവർക്കാണ് ചന്ദ്രാനന്ദൻ റോഡ്.

∙ എരുമേലിയിൽ പേട്ട തുള്ളുന്ന കന്നി അയ്യപ്പന്മാർ കൊണ്ടുവരുന്ന ശരക്കോലുകൾ ശരംകുത്തിയിലാണ്  നിക്ഷേപിക്കേണ്ടത്. 

∙ വലിയ നടപ്പന്തലിൽ എത്തുമ്പോൾ ഇരുമുടിക്കെട്ട്  അഴിച്ച് പടിക്കൽ അടിയ്ക്കാനുള്ള നാളികേരം എടുക്കണം.. പതിനെട്ടാംപടിയുടെ ഇരുവശത്തുമുള്ള ഭിത്തിയിലേ നാളികേരം  ഉടയ്ക്കാൻ പറ്റൂ.

സന്നിധാനത്ത് ഓർക്കാൻ

∙ ഇരുമുടിക്കെട്ട്  ഉള്ളവർക്കേ പതിനെട്ടാംപടി കയറാൻ കഴിയു.

∙ നെയ്ത്തേങ്ങയിലെ നെയ്യ് ശ്രീകോവിലിൽ കൊടുത്ത്  അഭിഷേകം  ചെയ്യാൻ പാത്രം കൊണ്ടുവരണം. പ്ലാസ്റ്റിക് പാടില്ല.

∙ അഭിഷേക ടിക്കറ്റ്  മാളികപ്പുറം ക്ഷേത്രത്തിനു സമീപത്തെ കൗണ്ടറിൽ ലഭിക്കും.

∙ തീർഥാടന കാലത്ത് രാവിലെ 3.30 മുതൽ 11.30വരെ നെയ്യഭിഷേകം നടത്താം. ഉച്ചയ്ക്കു ശേഷം നെയ്യഭിഷേകം ഇല്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.