Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോത്സവം ഒരു കോടി ക്ലബിൽ

school-kalolsavam-03012018-1 തേക്കിൻകാട് മൈതാനിയിൽ നായ്ക്കനാലിനോടു ചേർന്ന് ഒരുങ്ങുന്ന പന്തൽ.

തൃശൂർ ∙ തേക്കിൻകാട് മൈതാനിയിലേതുൾപ്പെടെ 24 വേദികളിലായി നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബജറ്റ് ഇത്തവണ ഒരു കോടി രൂപ കടക്കും. ശനിയാഴ്ചയാണ് കലോത്സവത്തിന്റെ തുടക്കം. 96.6 ലക്ഷം രൂപയാണ് കലോത്സവത്തിന്​ കണക്കാക്കിയ ബജറ്റ്​​.

ജിഎസ്ടി കൂടി വരുമ്പോൾ ചെലവ് ഒരു കോടിയും പിന്നിടും. ഹൈസ്​കൂൾ, ഹയർസെക്കൻഡറി, വി‌എച്ച്​എസ്​ഇ വിദ്യാർഥികളിൽനിന്നു സമാഹരിച്ച പണത്തിനു പുറമെ കലോത്സവ ബാങ്ക് അക്കൗണ്ടിലും പണമുണ്ട്. അതിനാൽ പണത്തിന്റെ കാര്യത്തിൽ ആശങ്കയില്ല.കഴിഞ്ഞ വർഷത്തെ അതേ ബജറ്റ് എന്ന നിലയിലാണ് 96.6 കോടി രൂപ കലോത്സവത്തിനായി കണക്കാക്കിയത്.

നങ്ങൾക്കു വിലകൂടിയതിനു പുറമെ ജിഎസ്ടി കൂടി വരുന്നതോടെ ഈ തുക തികയില്ലെന്നു വിവിധ സംഘാടക സമിതികൾ പറയുന്നു. സ്​റ്റേജ്​ ആൻഡ് പന്തൽ കമ്മിറ്റിക്കാണ് ബജറ്റിൽ ഏറ്റവും അധികം തുക വകയിരുത്തിയിരിക്കുന്നത്​.കൂറ്റൻ പ്രധാന വേദി അടക്കം 25 വേദികൾ ഒരുക്കുന്നതിന്​ 29 ലക്ഷമാണ്​ കരാർ നൽകിയിരിക്കുന്നത്.

ലൈറ്റ് ആൻഡ്​ സൗണ്ടിന്​ 19 ലക്ഷവും താമസ സൗകര്യത്തിന് 11.5 ലക്ഷവുമാണ് വകയിരുത്തിയിട്ടുള്ളത്. സാംസ്കാരിക ഘോഷയാത്രയ്ക്ക് പകരമായി ഒരുക്കുന്ന ദൃശ്യ വിസ്മയത്തിന് ഒരു ലക്ഷമാണ് അനുവദിച്ചത്. കലോത്സവത്തിനും വേദികൾക്കും ഹരിത പെരുമാറ്റച്ചട്ടം ഒരുക്കുന്നതിന് 25000 രൂപ നീക്കിവച്ചിട്ടുണ്ട്.

School Kalolsavam | Thrissur

കണക്കുകൾ

ജിഎസ്ടി ബില്ലിൽ 21 വകുപ്പുകളിൽ ഒരുങ്ങുന്ന കലോത്സവത്തിന്​ ജിഎസ്ടി ബില്ലിൽ തന്നെ കരാർ എഴുതണമെന്നതു പലപ്പോഴും തലവേദനയാകുന്നതായി സംഘാടക സമിതികൾ പറയുന്നു. പാചകത്തിന്റെ കരാർ എടുത്തിട്ടുള്ള പഴയിടം മോഹനൻ നമ്പൂതിരി ജിഎസ്എടി ബില്ലിൽ തന്നെയാണ് കരാർ എഴുതിയത്.

പതിമൂന്നാം തവണ കലോത്സവത്തിന്​ വിരുന്നൊരുക്കുന്ന ഇദ്ദേഹം പാലടയും പഴപ്രഥമനും ഉൾപ്പെടെ ഒമ്പത്​ വിഭവങ്ങൾ അടക്കം അഞ്ച് ദിനങ്ങളിൽ സദ്യവട്ടം ഒരുക്കും. ദിവസം 25000 പേർക്കു വീതം നാലു നേരം ഭക്ഷണം ഒരുക്കും. ​ 22.5 ലക്ഷം രൂപയാണ് ഭക്ഷണത്തിനുള്ള ബജറ്റ്. 4.5 ലക്ഷം രൂപയാണ് പഴയിടത്തിന്. പാൽ, തൈര് എന്നിവയ്ക്കായി ഏകദേശം 1.5ലക്ഷവും പച്ചക്കറികൾക്കായി 2.5 ലക്ഷവുമാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. 350 ഗ്യാസ് സിലിണ്ടറുകളും എത്തിക്കണം.

പാചകത്തിനു ജൈവ പച്ചക്കറിയെത്തും

കുട്ടികളും അധ്യാപകരും നാട്ടുകാരും സംഭാവന നൽകുന്ന ജൈവപച്ചക്കറി എത്തിയാൽ സംഘാടകർക്ക്​ ഭക്ഷണബജറ്റിൽ കുറവു വരുത്താനാവും. കൃഷിഭവൻ വഴിയാണ് ജൈവ പച്ചക്കറി എത്തിക്കുന്നത്. കഴിഞ്ഞ വർഷം ഭക്ഷണത്തിന് 25 ലക്ഷം രൂപയാണ് നീക്കിവച്ചിരുന്നത്. എന്നാൽ ഇത്തവണ അത് 22.5ലക്ഷമായി കുറച്ചതു ബുദ്ധിമുട്ടാവുമെന്നാണ് സംഘാടക സമിതിയുടെ പരാതി.146 കിലോ ചെറുപഴം,, 50 കിലോ വെണ്ട, 100 കിലോ വെള്ളരി, 300 കിലോ കായ, 500 കിലോ പടവലങ്ങ, 1000 കിലോ ചേന, 500 കിലോ മത്തങ്ങ എന്നിവ കലോത്സവത്തിനു ജൈവ പച്ചക്കറിയായി എത്തും.

എന്നാൽ മൊത്തം ആവശ്യമുള്ളതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമേ ഈയിനത്തിൽ വരുന്നുള്ളു, ബാക്കി വരുന്ന പച്ചക്കറിക്കായി പൊതു വിപണിയെ തന്നെ ആശ്രയിക്കണം.അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആണ് ഭക്ഷണകമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.ബാബുദാസ് ആണ് കൺവീനർ. അഞ്ചു വർഷം മുൻപ് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടന്നപ്പോഴും ബാബുദാസ് ആയിരുന്നു കൺവീനർ.

പാലുകാച്ചൽ വെള്ളിയാഴ്ച

വടക്കേ സറ്റാൻഡ് അക്വാട്ടിക് കോംപ്ലക്സിനു സമീപത്താണ് പാചകപ്പുരയും ഭക്ഷണപ്പന്തലും ഒരുക്കിയിട്ടുള്ളത്. പന്തലിന്റെ പാലുകാച്ചൽ വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കും. കൃഷി ഭവനിൽ നിന്നുള്ള ജൈവ പച്ചക്കറികൾ വെള്ളിയാഴ്ച 11ന് പന്തലിലെത്തും.

related stories