Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഷണൽ ഹെറൾഡ് കേസ്: സ്വാമിക്ക് രേഖകൾ നൽകില്ലെന്ന് കോടതി

ന്യൂഡൽഹി ∙ നാഷണൽ ഹെറൾഡ് കേസിൽ കോൺഗ്രസ് പാർട്ടിയുടെയും അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) എന്ന കമ്പനിയുടെയും രേഖകൾ തനിക്കു ലഭ്യമാക്കാൻ നിർദേശിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യം കോടതി തള്ളി.

സാക്ഷിപ്പട്ടിക ലഭ്യമാക്കാൻ സ്വാമിക്ക് അവസാന അവസരം നൽകിയ മെട്രോപൊലിറ്റൻ മജിസ്‌ട്രേട്ട് ലവ്‌ലീൻ, കേസ് ഫെബ്രുവരി 10നു പരിഗണിക്കാൻ മാറ്റി. ധന, കോർപറേറ്റ് കാര്യ മന്ത്രാലയങ്ങളിലും മറ്റ് ഏജൻസികളിലും നിന്നുള്ള രേഖകളും കോൺഗ്രസ് പാർട്ടിയുടെ 2010–11ലെ ബാലൻസ്ഷീറ്റും എജെഎല്ലിന്റെ കണക്കുകളും ഹാജരാക്കണമെന്ന വിചാരണക്കോടതി ഉത്തരവു ഡൽഹി ഹൈക്കോടതി കഴിഞ്ഞ ജൂലൈ 12നു റദ്ദാക്കിയിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതിപ്പട്ടികയിലുള്ള കേസിൽ മോത്തിലാൽ വോറ, സാം പിത്രോദ, ഓസ്‌കർ ഫെർണാണ്ടസ്, സുമൻ ദുബെ എന്നിവരുടെയും യങ് ഇന്ത്യ എന്ന കമ്പനിയുടെയും ഹർജികളിലാണ് വിധിയുണ്ടായത്.

രേഖകൾ വരുത്തണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിലെ ഹർജിക്കാരൻ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ അപേക്ഷകളും തുടർന്നു കോടതി നൽകിയ ഉത്തരവുകളും അലസമായ രീതിയിലുള്ളതാണെന്നാണു ഹൈക്കോടതി അന്നു വിലയിരുത്തിയത്.

എന്നാൽ, ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) 91–ാം വകുപ്പുപ്രകാരം കോടതിക്ക് ആവശ്യാനുസരണം രേഖകൾ വീണ്ടും ആവശ്യപ്പെടാമെന്നും കേസ് നടപടികൾക്കിടയിലും രേഖകളാവശ്യപ്പെട്ടു പുതിയ അപേക്ഷ നൽകാൻ സുബ്രഹ്മണ്യൻ സ്വാമിക്ക് അവകാശമുണ്ടാവുമെന്നും ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു.

അതനുസരിച്ച് സ്വാമി നൽകിയ പുതിയ അപേക്ഷയാണ് ഇന്നലെ കോടതി തള്ളിയത്. നാഷണൽ ഹെറൾഡ് ദിനപത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന എജെഎല്ലിന്റെ ബാധ്യതകളും ഓഹരി അവകാശവും യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ ക്രമക്കേട് ആരോപിച്ചുള്ളതാണ് സ്വാമിയുടെ അടിസ്‌ഥാന ഹർജി.

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മറ്റ് എതിർകക്ഷികൾക്കും ഓഹരികളുള്ളതാണ് പുതിയ കമ്പനിയെന്നും കോൺഗ്രസ് പാർട്ടിയിൽനിന്നു ലഭിച്ച പലിശരഹിത വായ്‌പയായ 90 കോടി രൂപ ഉപയോഗിച്ചാണ് ഏറ്റെടുപ്പു നടന്നതെന്നും സ്വാമി ആരോപിക്കുന്നു.

Your Rating: