Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീയെ താണ്ടിയ തമിഴുയിർ

karunanidhi-main

ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുലപതി സി.എൻ. അണ്ണാദുരൈ പത്രാധിപരായിരുന്ന പത്രത്തിലേക്കു വാക്കുകളിൽ തീ നിറച്ചൊരു ലേഖനമെത്തി. ബ്രാഹ്മണ്യത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെയുള്ള ചാട്ടുളി. അതു പ്രസിദ്ധീകരിച്ചതിനു പിന്നാലെ തുടരെത്തുടരെ ലേഖനങ്ങൾ. പക്ഷേ, ഒന്നും വെളിച്ചം കണ്ടില്ല. ഒടുവിൽ രോഷാകുലനായി പത്രമോഫീസിൽ പാഞ്ഞെത്തിയ എഴുത്തുകാരനെ കണ്ട് അണ്ണാ ഞെട്ടി. അതാ, നിൽക്കുന്നു മീശമുളയ്ക്കാത്ത സ്കൂൾ പയ്യൻ. തിളക്കമുള്ള ഭാവിയുണ്ടെന്നു കണ്ട് അണ്ണാ ഉപദേശിച്ചു, ‘പോയി പഠിക്ക് ആദ്യം.’ 

ആരു കേൾക്കാൻ ? വാശിയോടെ എഴുത്തുകാരൻ തന്റെ കയ്യെഴുത്തു മാസികയിലേക്കും തന്റെ സ്വന്തം ഇൻലൻഡ് പത്രത്തിലേക്കും ശ്രദ്ധയൂന്നി. ആദ്യതാൾ മുതൽ അവസാന താൾ വരെ സ്വന്തമായിട്ട് എഴുത്തോട് എഴുത്ത്; ചേരൻ എന്ന തൂലികാ നാമത്തിൽ. കുട്ടിപ്പത്രത്തിന്റെ കീർത്തി അണ്ണായുടെ പത്രത്തിനൊപ്പം വളർന്നപ്പോൾ, പഠിക്കാൻ പറഞ്ഞു വിട്ട അദ്ദേഹം തന്നെ തിരിച്ചുവിളിച്ചു, വാ, വന്നു കഴകത്തിനു വേണ്ടി പ്രവർത്തിക്ക്. 

അന്നു വന്ന വരവാണ് സാക്ഷാൽ മുത്തുവേൽ കരുണാനിധി. കൂട്ടുകാരുടെ മു.ക. ആരാധകരുടെ കലൈജ്‌ഞർ. പന്ത്രണ്ടാം വയസ്സിൽ അണ്ണായോട് എതിരിട്ട അതേ വാശിയായിരുന്നു എട്ടു പതിറ്റാണ്ടിനിപ്പുറം മരണം വരെ കരുണാനിധിയുടെ ശക്തി. 

karuna-periyor പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരും കരുണാനിധിയും

ഹിന്ദി ഒഴിക, തമിഴ് വാഴ്ക

ഈ മുദ്രാവാക്യവുമായി ഹിന്ദിവിരുദ്ധ പ്രക്ഷോഭം നയിച്ചു തെരുവിലേക്കു ചാടിയിറങ്ങുമ്പോൾ പ്രായം 14. രാജ്യം ശ്രദ്ധിച്ച വൻ സമരം. ഡാൽമിയ പുരമെന്ന് ഉത്തരേന്ത്യൻ ചുവയുള്ള സ്‌ഥലപ്പേര് ‘കല്ലാക്കുടി’ എന്നു പഴയ പേരിലേക്കു മാറ്റാനുള്ള സമരത്തെ തുടർന്നു ചെറുപ്രായത്തിലേ ജയിൽ വാസം. തമിഴ്നാടിനു സ്വതന്ത്രരാഷ്ട്ര പദവി വേണമെന്നാവശ്യപ്പെട്ട ദ്രാവിഡ കഴകം, ജാതി വ്യവസ്ഥയ്ക്കും ആചാരങ്ങൾക്കുമെതിരെ രംഗത്തെത്തി പുതിയ വിപ്ലവപാത തുറന്നു. ആ വീര്യം ഏറ്റുവാങ്ങിയ കരുണാനിധി താൻ യുക്തിവാദിയാണെന്നു പ്രഖ്യാപിച്ചു.

ക്ഷേത്രഗായക കുടുംബത്തിൽ നിന്നെത്തിയ താൻ ആചാരങ്ങളോട് ഇത്രയേറെ അകന്നതിനു പിന്നിൽ കുട്ടിക്കാലത്തെ വഴിപാടുകളുടെ ബാഹുല്യമാണെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു. ക‍ൃഷിക്കാരനായ അച്ഛൻ  തഞ്ചാവൂർ തിരുക്കുവളൈ മുത്തുവേലർ യാഥാസ്ഥിതികൻ. രണ്ടുഭാര്യമാരിലും മക്കളില്ലാതെ വിഷമിച്ചപ്പോൾ മൂന്നാമതു വിവാഹം ചെയ്തത് അഞ്ജുഗത്തെ. ഒട്ടേറെ നേർച്ചകൾ. ഒടുവിൽ അഞ്ജുഗത്തിന് ഉണ്ണി പിറന്നപ്പോൾ ദക്ഷിണാമൂർത്തിയിലെ കരുണാവാരിധിയായ ഭഗവാന്റെ പേരിട്ടു. കരുണാനിധിയുടെ കുട്ടിക്കാലം മുഴുവൻ നേർച്ചകൾ വീട്ടലായിരുന്നത്രേ. തലമൊട്ടയടിച്ചു നടക്കാനേ അനുവദിച്ചിരുന്നുള്ളു. അകലെയുള്ള സ്കൂളിലേക്കു‘സ്വാതന്ത്ര്യം’ തേടിപ്പോയ കരുണാനിധി ആദ്യം ചെയ്തതു കമ്മലുകൾ അഴിച്ചുകളയുകയായിരുന്നു. പക്ഷേ, തിരുവാരൂരിലെ സ്കൂളിലെ പ്രവേശനപ്പരീക്ഷയിൽ തോറ്റതോടെ തിരിച്ചുപോരേണ്ട സ്ഥിതിയായി. മടിച്ചില്ല, സ്കൂളിനടുത്ത കുളത്തിൽ ചാടുമെന്നു ഭീഷണി മുഴക്കി അഡ്മിഷൻ വാങ്ങി. മകനെ പാട്ടുപഠിപ്പിക്കാനുള്ള ശ്രമത്തിലും അച്ഛൻ പരാജയപ്പെട്ടു. കമ്പം എഴുത്തിലും ഏകാഭിനയത്തിലും. 

ആത്മാഭിമാന പ്രസ്ഥാനം

പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ആത്മാഭിമാനപ്രസ്ഥാനം കത്തിനിൽക്കുന്ന കാലം. തൊട്ടുകൂടായ്മയോടുള്ള വെറുപ്പ് കരുണാനിധിയെ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചു. അതിനിടെ, ജസ്റ്റിസ് പാർട്ടി നേതാവ് അഴഗിരിസ്വാമിയുടെ പ്രസംഗം കേട്ടതോടെ രാഷ്ട്രീയ വീര്യമുയർന്നു. സഹപാഠികളെ കൂട്ടുപിടിച്ച് ‘മാനവർ നേശൻ’ മാസിക തുടങ്ങി. ഇതിനിടെ പഠനം ഉഴപ്പി, മൂന്നുവട്ടം പരീക്ഷയെഴുതിയിട്ടും തോറ്റു. വീട്ടിൽ പിടിച്ചു നിർത്താൻ ശ്രമിച്ച മാതാപിതാക്കളെ പട്ടാളത്തിൽ ചേരുമെന്നു പറഞ്ഞു പേടിപ്പിച്ചു. കരുണാനിധിയുടെ നേതൃത്വത്തിൽ അക്കാലത്ത് ജനപ്രീതിയാർജിച്ച ഇൻലൻഡ് മാസിക ‘മുരശൊലി’യാണ് ഇന്നത്തെ ഡിഎംകെ മുഖപത്രമായി വളർന്നത്. 

karuna-annadurai കരുണാനിധിയും അണ്ണാദുരൈയും

‘അണ്ണാ’യുടെ തമ്പി

പെരിയോർ രൂപീകരിച്ച ദ്രാവിഡാർ കഴകത്തിന്റെ (ഡികെ) നട്ടെല്ലായിരുന്ന അണ്ണാദുരൈ, പിണങ്ങിമാറി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പിറന്നത് 1949ൽ.  ഡികെ വിട്ടു കരുണാനിധിയും പിന്നാലെയെത്തി, അണ്ണന്റെ നല്ലതമ്പിയായി. യുവവിഭാഗം ‘തമിഴ് മാനവർ മൺറം’ രൂപീകരിച്ചു. അണ്ണായുടെ കുറിക്കു കൊള്ളുന്ന പ്രസംഗ ശൈലി കണ്ടു പഠിച്ച കരുണാനിധി, വായനയിലൂടെ വാക്കിനു മൂർച്ച കൂട്ടി. തമിഴ് ജനതയ്ക്കുമേൽ സിനിമയ്ക്കുള്ള സ്വാധീനം ശരിക്കറിഞ്ഞ അണ്ണാ തന്നെ കരുണാനിധിയെ സിനിമയെഴുത്തിലേക്ക് നയിച്ചു. ഡിഎംകെ ട്രഷററായിരിക്കെ 1967ലെ തിരഞ്ഞെടുപ്പ് ഫണ്ടു പിരിവ് കരുണാനിധിയുടെ നേതൃത്വത്തിൽ. ശേഖരിച്ചതു 11 ലക്ഷം. അന്ന് അണ്ണാ വിശേഷിപ്പിച്ചതു ദേശീയ മാധ്യമങ്ങളിൽ വരെ ശ്രദ്ധനേടി, ‘ മിസ്റ്റർ 11 ലാഖ്’.

അണ്ണാ മരിച്ചപ്പോൾ 1969ൽ ആദ്യമായി മുഖ്യമന്ത്രി പദത്തിലേക്ക്. രാജ്യചരിത്രത്തിലെ ആദ്യത്തെയും അതിശക്തവുമായ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധിപനായുള്ള വളർച്ച അവിടെ നിന്ന്. അണ്ണാ തമിഴ്നാട്ടിൽ മാത്രം നേതാവായപ്പോൾ, ദേശീയ രാഷ്ട്രീയത്തിലേക്കും കടന്നു ചെന്ന തമ്പി, പലപ്പോഴും കേന്ദ്രഭരണത്തിൽ നിർണായക ശക്തിയായി. 

indira-kamaraj-karuna കാമരാജ്, ഇന്ദിരാഗാന്ധി എന്നിവരോടൊത്ത് കരുണാനിധി

തിരിച്ചുവരവുകളുടെ ആശാൻ

1989– മൂന്നാമതും തമിഴ്നാട് മുഖ്യമന്ത്രിയായ കരുണാനിധി അക്ഷരാർഥത്തിൽ വൻ തിരിച്ചുവരവാണു നടത്തിയത്. എംജിആർ പ്രഭയിൽ തിളക്കം മങ്ങി 13 വർഷമായിരുന്നല്ലോ രാഷ്ട്രീയ വനവാസം. സ്വപ്നപദ്ധതിയായിരുന്ന തിരുവള്ളുവർ സ്മാരകം ‘വളളുവർ കോട്ട’ത്തിനു തറക്കല്ലിട്ടതു 1974ൽ രണ്ടാം വട്ടം മുഖ്യമന്ത്രിയായിരിക്കെ. പക്ഷേ, 1976ൽ ഉദ്ഘാടന സമയത്തു ഡിഎംകെ സർക്കാർ തന്നെയില്ല, അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി പിരിച്ചുവിട്ടു. തന്റെ പദ്ധതി രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഉദ്ഘാടനം ചെയ്യുമ്പോൾ കരുണാനിധി ശപഥം ചെയ്തു– ഇനി മുഖ്യമന്ത്രിയായിട്ടല്ലാതെ വള്ളുവർ കോട്ടത്തിലേക്കില്ല. 

 അത് പൂർത്തീകരിച്ച 1989ൽ അദ്ദേഹം പ്രസംഗിച്ചു. ‘‘13 വർഷം കാട്ടിൽ കഴിഞ്ഞ രാമൻ തിരിച്ചുവന്നിരിക്കുന്നു. ഇത് 20ാം നൂറ്റാണ്ടിലെ രാമായണം.’’ 

പഴയ കൂട്ടുകാരന്‍ എംജിആര്‍ 1977 മുതൽ 1987ൽ മരിക്കും വരെ തുടർച്ചയായി മുഖ്യമന്ത്രിക്കസേരയിലിരുന്നപ്പോൾ, ഡിഎംകെയുടെ കേഡർ സംവിധാനം ശക്തിപ്പെടുത്തി കാത്തിരിക്കുകയായിരുന്നു കരുണാനിധി. എംജിആർ മന്ത്രിസഭയ്ക്കെതിരെ അഴിമതി ആരോപണങ്ങളുമായി പലപ്പോഴും രംഗത്തുവന്നെങ്കിലും വോട്ടാക്കാൻ കഴിഞ്ഞില്ല. 

karuna-vajpayee-nayanar എ.ബി. വാജ്പേയി, ഇ.കെ. നായനാർ എന്നിവരോടൊത്ത് കരുണാനിധി

അതിനിടെ, 1986ൽ ഔദ്യോഗിക കാര്യങ്ങളിൽ ഹിന്ദി നിർബന്ധമാക്കണമെന്ന കേന്ദ്ര ഉത്തരവ് വന്നതോടെ വീണ്ടും ഹിന്ദിവിരുദ്ധസമരം പയറ്റി. അന്നു ഭരണഘടനാഭാഗം കത്തിച്ചതിനു 10 ആഴ്ച കഠിന തടവ്. ഹിന്ദിയെ അപമാനിച്ചെന്ന പേരിൽ യുപി നിയമസഭയിൽ കരുണാനിധിക്കെതിരെ അവകാശ ലംഘന പ്രമേയം വന്നതും അപൂർവത. യുപിയിലെ ഔദ്യോഗിക ഭാഷയെ അപമാനിച്ചതു നിയമസഭയെ അപമാനിക്കുന്നതു തുല്യമെന്നായിരുന്നു വാദം. 

എംജിആറിനു ശേഷം ഭാര്യ ജാനകിയും ജയലളിതയും തമ്മിലടിച്ച്  അണ്ണാ ഡിഎംകെ വീണപ്പോഴാണു കരുണാനിധി വീണ്ടും മുഖ്യമന്ത്രിയായത്. പക്ഷേ, മാസങ്ങൾക്കകം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ പോലും ജയിക്കാനാകാതെ തലകുനിഞ്ഞു; അടുത്ത തിരിച്ചടി. 

1989ൽ ജയലളിതയ്ക്കുനേരെ നിയമസഭയിൽ ഡിഎംകെ പ്രവർത്തകർ കാട്ടിയ അതിക്രമവും നിറം കെടുത്തി. മൂന്നാം ഭാര്യ രാജാത്തി അമ്മാളിനെക്കുറിച്ചു നിയമസഭയിൽ ചോദ്യമുയർന്നതും ആയിടയ്ക്കാണ്. ‘ എന്റെ മകൾ കനിമൊഴിയുടെ അമ്മ’ എന്നായിരുന്നു കരുണാനിധിയുടെ മറുപടി.

ഒടുവിൽ 1991ൽ കേന്ദ്രത്തിലെ ചന്ദ്രശേഖർ സർക്കാർ ഡിഎംകെ സർക്കാരിനെ പിരിച്ചുവിട്ടു; എൽടിടിഇ ബന്ധമുണ്ടെന്നായിരുന്നു ആരോപണം. 

1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി വീണ്ടും, ഡിഎംകെയിൽ ജയിച്ചത് മു.ക.മാത്രം. കരുണാനിധിയുടെ വാട്ടർലൂ എന്നു വിധിയെഴുതിയവർക്കു മുന്നിലേക്ക് 1996ൽ അണ്ണാ ഡിഎംകെയെ ഏഴുസീറ്റിലേക്കു നിലംപരിചാക്കി വീണ്ടും തിരിച്ചുവരവ്; നാലാംവട്ടം മുഖ്യമന്ത്രി. 1994ൽ ഡിഎംകെ പിളർത്തി വൈകോ രൂപീകരിച്ച എംഡിഎംകെയ്ക്കും മറുപടി നൽകിയ തിരഞ്ഞെടുപ്പ്. 

2001ൽ തോൽവി. അഴിമതി ആരോപണങ്ങളും അറസ്റ്റും നേരിട്ട അഞ്ചുവർഷത്തിനു ശേഷം വീണ്ടും 2006ൽ മുഖ്യമന്ത്രി. സംസ്ഥാനത്തിൽ അധികാരത്തിൽനിന്ന് അകന്നുനിന്ന 2004ൽ കോൺഗ്രസുമായി കൈകോർത്തു കേന്ദ്രത്തിൽ യുപിഎ സർക്കാരിലേക്ക്. 

karuna-mgr-shivaji-jaya ശിവാജി ഗണേശൻ, കരുണാനിധി, എംജിആർ, ജയലളിത

തന്ത്രങ്ങളുടെ തുറുപ്പുചീട്ട് 

എപ്പോഴാണു വൈകാരികമായി പ്രതികരിക്കേണ്ടതെന്നു കരുണാനിധിക്കു നന്നായി അറിയാം. പാർട്ടിയിൽ വൈകോയുടെ നേതൃത്വത്തിൽ വിഭാഗീയത രൂക്ഷമായപ്പോൾ 1993ൽ പ്രഖ്യാപിച്ചു, ‘ഞാൻ സജീവ രാഷ്ട്രീയം വിടുന്നു’. അണികൾ ഇളകി, പാർട്ടിയിൽ ഒരു വിഭാഗം വൈകോയോടൊപ്പം പോയപ്പോഴും അടുത്ത തിരഞ്ഞെടുപ്പിൽ ജയം കരുണാനിധിക്കൊപ്പം. 2001ലും രാഷ്ട്രീയ സന്യാസത്തിന്റെ സൂചന നൽകിയ അദ്ദേഹം,  പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ഒഴിവാകുകയും ചെയ്തു.

PTI3_18_2013_000257B എ.കെ. ആന്റണിയോടൊത്ത്.

 നിർബന്ധങ്ങളും സമ്മർദങ്ങളും മൂർധന്യത്തിലെത്തിയപ്പോൾ തീരുമാനം പിൻവലിച്ചു, അടുത്ത തിരഞ്ഞെടുപ്പിൽ ജയിച്ചു. 1983ൽ ശ്രീലങ്കൻ വിഷയം ഉന്നയിച്ചു നിയമസഭാംഗത്വം രാജിവച്ചതും തമിഴ് വികാരം ഉയർത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. തമിഴ്നാട്ടുകാരുടെ ഏറ്റവും വലിയ വികാരമായ രജനീകാന്തിനെ 1996ലെ തിരഞ്ഞെടുപ്പിൽ ജയയ്ക്കെതിരെ ഉപയോഗപ്പെടുത്തിയതും രാഷ്ട്രീയ മിടുക്ക്. 

2009ൽ ലങ്കയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു മിന്നൽ നിരാഹാരം പ്രഖ്യാപിച്ചപ്പോൾ, അതുവരെ കളം നിറഞ്ഞുനിന്ന സകലരും നിഷ്പ്രഭരായി. എതിരാളികൾ പോലും അപ്പോൾ അടക്കം പറഞ്ഞു, ഇതാണ് തമിഴകത്തിന്റെ ചാണക്യൻ. തുറുപ്പുചീട്ട് എപ്പോൾ ഇറക്കണമെന്ന് അദ്ദേഹത്തിനറിയാം!

PTI5_6_2016_000042A സോണിയാ ഗാന്ധിയുമൊത്ത്.

മാറിമറിഞ്ഞ് നിലപാടുകൾ

ദ്രാവിഡത്വവും നാസ്തിക നിലപാടുകളുമായി രംഗത്തെത്തിയ ഡിഎംകെ, അങ്ങനെ മാത്രം മുന്നോട്ടുപോയാൽ വളരില്ലെന്നു കരുണാനിധി കണക്കുകൂട്ടി. ആചാരങ്ങൾക്കൊന്നും പോയില്ലെങ്കിലും അവയിൽ വിശ്വസിക്കുന്നവർക്കു താൻ എതിരല്ലെന്നു പ്രഖ്യാപിച്ചത് ആദ്യമാറ്റം. ബ്രാഹ്മണർക്കല്ല, ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണമേധാവിത്തത്തിനുമാണ് എതിരെന്നും നിലപാട് മയപ്പെടുത്തി. 

അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ ജനതാ പാർട്ടിക്കൊപ്പം നിന്ന ഡിഎംകെ, 1980ൽ കോൺഗ്രസിനൊപ്പമായി. (ഇതേ കോൺഗ്രസാണു തന്റെ സർക്കാരിനെ പിരിച്ചുവിട്ടതെന്നു സൗകര്യപൂർവം മറന്നു. ) ആ സഖ്യം എംജിആർ സർക്കാരിന്റെ പിരിച്ചുവിടലിലാണു കലാശിച്ചത്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിലും എംജിആർ തന്നെ ജയിച്ചതോടെ കോൺഗ്രസ്– ഡിഎംകെ കൂട്ട് പൊളിഞ്ഞു. കോൺഗ്രസ് അണ്ണാ ഡിഎംകെയുമായി അടുക്കുകയും ചെയ്തു. 

karuna-VP-singh വി.പി.സിങ്ങിനൊപ്പം.

രാജീവ് ഗാന്ധിയുടെ കാലത്തു വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടപ്പോൾ കരുണാനിധിയും ഒപ്പം ചേർന്നു. ദേശീയ മുന്നണിയുടെ ഭാഗമായി ‘ഹിന്ദി നേതാക്കൾക്കൊപ്പം’ വേദിപങ്കിട്ടു പ്രായോഗികതയുടെ പാഠം തുറന്നു. 

തമിഴ് മാനില കോൺഗ്രസുമായി ചേർന്ന് 1996ൽ തമിഴ്നാട്ടിൽ വിജയം കൊയ്ത ഡിഎംകെ, ദേശീയ രാഷ്ട്രീയത്തിലും കൂടുതൽ സജീവമായി. പിൽക്കാലത്ത് ഇടതുപാർട്ടികളും മറ്റും അണ്ണാ ഡിഎംകെയോട് അടുപ്പം കാട്ടിയപ്പോൾ ഡിഎംകെ അവരുടെ കൂട്ട് വിട്ടു. 

PTI6_30_2012_000136B മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കൊപ്പം.

അന്ന്, തിരഞ്ഞെടുപ്പ് നേട്ടത്തേക്കാൾ കരുണാനിധി തൂക്കിനോക്കിയതു രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള നിലനിൽപ്. ബിജെപിയുമായി അടുത്ത ഡിഎംകെ വീണ്ടും കേന്ദ്രഭരണത്തിൽ പങ്കാളികളായി; ഇളിഭ്യരായതു മറുപക്ഷം. 2004ൽ ഡിഎംകെയെ തിരസ്കരിച്ച് അണ്ണാ ഡിഎംകെയെ ഒപ്പം നിർത്തിയ ബിജെപിയും ഇതുപോലെ ഇളിഭ്യരായി. ഡിഎംകെയുമായി സഖ്യം സ്ഥാപിച്ച കോൺഗ്രസാണു കേന്ദ്രഭരണം പിടിച്ചത്. ഒൻപതു വർഷത്തെ കൂട്ടുകെട്ട് പിരിഞ്ഞത് 2013ൽ. 

തലൈവരോടു പിണങ്ങിപ്പോയ വൈകോ പിന്നീടൊരിക്കൽ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ പുരോഗമന സഖ്യത്തിന്റെ (ഡിപിഎ) ഭാഗമായതും ചരിത്രം.