Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മാർഗംകളിക്ക് ഇല്ലൊരു മാർഗം

തൃശൂർ∙ കലോൽസവ മാന്വൽ പരിഷ്കരിച്ചപ്പോൾ മാർഗംകളി നിന്ന നിൽപിൽ ഏഴു പാദത്തിൽനിന്നു 14 പാദത്തിലേക്ക് ഒറ്റച്ചാട്ടം. മൽസരാർഥികളും മൽസരം ചിട്ടപ്പെടുത്തുന്നവരും ഒപ്പം ചാടാൻ ‘മാർഗം’ കണ്ടെത്താൻ പാടുപെടുന്നു. ആകെ കിട്ടുന്നതു പത്തുമിനിറ്റ്. ആറോ ഏഴോ എട്ടോ പാദങ്ങൾ അൽപാൽപം കളിച്ചു തീർക്കാൻതന്നെ ഈ പത്തുമിനിറ്റ് തികയുന്നില്ല. അപ്പോഴാണു പുതിയ മാന്വലിൽ 14 പാദവും കളിക്കണമെന്ന നിർദേശം.

കല്യാണത്തലേന്നും പെരുന്നാൾ ദിവസങ്ങളിലും ക്രിസ്ത്യൻ കുടുംബങ്ങളിൽ പുലരുവോളം കളിച്ചിരുന്ന 14 പാദം ഉൾപ്പെട്ട കലാരൂപമാണു മാർഗം കളി. നിലവിൽ അതിൽ ഏഴോ എട്ടോ പാദങ്ങൾത്തന്നെ പത്തുമിനിറ്റിലേക്ക് ഒതുക്കി ചിട്ടപ്പെടുത്തിയാണു കലോൽസവ വേദിയിലെത്തുന്നത്. ‘‘മേച്ചണീന്ത..’ എന്നു തുടങ്ങുന്ന വന്ദനഗാനവും ‘മനഗുണ’ എന്നു തുടങ്ങുന്ന അവസാന പാദവും നിർബന്ധമാക്കി അതിനുള്ളിൽ ഏഴോ എട്ടോ പാദം. പുതിയ നിയമപ്രകാരം 14 പാദം പത്തുമിനിറ്റിലേക്കൊതുക്കണമെങ്കിൽ മാർഗംകളിക്കിടെ ‘ഓടേണ്ടിയും’ വരും.

14 പാദങ്ങളിൽനിന്ന് അൽപാൽപം അടർത്തിയെടുക്കുമ്പോൾ വാലും തലയുമില്ലാത്ത അവസ്ഥയിലാകുമെന്നു മാർഗം കളിയിലെ സ്ഥിരം വിധികർത്താക്കളിലൊരാളായ ഒ.ഡി. വർക്കി പറയുന്നു. ഇനി 14 പാദവും അത്യാവശ്യം ഭംഗിയായി കളിക്കണമെങ്കിൽ ഒരു മണിക്കൂറെങ്കിലും ഒരു ടീമിനു വേണ്ടിവരും. ഇപ്പോൾത്തന്നെ അപ്പീലുകളുടെ ബഹളവും മൽസരം വൈകലും മൂലം മാർഗംകളി വേദിയിൽ മൽസരാർഥികൾ തലകറങ്ങിവീഴുന്നത് പതിവു കാഴ്ചയാണ്.

പരമ്പരാഗത രീതിയിൽ ആറുമീറ്റർ നീളമുള്ള മുണ്ടും ചട്ടയും 24 അലുക്കിട്ടുടുക്കണമെന്ന പരിഷ്കാരവും പെട്ടെന്നു നടപ്പാക്കാൻ ബുദ്ധിമുട്ടായേക്കുമെന്നു പരിശീലകർ പറയുന്നു. സാധാരണ രീതിയിലുള്ള മുണ്ടും ചട്ടയും അടക്കമുള്ള വസ്ത്രം മിക്ക സ്കൂളുകളിലും തയാറാക്കികഴിഞ്ഞു. ഇനി പുതിയതു വാങ്ങണമെങ്കിൽ ചെലവേറും.