Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളവു പ്രഖ്യാപനത്തിനിടയിലും പ്രതീക്ഷിച്ചതു കിട്ടാതെ ആദായനികുതിദായകർ

Arun Jaitley

ആദായ നികുതി പരിധി ഉയർത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായെങ്കിലും നികുതിദായകരുടെ പ്രതീക്ഷകൾ അപ്പാടെ തല്ലിക്കെടുത്താൻ ധനമന്ത്രി മുതിർന്നില്ല. നികുതിദായകർക്കു വേണ്ടിയുള്ളതായിരിക്കും നാലാം ബജറ്റെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും പക്ഷേ, വാഗ്ദാനങ്ങൾ പൂർണമായി പാലിച്ചെന്നു പറയാനാകില്ല.

ആദായ നികുതിയിളവിന്റെ വരുമാന പരിധി 2.5 ലക്ഷത്തിൽതന്നെ നിലനിർത്തിയെങ്കിലും റിബേറ്റ് കൂടി ഉള്ളതിനാൽ ഫലത്തിൽ മൂന്നുലക്ഷം വരെയുള്ളവർ ആദായനികുതി പരിധിയിൽനിന്ന് ഒഴിവായി എന്നു പറയാം. അഞ്ചു ലക്ഷം വരെ വരുമാനമുള്ളവർക്ക് ഇനി ആദായ നികുതി അഞ്ചു ശതമാനം നൽകിയാൽമതി എന്നതാണ് എടുത്തപറയാവുന്ന നേട്ടം. ഇത് നികുതി ദായകരിൽ എത്ര ശതമാനം വരും എന്ന കാര്യ വ്യക്തമല്ല. അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായികുതിയിൽ നൽകിയിരുന്ന 5000 രൂപ ഇളവ് 2500 രൂപയായി കുറയ്ക്കുകും ചെയ്തു.

മൂന്നു മുതൽ അഞ്ചുലക്ഷം വരെയുള്ള വരുമാനക്കാർക്ക് ലഭിക്കുന്ന നികുതി ഇളവ് അപ്രതീക്ഷിത ആനുകൂല്യമാണ്. അഞ്ചുലക്ഷം രൂപവരെയുള്ളവർക്ക് നികുതി കുറച്ചതുവഴി 12,500 രൂപ വരെ നികുതി എല്ലാ വരുമാനക്കാർക്കും കുറയും. ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനത്തോടെയാണ് മൂന്നു വർഷം മുൻപ് മോദി സർക്കാർ അധികാരമേറ്റത്.

അതേസമയം അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 20 ശതമാനമായി തുടരും. പത്തു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 30 ശതമാനം നികുതി നൽകണം. 50 ലക്ഷം മുതൽ ഒരു കോടി വരുമാനമുള്ളവർക്ക് 10 ശതമാനം സർച്ചാർജ് നൽകിക്കൊണ്ട് ധനികരുടെ സർക്കാരെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കും ജെയ്റ്റ്ലി ബജറ്റിൽ മറുപടി പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള നികുതി 25 ശതമാനമാക്കി കുറച്ചതും നേട്ടമാണ്.

ആദായ നികുതി റിട്ടേണുകളുടെ സങ്കീർണത കുറയ്ക്കാനുള്ള നടപടികൾ ഇനിയുമുണ്ടാകുമെന്നും ബജറ്റിൽ വാഗ്ദാനമുണ്ട്. അഞ്ചു ലക്ഷം വരെ വരുമാനമുള്ളവർക്ക് ഒരു പേജ് മാത്രമുള്ള ആദായനികുതി റിട്ടേൺ ഫോമിനെ പറ്റി ചിന്തിക്കുന്നതായും ജെയ്റ്റ്ലി വെളിപ്പെടുത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.