Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതി

train

കൊച്ചി∙ അപകടങ്ങൾ കുറയ്ക്കാനായി അഞ്ചു വർഷങ്ങളിലായി ഒരു ലക്ഷം കോടി രൂപയുടെ സുരക്ഷാ നിധി രൂപീകരിക്കാനുള്ള പ്രഖ്യാപനം വർഷങ്ങളായി ഈ മേഖലയിലുണ്ടായ നിക്ഷേപ കുറവിനു പരിഹാരമാകും. പാത നവീകരണം, പാലങ്ങൾ ബലപ്പെടുത്തൽ എന്നിവയാക്കായിരിക്കും പണം പ്രധാനമായും ചെലവഴിക്കുക. കോച്ച് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ഏക ജാലക സംവിധാനം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും യാത്രക്കാരെ സംബന്ധിച്ചു വലിയ നേട്ടമാണ്. നിലവിൽ വിവിധ പരാതികൾ പരിഹരിക്കാൻ കേന്ദ്രീകൃത സംവിധാനമില്ലാത്തതു യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.

ഐആർസിടിസി വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കു ഏപ്രിൽ ഒന്നു മുതൽ സർവീസ് ചാർജ് ഒഴിവാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് ഏറെ സഹായകമാകും. നിലവിൽ ഈയിനിത്തിൽ കാര്യമായ നഷ്ടമാണ് യാത്രക്കാർക്കുണ്ടായിരുന്നത്.ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർവീസ് ചാർജ് ഒഴിവാക്കാണമെന്നു ഒട്ടേറെ തവണ നിർദേശമുയർന്നിരുന്നെങ്കിലും റെയിൽവേയും ഐആർസിടിസിയും ഇതിനു വഴങ്ങിയിരുന്നില്ല. അതിനാണു ഇപ്പോൾ മാറ്റം വരുന്നത്.

നഷ്ടപ്പെട്ട ചരക്ക് ഗതാഗതം തിരിച്ചു പിടിക്കാനായി എൻഡ് ടു എൻഡ് സർവീസുകളാണ് റെയിൽവേയുടെ പുതിയ വാഗ്ദാനം. ഇത് റെയിൽ വഴിയുള്ള ചരക്ക് നീക്കം വർധിപ്പിക്കും. സ്റ്റേഷനുകളിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കം സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചെങ്കിലും നടപ്പായിരുന്നില്ല. പ്രധാന സ്റ്റേഷനുകളിൽ മാലിന്യം സംസ്കരണ പ്ലാന്റുകൾ ഈ വർഷം നിലവിൽ വരും. 2020നുള്ളിൽ ആളില്ലാ ലെവൽ ക്രോസുകൾ പൂർണമായും ഒഴിവാക്കാനുള്ള നിർദേശവും ആവർത്തനമായി മാറി. കേരളത്തിൽ ഇത്തരം ലെവൽ ക്രോസുകൾ ഏറെക്കുറെ ഒഴിവാക്കി കഴിഞ്ഞു.

തീർഥാടനത്തിനും ടൂറിസത്തിനും പ്രത്യേക ട്രെയിനുകൾ എന്ന പഴയ ബജറ്റ് വാഗ്ദാനം ആവർത്തിച്ചപ്പോൾ സോളർ വൈദ്യുതി ഉൽപാദനം 7000 സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുമെന്നതാണ് പുതിയ വാഗ്ദാനങ്ങളിലൊന്ന്. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം നീക്കി വെയ്ക്കുമെന്നതു പ്രതീക്ഷ പകരുന്നു. സംയുക്ത സംരഭങ്ങൾക്കായി റെയിൽവേ ഒൻപത് സംസ്ഥാനങ്ങളുമായി കരാർ ഒപ്പു വെച്ചിട്ടുണ്ടെന്നും 70 പദ്ധതികൾ ഇതുവഴി നടപ്പാക്കുമെന്ന പ്രഖ്യാപനം കേരളത്തിനു ഗുണം ചെയ്യും. എട്ടോളം പദ്ധതികളാണ് ഇത്തരത്തിൽ നടപ്പാക്കാൻ കേരളം ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം - ചെങ്ങന്നൂർ സബേർബൻ പദ്ധതിയാണ് ഇതിലാദ്യം.

പൊതുബജറ്റിനൊപ്പം റെയിൽവേ ബജറ്റ് ലയിപ്പിച്ചതിനാൽ വിവിധ റെയിൽവേ പദ്ധതികൾക്കുള്ള വിഹിതം സംബന്ധിച്ച വിശദമായ കണക്കുകൾ പുറത്തു വന്നിട്ടില്ല. വൈകുന്നേരത്തോടെ റെയിൽവേ മന്ത്രാലയം ഇത് പുറത്തു വിടുമെന്നാണു പ്രതീക്ഷ. കേരളത്തിന് എത്ര കോടി രൂപയാണു വിവിധ പദ്ധതികൾക്കു ലഭ്യമായതെന്നു അപ്പോൾ വ്യക്തമാകും.

Your Rating: