Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ ബ്ലോക്കിലും സർക്കാർ ഇംഗ്ളിഷ് മീഡിയം സ്കൂൾ തുടങ്ങണമെന്ന് ശുപാർശ

writing

ന്യൂഡൽഹി ∙ ഈ വർഷം ഏപ്രിൽ മുതൽ രാജ്യത്തെ എല്ലാ സെക്കൻഡറി സ്കൂളിലും ആറാം ക്ളാസ് മുതൽ ഇംഗ്ലിഷ് നിർബന്ധമാക്കണമെന്നും ഓരോ ബ്ലോക്കിലും ഒരു ഇംഗ്ലിഷ് മീഡിയം സർക്കാർ സ്കൂളെങ്കിലും ഉണ്ടായിരിക്കണമെന്നും വിദ്യാഭ്യാസ പരിഷ്ക്കരണത്തെക്കുറിച്ചു പഠനം നടത്തിയ സെക്രട്ടറിമാരുടെ സമിതി ശുപാർശ ചെയ്തു.

എല്ലാ സ്കൂളിലും പഠന നിലവാരം വിലയിരുത്താൻ പുറമേ നിന്നുള്ള ഏജൻസിയെ നിയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

സ്കൂൾ വിദ്യാഭ്യാസം പൊതുപ്പട്ടികയിലുള്ള വിഷയമായതിനാൽ ഇതിൽ പല ശുപാർശകളും സംസ്ഥാനങ്ങളാണ് നടപ്പാക്കേണ്ടത്. എട്ടാം ക്ലാസ് വരെ എല്ലാ വിദ്യാർഥികൾക്കും ക്ലാസ്കയറ്റം നൽകുന്ന നയം പുനഃപരിശോധിക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.

പഠനത്തിൽ പിന്നാക്കമായവരെ അതേ ക്ലാസിൽ ഒരു വർഷം കൂടി തുടരാൻ നിർബന്ധിക്കുന്ന സമ്പ്രദായം (ഡീറ്റെൻഷൻ) ഏതു ക്ലാസ് മുതലാണ് നടപ്പാക്കേണ്ടതെന്ന് സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം. ഒരോ സംസ്ഥാനത്തും പഠന നിലവാരം വിലയിരുത്താൻ സൂചിക കൊണ്ടുവരണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.

സ്കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡെക്സ് (എസ്‌ഇക്യൂഐ) എന്നാണ് ഇത് അറിയപ്പെടുക. ഇതിന്റെ അടിസ്ഥാനത്തിൽ മോശപ്പെട്ട നിലവാരമുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ ധനസഹായം അനുവദിക്കണം.

കഴിഞ്ഞ ഒക്ടോബറിലാണ് പ്രധാനമന്ത്രി ഈ സമിതിയെ നിയോഗിച്ചത്. സർക്കാർ സ്കൂളുകളിലെ പഠന നിലവാരം ഉയർത്തുക എന്നതാണ് മുഖ്യ ലക്ഷ്യം.

പ്രധാനപ്പെട്ട മറ്റ് ശുപാർശകൾ:

∙ പ്രോഗ്രാം ഫോർ ഇന്റർനാഷനൽ സ്റ്റുഡന്റ് അസ​സ്മെന്റിൽ (പിഐഎസ്എ) ഇന്ത്യയും ചേരണം. എല്ലാ വർഷവും സ്കൂളുകളിൽ സർവേ നടത്തണം.

∙ എട്ടാം ക്ലാസിൽ വിദ്യാർഥികൾക്ക് തൊഴിൽ അഭിരുചി പരീക്ഷ നടത്തണം. വിവിധ തൊഴിൽ പഠനസാധ്യതകളെക്കുറിച്ച് കൗൺസലിങ്ങും നടത്തണം. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് അവരവരുടെ ഉപരി പഠനമേഖല തിരഞ്ഞെടുക്കാം.

∙ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷ പോലെ തന്നെ സർവകലാശാലകളിൽ പ്രവേശനത്തിനും പൊതു പരീക്ഷ നടത്തണം. ഇതിന്നായി നാഷനൽ ടെസ്റ്റിങ് ഓർഗനൈസേഷനു രൂപം നൽകണം.

ജെഇഇ, എൻഇഇടി, യുജിസി നെറ്റ്, സിഎടി, ജിഎഇ, സിഎംഎടി എന്നീ പരീക്ഷകളുടെ നടത്തിപ്പ് എൻഎസ്ഒയെ ഏൽപ്പിക്കണം.

∙ 25 ശതമാനത്തിലേറെ ന്യൂനപക്ഷങ്ങളും ആദിവാസികളും ഉള്ള എല്ലാ ജില്ലകളിലും തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണം.

∙ യോഗ, കായിക പരിശീലനം എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

∙ രാജ്യത്തെ മികച്ച 50 കോളജുകൾക്ക് സ്വയം ഭരണം നൽകണം.

∙ എല്ലാ സർവകലാശാലകളും മൂന്നു വർഷത്തിൽ ഒരിക്കൽ പാഠ്യപദ്ധതി പരിഷ്കരിക്കണം.