Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായിൽ വെള്ളമൂറും വിഭവങ്ങളുമായി ലക്ഷ്മി കഫേ

masala-dosa-uzhunnu-vada

തൃശൂർ ∙ ഇഡലിയും വടയും മസാലദോശയും വിൽക്കാനായി തൃപ്രയാർ തേവർ ഈ നടയിൽ കൊണ്ടുവന്നിരുത്തി, നമ്പീശന്മാർക്കു പറയാനുള്ളത് അതു മാത്രമാണ്. അതുകൊണ്ടുതന്നെ ഭക്ഷണം നൽകുന്നതും പ്രാർഥനയാണ്. 65 വർഷം മുൻപു പെരിങ്ങോട്ടുകര ജംക്‌ഷനിൽ സഹോദരങ്ങളായ കൃഷ്ണൻ നമ്പീശനും നാരായണൻ നമ്പീശനും പേരിടാതെ തുടങ്ങിയ കൊച്ചു കടയാണു പിന്നീടു നീങ്ങി നീങ്ങി തൃപ്രയാർ തേവരുടെ നട വരെ എത്തിയത്. നടയോടു ചേർന്നു കട തുടങ്ങിയതോടെ ലക്ഷ്മി കഫേ എന്നു പേരു സ്വീകരിച്ചു.

നമ്പീശന്റെ വടയും മസാലദോശയും അന്നേ പ്രശസ്തമാണ്. കുട്ടികൾക്ക് അമ്പലത്തിൽ പോകുന്നതിന്റെ ആകർഷണങ്ങളിലൊന്ന് ഈ വടയുടെ സ്വാദു കൂടിയായിരുന്നു. വടയും മസാലദോശയും അന്നെല്ലാം എപ്പോഴെങ്കിലും കിട്ടുന്ന ആഡംബരമാണ്. 6.10നു തേവരുടെ പ്രസന്നപൂജ തൊഴുതിറങ്ങിയാണു ലക്ഷ്മി തുറക്കുക. ഇന്നേവരെ പൂജ തൊഴുതിട്ടേ കട തുറന്നിട്ടുള്ളൂ. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ശീവേലി കഴിഞ്ഞാൽ അടയ്ക്കുകയും ചെയ്യും. ശീവേലി വൈകിയാൽ കട അടയ്ക്കുന്നതും വൈകും. നാലിനു തുറന്നു രാത്രി 8.30നു കച്ചവടം അവസാനിപ്പിക്കും. ഇഡലിയും വടയും സാമ്പാറും ചട്ണിയുമാണ് ആദ്യം കിട്ടുന്ന വിഭവങ്ങൾ.

വട നന്നായി മൊരിഞ്ഞിരിക്കും. എന്താണ് അകംവരെ മൊരിഞ്ഞിരിക്കുന്ന വടയുടെ രഹസ്യം ? ഇപ്പോഴത്തെ നടത്തിപ്പുകാരായ ഹരി, നീലകണ്ഠൻ, രാജു നമ്പീശൻ സഹോദരന്മാർക്ക് ഒന്നേ പറയാനുള്ളൂ. ഏറ്റവും വില കൂടിയ ഉഴുന്ന് വാങ്ങണം. അത് അരയ്ക്കുമ്പോൾ മുഴുവൻ സമയവും നല്ല നോട്ടവും വേണം. വെള്ളം കുറഞ്ഞാലും കൂടിയാലും വടയുടെ പാകം മാറും. അത് ആദ്യം തിരിച്ചറിയുക.

രാവിലെ ഇഡലിക്കാണ് ആവശ്യക്കാർ കൂടുതൽ. വൈകിട്ടാകട്ടെ മസാലദോശയ്ക്കും. അരവിലുള്ള മികവുതന്നെയാണ് ഈ വിഭവങ്ങളുടെ വിജയമെന്ന് ഇവർ പറയുന്നു. തൊട്ടുതൊട്ടു നോക്കി പരിചയസമ്പന്നർ അരയ്ക്കണം. അതതു സമയത്തു വെള്ളം ചേർത്തു കൊട‌ുക്കണം. വിരൽത്തുമ്പിൽ അരവിന്റെ പാകം അറിയണം. എന്തെങ്കിലും മോശമെന്നു തോന്നിയാൽ അപ്പോൾ ആ മാവു മുഴുവൻ കളയുകയോ വീട്ടാവശ്യത്തിനെടുക്കുകയോ വേണം. അല്ലാതെ ഒരിക്കലും വടയോ മസാലദോശയോ ഉണ്ടാക്കി നാട്ടുകാർക്കു കൊടുത്ത് അഭിമാനം പണയപ്പെടുത്തരുത്. സ്വാദു നിലനിർത്തുക എന്നതുതന്നെയാണു വെല്ലുവിളിയെന്ന് ഇവർ പറയുന്നു. കുട്ടികൾ പോലും സ്വാദുമാറ്റം തിരിച്ചറിയും. ലക്ഷ്മിയുടെ അടുക്കളയിൽനിന്നു ഭക്ഷണം പുറത്തു വരുന്നതിനു മുൻപ് ഈ സഹോദരന്മാർ അതിന്റെ പാകവും സ്വാദും അറിഞ്ഞിരിക്കും. അതുതന്നെയാണു മാറാതെ പോകുന്ന സ്വാദിന്റെ രഹസ്യവും.

ലക്ഷ്മിയുടെ അവധിയും രസകരമാണ്. തിങ്കളാഴ്ച ഉച്ച മുതൽ ചൊവ്വാഴ്ച ഉച്ച വരെയാണ് അവധി. ജോലി ചെയ്യുന്ന സ്ത്രീകളുടെ സൗകര്യം കൂടി മാനിച്ചാണിത്. രാത്രി കടയടച്ച ശേഷം അവധി കൊടുത്താൽ അവർക്കു വീട്ടിൽ പോകാനാകില്ല. ഈ മൂന്നു സഹോദരന്മാരുടെയും ബന്ധുക്കളുടെയും വീട്ടിലെ സ്ത്രീകൾ അവരവരുടെ വീട്ടിലിരുന്നുണ്ടാക്കുന്ന അച്ചാറുകളുടെയും പൊടികളുടെയും പരമ്പരാഗത വിഭവങ്ങളുടെയും നീണ്ട നിരയും ഇവിടെയുണ്ട്. പലരും വന്നു കച്ചവടത്തിനു ചോദിച്ചുവെങ്കിലും കുടുംബ വിഭവങ്ങൾ ലക്ഷ്മിയിൽ മാത്രം മതിയെന്നു തീരുമാനിക്കുകയായിരുന്നു. പണ്ടു കഴിച്ചവരുടെ മൂന്നാം തലമുറ വരെ ഇവിടെ ഭക്ഷണം തേടി എത്തുന്നുണ്ട്. വീട്ടിലെ ആഘോഷങ്ങൾക്കു പ്രഭാതഭക്ഷണമായി അവരിൽ പലർക്കും ഇന്നും ലക്ഷ്മി കഫേ വേണം.