Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുറിവുണക്കാൻ ബജറ്റ് മരുന്ന്

Arun Jaitley

പരുക്കുണക്കണം. തിരഞ്ഞെടുപ്പു സ്വപ്നങ്ങൾ കൈവിടാനും വയ്യ. നോട്ട് പിൻവലിക്കലിന്റെ പരുക്ക് ഉണക്കുന്നതിനുള്ള ഒറ്റമൂലിയൊന്നും രാജ്യവും അദ്ദേഹത്തിന്റെ പാർട്ടിയും പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല. നോട്ട് പിൻവലിക്കലിനെ ബജറ്റിലുടനീളം ന്യായീകരിച്ചപ്പോഴും പരുക്കുകളില്ല എന്ന് അദ്ദേഹം പറഞ്ഞുമില്ല. മുറിവിന്റെ വേദനകൾ ബജറ്റ് വർഷത്തിന് അപ്പുറത്തേക്കു പോകില്ല എന്ന ഉറപ്പു മാത്രമാണ് അദ്ദേഹം നൽകിയത്. ഇതൊക്കെയാണെങ്കിലും, രാജ്യം പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ നോക്കിയത്. രോഗിയുടെ പ്രതീക്ഷ വൈദ്യനിലാണ്. വൈദ്യന്റെ കയ്യിൽ എന്തെങ്കിലുമൊക്കെ മരുന്നുകളുണ്ടാകുമെന്ന പ്രതീക്ഷയാണ് രോഗിയെ നിലനിർത്തുന്നത്.

തിരഞ്ഞെടുപ്പിനുവേണ്ടി കൈവിട്ടുകളിക്കാനൊന്നും പക്ഷേ ജയ്റ്റ്ലി തയാറായില്ല. മൂന്നു ദിവസത്തിനപ്പുറം ആരംഭിക്കുന്ന, സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനുവേണ്ടി പെട്ടെന്നു മുതലാക്കാൻ പറ്റുന്ന എന്തെങ്കിലും പദ്ധതികൾ ജയ്റ്റ്ലിയിൽനിന്നുണ്ടാകുമെന്ന് രാജ്യം കരുതി. പക്ഷേ, പരുക്കേറ്റ് തളർന്നുനിൽക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ മുറിവേൽപ്പിക്കാൻ അദ്ദേഹം മുതിർന്നില്ല എന്നുവേണമെങ്കിൽ പറയാം. കാർഷിക മേഖലയ്ക്ക് 10 ലക്ഷം കോടി രൂപ വായ്പ അനുവദിക്കും എന്നുള്ളത് തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നടപടി എന്നു വേണമെങ്കിൽ പറയാം. പ്രധാനമന്ത്രി മുൻപ് പ്രഖ്യാപിച്ച പലിശ ഇളവ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. കാർഷിക വായ്പയ്ക്ക് രണ്ടുമാസത്തെ പലിശ ഇളവ് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ, ജലസേചനത്തിനായി 40000 കോടി രൂപ നീക്കിവച്ചു. മുൻബജറ്റിൽ ഇത് 20000 കോടി രൂപയായിരുന്നു.

ചെലവഴിക്കാൻ ജനത്തിന്റെ കയ്യിൽ പണം ഇല്ലാതെയായി എന്നതാണ് നോട്ട് അസാധുവാക്കലിലൂടെ സംഭവിച്ചത്. സ്വാഭാവികമായും നിർമാണമേഖലയും തൊഴിൽ മേഖലയും കാർഷിക മേഖലയുമെല്ലാം തളർന്നു. തളർച്ചയിലായ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവു നൽകാൻ പണം വിപണിയിലേക്ക് ഒഴുക്കണം. ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ പണമിറക്കുകയാണ് ഇതിനുള്ള എളുപ്പവഴി. 3,96,135 കോടി രൂപയാണ് ഈ മേഖലയ്ക്കായി ബജറ്റിൽ മാറ്റിവച്ചിട്ടുള്ളത്. റോഡുകളും പാലങ്ങളും നിർമിക്കാൻ തൊഴിലാളികൾ വേണം. അത് തൊഴിലവസരം കൂട്ടും. തൊഴിലാളികളുടെ കയ്യിൽ പണമെത്തുന്നത് അവന്റെ ക്രയശേഷി കൂട്ടും വിപണിയിൽ പണമെത്തും. കച്ചവടം പൊടിപൊടിക്കും. വിപണി വീണ്ടും തളിർത്തു പൂക്കും. 3500 കിലോമീറ്റർ റെയിൽവേ ലൈനാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രഖ്യാപനം. ഇതും പണം വിപണിയിലെത്തിക്കാൻ സഹായിക്കും എന്നു കരുതാം.

കുറഞ്ഞത് 100 തൊഴിൽദിനങ്ങളെങ്കിലും തൊഴിലുറപ്പ് പദ്ധതിയിൽ ഉറപ്പാക്കും എന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. 48000 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുമുണ്ട്. മുൻവർഷത്തേക്കാൾ 10000 കോടി രൂപ അധികമാണിത്. ഗ്രാമീണ, കാർഷിക മേഖലയ്ക്കായി 1,87, 223 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 24% അധികമാണിത്. ഒരേ സമയം വോട്ടും വികസനവും ലക്ഷ്യംവച്ചുള്ള നീക്കമാണ് ധനമന്ത്രി ഇതിലൂടെ നടത്തിയത് എന്നു വേണമെങ്കിൽ പറയാം. തിരഞ്ഞെടുപ്പ് നടക്കുന്ന യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങവിലെല്ലാം കൃഷിയാണ് പ്രധാന മേഖല. കർഷകരെ കയ്യിലെടുത്താലേ കാര്യമുള്ളൂ എന്നു ധനമന്ത്രിക്കറിയാം.

ആദായനികുതി ഇളവുകളിലും ധനമന്ത്രി ചെയ്തത് ഇതുതന്നെ അ‍ഞ്ചുലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ നികുതി 10 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമാക്കി കുറച്ചു. ഉയർന്ന വരുമാനക്കാരന്റെ വരുമാനത്തിന് സർച്ചാർജ് ചുമത്തുകയും ചെയ്തു. ഇടത്തരക്കാരനാണ് എണ്ണത്തിൽ കൂടുതൽ എന്ന സത്യം തിരിച്ചറിഞ്ഞുള്ള നീക്കമാണ് ധനമന്ത്രി നടത്തിയത്.
ഇതിലധികം കൈവിട്ടുകളിക്കാൻ ധനമന്ത്രിക്ക് ആകുമായിരുന്നില്ല എന്നുള്ളതാണ് സത്യം. വലിയ സ്വപ്നങ്ങൾ കണ്ടാണ് നോട്ട് അസാധുവാക്കലിന് ഇറങ്ങിത്തിരിച്ചത്. അതുപക്ഷേ, വിപരീത ഫലമാണ് ഉണ്ടാക്കിയത്. എണ്ണവില കൂടുകയാണ്. എണ്ണ വാങ്ങാനുള്ള പണം പെട്ടിയിൽ സൂക്ഷിക്കണം. തിരഞ്ഞെടുപ്പുകൾ ഇനിയും വരും. ഈയൊരു തിരഞ്ഞെടുപ്പ് മാത്രം കണ്ട് കൈവിട്ടുകളിച്ചാൽ പണി പാളും. 2019ൽ ആണ് വലിയ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. അതിനു മുൻപ് ഒരു പൂർണ ബജറ്റുകൂടി അവതരിപ്പിക്കാൻ സമയം കിട്ടും. അപ്പോഴേക്കും കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടും. അപ്പോഴാകാം കൈവിട്ടുകളി.

related stories
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.