Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസ്: യാസിൻ ഭട്‌കൽ ഉൾപ്പെടെ അഞ്ചു പേർക്ക് വധശിക്ഷ

FILES-INDIA-UNREST-BLASTS ഹൈദരാബാദിൽ സ്ഫോടനം നടന്നയിടങ്ങളിലൊന്ന് (ഫയൽ ചിത്രം) ഇൻസെറ്റിൽ യാസിൻ ഭട്കൽ.

ഹൈദരാബാദ് ∙ ദിൽസുഖ് നഗർ ഇരട്ട‌ സ്ഫോടനക്കേസിൽ യാസിൻ ഭട്കൽ അടക്കം അഞ്ച് ഇന്ത്യൻ മുജാഹിദീൻ ഭീകരർക്കു വധശിക്ഷ. ദേശീയ കുറ്റാന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.

ഇന്ത്യൻ മുജാഹിദീൻ സ്ഥാപകരിൽ ഒരാളായ യാസിൻ ഭട്കൽ, അസദുല്ല അഖ്തർ, തഹ്സീൻ അഖ്തർ, ഐസാസ് ഷെയ്ഖ്, പാക്കിസ്ഥാൻകാരനായ സിയാവുർ റഹ്മാൻ എന്നിവർക്കാണു വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകനുമായ റിയാസ് ഭട്കലിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഇന്ത്യൻ മുജാഹിദീൻ സ്ഥാപകനായ ഇയാൾ പാക്കിസ്ഥാനിലെ കറാച്ചിയിലാണെന്നാണു സൂചന. റിയാസിനെ കിട്ടാത്തതിനാൽ കുറ്റപത്രം വിഭജിച്ചാണു കേസ് വിചാരണ നടത്തിയത്.

ഹൈദരാബാദിനെ നടുക്കി നഗരത്തിലെ വാണിജ്യമേഖലയായ ദിൽസുഖ് നഗറിൽ 2013 ഫെബ്രുവരി 21നു രണ്ടിടത്താണു സ്ഫോടനം നടന്നത്. തിരക്കേറിയ സമയത്തു നടന്ന സ്ഫോടനത്തിൽ 18 പേർ മരിച്ചു. 131 പേർക്കു പരുക്കേറ്റു.

റിയാസ് ഭട്കൽ കള്ളക്കടത്ത്–ഹവാല വഴി മംഗലാപുരത്ത് എത്തിച്ച സ്ഫോടകവസ്തുക്കളും പണവും അസദുല്ല അഖ്തർ, സിയാവുർ റഹ്മാൻ എന്നിവർ ഏറ്റുവാങ്ങിയതായി കുറ്റപത്രത്തിൽ പറയുന്നു. ഇതുമായി ഇരുവരും ഹൈദരാബാദിലെത്തി. അവിടെ ഒളിച്ചുകഴിയുകയായിരുന്ന തഹ്സീൻ അഖ്തറും ഇവർക്കൊപ്പം ചേർന്നു. മൂന്നുപേരും ചേർന്നു രണ്ടു ബോംബുകൾ നിർമിച്ചു.

ഫെബ്രുവരി 21നു രണ്ടു സൈക്കിളുകളിലായി ബോംബ് സ്ഥാപിച്ചു സ്ഫോടനം നടത്തുകയായിരുന്നു. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയ ഇവർ ആളുകളിൽ ഭയം വളർത്താനാണു സ്ഫോടനങ്ങൾ നടത്തിയതെന്ന് എൻഐഎ പറയുന്നു.

ഇന്ത്യൻ മുജാഹിദീൻ ഭീകരർക്ക് ശിക്ഷ ആദ്യം

നിരോധിത സംഘടനയായ ഇന്ത്യൻ മുജാഹിദീന്റെ പ്രവർത്തകർ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യം. തിരക്കുള്ള സ്ഥലങ്ങളിൽ ഒരേ സമയത്തോ അൽപം ഇടവേള നൽകിയോ സ്ഫോടനം നടത്തുന്നത് ഇന്ത്യൻ മുജാഹിദീന്റെ രീതിയാണെന്നു രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.

ഉഡുപ്പി ജില്ലയിലെ ഭട്കൽ സ്വദേശികളും സഹോദരന്മാരുമായ യാസിനും റിയാസും ആണു സംഘടന സ്ഥാപിച്ചത്. ഇരുവരും രാജ്യത്തെ പല ഭാഗങ്ങളിലും നടന്ന സ്ഫോടനക്കേസുകളിൽ പ്രതികളാണ്. യാസിനു 2006ൽ പാക്കിസ്ഥാനിൽ നിന്ന് ആയുധപരിശീലനം ലഭിച്ചു. 2013ൽ ബിഹാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

Your Rating: