Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികാരം അകറ്റിയ ‘ഇരുവർ’; കരുണാനിധിയും എംജിആറും

karunanidhi-mgr കരുണാനിധിയും എംജിആറും. ഒരു പഴയകാല ചിത്രം.

ഒരു പുഴപോലെ ഒഴുകി വഴിപിരിഞ്ഞവരാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരായ മുത്തുവേൽ കരുണാനിധിയും എം.ജി.രാമചന്ദ്രൻ എന്ന എംജിആറും. ഒരു മനസോടെ സിനിമയിലും രാഷ്ട്രീയത്തിലും മുന്നേറിയ ഇരുവരുടേയും വേര്‍പിരിയല്‍ തമിഴ് രാഷ്ട്രീയ ചരിത്രം കൂടിയാണ്. രാഷ്‌ട്രീയ പ്രവർത്തനങ്ങളോടൊപ്പം ചലച്ചിത്രരംഗത്തും കരുണാനിധി ചെറുപ്പം മുതലേ സജീവമായിരുന്നു. കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്‌ച്ചേഴ്‌സ് കമ്പനി അവരുടെ ചില പടങ്ങളില്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതാൻ കരുണാനിധിയെ നിയമിച്ചു. 1945 ൽ അവരുടെ ‘രാജകുമാരന്‍’ എന്ന പടത്തിനു കരുണാനിധി സംഭാഷണം എഴുതിയപ്പോള്‍ ആ ചിത്രത്തില്‍ നായകനായി അഭിനയിച്ചത് എംജിആർ. അദ്ദേഹത്തിന്റെ ആദ്യ സിനിമ. അന്ന് എംജിആർ ദ്രാവിഡകഴകം അംഗമായിരുന്നില്ല. കോൺഗ്രസ് രാഷ്‌ട്രീയത്തിലായിരുന്നു താല്‍പര്യം. 

കോയമ്പത്തൂരിനടുത്ത് രാമനാടു ഗ്രാമത്തിലെ ചെറിയ വീട്ടിലാണ് എംജിആർ താമസിച്ചിരുന്നത്. ശങ്കനല്ലൂർ എന്ന തൊട്ടടുത്ത ഗ്രാമത്തിലെ വീട്ടിൽ കരുണാനിധിയും. ശങ്കനല്ലൂരിൽ പ്ലേഗ് രോഗത്തിന്റെ ആക്രമണമുണ്ടായപ്പോൾ കരുണാനിധി തന്റെ കുടുംബാംഗങ്ങളെ നാട്ടിലേക്കു പറഞ്ഞയച്ചു താമസം എംജിആറിന്റെ വീട്ടിലേക്കു മാറ്റി. ആ വീട്ടിൽ ഒരുമിച്ചു താമസിക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും കൂടുതല്‍ അടുക്കുന്നത്. രാഷ്‌ട്രീയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൊടിപൊടിച്ചതോടെ ക്രമേണ എംജിആര്‍ ദ്രാവിഡ കഴകത്തിലേക്കാകർഷിക്കപ്പെട്ടു. കരുണാനിധിയുടെ തിരകഥകള്‍ എംജിആറിന്റെ താരമൂല്യമുയര്‍ത്തി. എംജിആറും കരുണാനിധിയും ചലച്ചിത്ര രംഗത്ത് ഒത്തു പ്രവർത്തിച്ചിരുന്ന ആദ്യ കാലഘട്ടങ്ങളിൽ തിരക്കഥയും മറ്റും എഴുതുന്നതിനു മോഡേൺ തിയറ്റേഴ്‌സ് കരുണാനിധിക്ക് പ്രതിമാസം 500 രൂപയും എംജിആറിന് ഒരു ചിത്രത്തിനു 3,000 രൂപയുമാണ് നല്‍കിയിരുന്നത്.

ചിത്രങ്ങളിൽ കരുണാനിധി >>

iruvar ‘ഇരുവർ’ ചിത്രത്തിൽ പ്രകാശ്‌രാജും മോഹൻലാലും.

‘ എംജിആറും സഹോദരൻ ചക്രപാണിയും കാശിലിംഗവും വീരപ്പയും ഞാനും ചേർന്നുണ്ടാക്കിയ മേഖല പിക്‌ചേഴ്‌സ് നിർമിച്ചതും ഇടതുപക്ഷ ചന്താഗതിക്ക് അത്യധികം പ്രാധാന്യം നൽകിയതുമായ ‘നാം’ എന്ന പടം ഞങ്ങളുടെ രാഷ്‌ട്രീയ വീക്ഷണത്തിന്റെ ദർശനമായിരുന്നു. ഇന്നും ഞാൻ പറയും ആ പടത്തിൽ അഭിനയിച്ചതുപോലെ അത്രമാത്രയും സുന്ദരമായും ശക്‌തമായും പന്നീട് ഒരു പടത്തിലും എംജിആർ അഭിനയിച്ചിട്ടില്ല.’ - എംജിആര്‍ മരിച്ചപ്പോള്‍ ഈറനണിഞ്ഞ കണ്ണുകളോടെ കരുണാനിധി ഓര്‍ത്തെടുത്തു.

ദ്രാവിഡ സൂര്യന് വിട, വിഡിയോ കാണാം

1953 ലാണ് എംജിആര്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ ചേർന്നത്. ഇതിനിടെ കൗതുകകരമായ ഒരു സംഭവമുണ്ടായി. ഡിഎംകെയിൽ ചേരുന്നതിനു മുൻപ് അണ്ണാദുരൈ എഴുതിയ ‘ശിവാജി കണ്ട ഹിന്ദു രാജ്യം’ എന്ന ഒരു നാടകത്തിനു നായകനായി അഭിനയിക്കാൻ എംജിആറിനെ ക്ഷണിച്ചു. എന്നാൽ എന്തുകൊണ്ടോ അവസാന നിമിഷത്തിൽ എംജിആർ പിൻമാറി. അവസാനം ഗണേശനെ (ശിവാജി ഗണേശൻ) തിരഞ്ഞെടുത്തു. 

ആ നാടകത്തിൽ ശിവാജിയുടെ വേഷം നിറഞ്ഞു നിന്നു. അന്നു ഗണേശന്റെ അഭിനയം കണ്ടു പെരിയോരാണ് ‘ശിവാജി’ എന്ന സ്‌ഥാനപ്പേരു ഗണേശനു നൽകിയത്. അങ്ങനെയാണു ഗണേശൻ ‘ശിവാജി ഗണേശ’നായത്. ആ നാടകത്തിൽ എംജിആർ അഭിനയിച്ചിരുന്നുവെങ്കിൽ ഗണേശന് ഈ ബഹുമതി ലഭിക്കുമായിരുന്നില്ല. 

കരുണാനിധി മുഖ്യമന്ത്രിയായതിനുശേഷമാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതും എംജിആര്‍ എഐഎഡിഎംകെ രൂപീകരിക്കുന്നതും. ജയലളിതയുടെ ഇടപെടലുകളാണ് ഇരുവരേയും അകറ്റിയതെന്നും, കരുണാനിധിയുടെ അധികാരമോഹമാണ് സൗഹൃദത്തെ തകര്‍ത്തതെന്നും ഇരുവാദങ്ങളുണ്ട്. ‘സുദീർഘമായ 40 വർഷം ഞങ്ങൾ, ഞാനും എംജിആറും ഇണക്കിളികളെപോലെ കഴിഞ്ഞു. അന്നു ഞങ്ങൾ ഞങ്ങളുടെ സുഖങ്ങളും ദുഃഖങ്ങളും കണ്ണീരും പുഞ്ചിരിയും വിജയവും തോൽവിയും ഉയർച്ചയും താഴ്‌ചയും പരസ്‌പരം പങ്കിട്ടു. പിൽക്കാലത്തു 14 വർഷക്കാലം ഞങ്ങൾ പരസ്‌പരം അകന്നു കഴിഞ്ഞു. ബന്ധങ്ങളെങ്ങനെയോ മുറിഞ്ഞു പോയി. അന്നു ഡൽഹിയിലുണ്ടായിരുന്ന ചിലരുടെ കറുത്ത കൈകളാണു ഞങ്ങളെ അകറ്റിയത്. ഞങ്ങൾക്കിടയിൽ പിളർപ്പ് ഉണ്ടാക്കിയത്’ - എംജിആറിന്റെ മരണശേഷം പത്രക്കാരെ കണ്ട കരുണാനിധി മനസുതുറന്നതിങ്ങനെ.

പിളര്‍പ്പിന് എന്തായിരുന്നു കാരണം? അതേക്കുറിച്ച് ഒരിക്കല്‍ കരുണാനിധി പറഞ്ഞു: ‘ 1971 ലെ തിരഞ്ഞെടുപ്പു കാലത്തു ഞാനും എംജിആറും തമിഴ്‌നാട് സ്‌റ്റേറ്റിനെ രണ്ടായി വിഭജിച്ചു പ്രചാരണം നടത്തി. ആകെയുള്ള 234 സീറ്റിൽ 155 സീറ്റും ഞങ്ങൾ നേടി. അതൊരു വമ്പിച്ച വിജയമായിരുന്നു. അത് ഇഷ്‌ടപ്പെടാത്ത കേന്ദ്ര നേതാക്കളാണു പാർട്ടിയിൽ പിളർപ്പുണ്ടാക്കിയത്.

PTI5_14_2011_000116A എംജിആറിന്റെ പ്രതിമയ്ക്കരികെ ജയലളിത.

‘‘എന്റെ മന്ത്രിസഭയിൽ അംഗമാകണമെന്ന് എംജിആറിന് ആഗ്രഹമുണ്ടായിരുന്നു. ഞാൻ സമ്മതിച്ചു. പക്ഷേ മന്ത്രി ആകണമെങ്കിൽ ചലച്ചിത്രാഭിനയം നിർത്തണമെന്നു ഞാൻ നിർദേശിച്ചു. സിനിമയിലെ അഭിനയവും മന്ത്രിസ്‌ഥാനവും ഒരേസമയം കൊണ്ടുനടക്കുന്നതു ശരിയല്ലെന്നു ഞാൻ പറഞ്ഞു. ഇത് എംജിആറിന് ഇഷ്‌ടപ്പെട്ടില്ല’’. – ശേഷമുള്ളത് ചരിത്രം. എംജിആര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി. മരിക്കുന്നതുവരെ അധികാരത്തില്‍ തുടര്‍ന്നു. നീണ്ട പതിനാല് വര്‍ഷം, എംജിആര്‍ മരിക്കുന്നതുവരെ ആ അകല്‍ച്ച തുടര്‍ന്നു.

അകല്‍ച്ച വര്‍ധിപ്പിച്ചത് ജയലളിതയുടെ ഇടപെടലുകളായിരുന്നു. എംജിആറും ജയലളിതയും തമ്മിലും അഭിപ്രായ ഭിന്നതയുണ്ടായി. ഒരിക്കൽ പിണങ്ങിപ്പിരിഞ്ഞ് അവർ കരുണാനിധിയുടെ ക്യാംപിലെത്തി. എംജിആറും കരുണാനിധിയും തമ്മിലുള്ള പോരു കൊടുമ്പിരിയിലായ കാലം. കലൈജ്ഞർ മതിമറന്നാഹ്ലാദിച്ചു. ജയലളിതയെ മുന്നിലിരുത്തി കരുണാനിധി എംജിആറിനു ഫോൺ ചെയ്തു. ‘‘തലൈവാ, നിന്റെ ഇദയക്കനി ഇതാ എന്റെ അരികിലിരിക്കുന്നു. ഇനി നിനക്കെന്തു ചെയ്യാൻ പറ്റും?’’

എംജിആറിനെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. അദ്ദേഹത്തിന് ഏറ്റവും വലിയ ക്ഷീണവും. അധികാരത്തിന്റെ വാൾപ്പയറ്റിനിടെ നായികതന്നെ ‘വില്ലനൊപ്പം’ പോയതിന്റെ വേദന. ഒരാഴ്‌ചയേ ജയലളിത കരുണാനിധിയുടെ ക്യാംപില്‍ ഉണ്ടായിരുന്നുള്ളൂ. എംജിആര്‍ ജയലളിതയെ തന്റെ പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടുവന്നു. കരുണാനിധിയുടെ സഹായം തേടേണ്ടിവന്നത് തന്റെ ജീവിതത്തിലെ വൻപരാജയമായി ജയലളിത നോക്കികണ്ടു. കലൈജ്ഞരോടുള്ള പക കൂടാനും അതുകാരണമായി എന്നു വിലയിരുത്തലുണ്ട്. 

എംജിആര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണരംഗത്തു വർധിക്കുന്ന അഴിമതി തടയാൻ സംസ്‌ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല എന്നു പരാതി ഉയർന്നു. ശ്രീലങ്കയിലെ വംശീയവിഷയത്തിൽ എംജിആർ ഏറെ രാഷ്‌ട്രീയം കളിച്ചു എന്നും ആക്ഷേപമുണ്ടായി. ഈ ‘അനുകൂല’ സാഹചര്യങ്ങൾ മുതലെടുക്കാൻ കരുണാനിധി തീരുമാനിച്ചു. അങ്ങനെയാണ് സിനിമ ജീവിതം തന്നെ എന്നു കരുതുന്ന തമിഴ് മക്കളെ കയ്യിലെടുക്കാൻ കരുണാനിധി ഒരിക്കൽ കൂടി തിരക്കഥാകൃത്തിന്റെ വേഷമണിഞ്ഞത്. 

‘നീതിക്കു ദണ്ഡനൈ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. തന്റെ കഥയിലൂടെ, ഭരിക്കുന്ന രാഷ്‌ട്രീയക്കാർക്കും ജനപ്രതിനിധികൾക്കുമെതിരെ അദ്ദേഹം വിമര്‍ശനം എയ്തു. കരുണാനിധിയുടെ രാഷ്‌ട്രീയ എതിരാളികൾ പല രൂപത്തിൽ ഇതിൽ കഥാപാത്രങ്ങളായി. രാഷ്‌ട്രീയ നേതാവെഴുതിയ ഈ രാഷ്‌ട്രീയ മസാല ചലച്ചിത്രം കാണാൻ തിയേറ്ററുകളിലേക്കു ജനം ഒഴുകി. ഈ ചിത്രത്തിനു പിന്നാലെ ‘മക്കൾ എൻപക്കം’ എന്ന മറ്റൊരു രാഷ്‌ട്രീയ ചിത്രവും പ്രദർശനത്തിനെത്തി. ഇതിനു പുറമെ പല രാഷ്‌ട്രീയ-അർധ രാഷ്‌ട്രീയ ചിത്രങ്ങളുടേയും പിന്നിൽ കരുണാനിധി പ്രവർത്തിച്ചു. എംജിആറിന് അപകടം മണത്തു. 

തിരിച്ചടിക്കുള്ള അവസരം പ്രതിപക്ഷം നിയമസഭയില്‍ തന്നെ സൃഷ്ടിച്ചു. നിയമസഭാംഗങ്ങളെ ചലച്ചിത്രങ്ങളിൽ മോശമായി ചിത്രീകരിക്കുന്ന പ്രവണത വളരുകയാണെന്ന് കോൺഗ്രസ് (ഐ)യിലെ എസ്. ത്യാഗരാജൻ സഭയുടെ ശ്രദ്ധയിൽപെടുത്തി. ഇതേത്തുടർന്ന് രാഷ്‌ട്രീയ ചിത്രങ്ങൾ നിരോധിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. തര്‍ക്കങ്ങളുണ്ടായി. തന്റെ മകന്‍ എം.കെ.മുത്തുവിനെ നായകനാക്കിയും കരുണാനിധി ചലച്ചിത്രങ്ങള്‍ നിര്‍മിച്ചു. എംജിആറിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ ജനം എംജിആറിനൊപ്പമായിരുന്നു. നിരാശനായ മുത്തു സിനിമ ഉപേക്ഷിച്ചു. പിന്നീട് ജയലളിതയുടെ ക്യാംപിലെത്തി.

ജീവിക്കാന്‍ മാര്‍ഗമില്ലെന്ന മുത്തുവിന്റെ അപേക്ഷയില്‍ അഞ്ചുലക്ഷം രൂപ ജയലളിത സഹായം നല്‍കിയെന്നതും മറ്റൊരു വേറിട്ട കഥ. രണ്ടുപേരുടേയും കഥയോട് സാദൃശ്യമുള്ള ചിത്രവും ഇറങ്ങിയിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’‍. എം.ജി.ആർ, ജയ, ഇപ്പോൾ കരുണാനിധി – തമിഴകരാഷ്ട്രീയം ഒരു ഭ്രമണം പൂര്‍ത്തിയാക്കുകയാണ്. ഇനി ദ്രാവിഡ രാഷ്ട്രീയത്തിൽ പിറക്കുന്നത് പുതുചരിത്രം.