Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഗയ്ക്കും യമുനയ്ക്കും വ്യക്തിത്വം കൽപ്പിച്ചു നൽകി ഉത്തരാഖണ്ഡ് ഹൈക്കോടതി

INDIA-RELIGION-HINDUISM-MAGH MELA

ന്യൂഡൽഹി ∙ ഗംഗ, യമുനാ നദികളെ നിയമപരമായി വ്യക്‌തിത്വമുള്ളവയായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി. പുണ്യനദികളായ ഗംഗയും യമുനയും നിലനിൽപു ഭീഷണി നേരിടുന്നതു കണക്കിലെടുത്താണ് അസാധാരണ നടപടിയെന്നു ജഡ്‌ജിമാരായ രാജീവ് ശർമ, അലോക് സിങ് എന്നിവർ വ്യക്‌തമാക്കി.

കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു മുഹമ്മദ് സലിം എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണു വിധി.

നിയമപരമായി വ്യക്‌തികളായി കണക്കാക്കുന്നത് എങ്ങനെ?

മനുഷ്യർ സ്വാഭാവിക വ്യക്‌തികളാണ്. എന്നാൽ, സമൂഹത്തിന്റെ ആവശ്യങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്ത് ചില സംഗതികൾക്കു നിയമത്തിലൂടെ വ്യക്‌തിത്വം കൽപിച്ചുനൽകും. കോർപറേഷൻ, പഞ്ചായത്ത്, ദേവാലയം, ആശുപത്രി, സർവകലാശാല, ചാരിറ്റബിൾ ഫണ്ട്, ട്രസ്‌റ്റ് തുടങ്ങിയവയെ നിയമപരമായി അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള വ്യക്‌തികളായി കണക്കാക്കാറുണ്ട്.

യോഗേന്ദ്ര നാഥ് നസ്‌കറും കൽക്കട്ട ആദായനികുതി കമ്മിഷനുമായുള്ള കേസിൽ (1969) ഹിന്ദു വിഗ്രഹം സ്വത്തവകാശമുള്ളതും നികുതി നൽകേണ്ടതുമായ നിയമപരമായ വ്യക്‌തിയാണെന്നു സുപ്രീം കോടതി വിധിച്ചിരുന്നു. സ്വഭാവികമായി വ്യക്‌തികളല്ലാത്തവർക്ക്, കൃത്യമായ കാരണങ്ങളുടെ അടിസ്‌ഥാനത്തിലാണു വ്യക്‌തിത്വം കൽപിച്ചു നൽകുന്നത്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചെയ്‌തത്


നിയമപരമായി വ്യക്‌തികളെ സൃഷ്‌ടിക്കുന്നതു സംബന്ധിച്ചു സുപ്രീം കോടതി നൽകിയിട്ടുള്ള വിധികളുടെയും ഭരണഘടനയിലെ 48എ, 51എ (ജി) വകുപ്പുകളുടെയും ചുവടുപിടിച്ചാണു ഹൈക്കോടതിയുടെ നടപടി. നദികളുൾപ്പെടെയുള്ളവയുടെ പരിസ്‌ഥിതി സംരക്ഷണം സംബന്ധിച്ചവയാണ് ഈ വകുപ്പുകൾ.

പരിസ്‌ഥിതി സംരക്ഷണവും ജീവജാലങ്ങളോടുള്ള അനുകമ്പയും മൗലിക ഉത്തരവാദിത്തമാണെന്ന് 51എ(ജി) വകുപ്പ് വ്യക്‌തമാക്കുന്നു.

ഗംഗ, യമുന നദികൾ മാത്രമല്ല, അവയുടെ പോഷക നദികളും അരുവികളും നദികളിൽനിന്നു തുടർച്ചയായി ഒഴുകുന്ന വെള്ളവും നിയമപരമായി വ്യക്‌തിത്വമുള്ളവയായിരിക്കുമെന്നു കോടതി വ്യക്‌തമാക്കി.

കോടതി പറഞ്ഞ കാരണങ്ങൾ

∙ഗംഗയും യമുനയും പുണ്യനദികളാണ്. ഹിന്ദുക്കൾക്ക് ഈ നദികളുമായി ആഴമേറിയ ആത്മീയ ബന്ധമുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച്, ഗംഗയിൽ മുങ്ങിയാൽ പാപമോചനം സാധ്യമാവും.

∙ഇന്ത്യയിലെ ജനസംഖ്യയിലെ പകുതിയുടെയും നിലനിൽപ്, ആരോഗ്യം, സുഖജീവിതം എന്നിവയിൽ ഗംഗയ്‌ക്കും യമുനയ്‌ക്കും കേന്ദ്രസ്‌ഥാനമാണുള്ളത്. അനാദികാലമുതൽ രണ്ടു നദികളും ആത്മീയവും ഭൗതികവുമായ നിലനിൽപു സാധ്യമാക്കുന്നു.

∙ ഗംഗയും യമുനയും ശ്വസിക്കുന്നു, ജീവിക്കുന്നു, പർവതം മുതൽ സമുദ്രംവരെയുള്ള സമൂഹങ്ങളെ നിലനിർത്തുന്നു.

കോടതിയുടെ നിർദേശങ്ങൾ

∙ ജലസേചനം, നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമുള്ള ജലവിതരണം, ജലവൈദ്യുതി ഉൽപാദനം, ജലയാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടികൾക്കായി ഗംഗ മാനേജ്‌മെന്റ് ബോർഡ് രൂപീകരിക്കണം. ഉത്തരാഖണ്ഡ്, യുപി സർക്കാരുകൾ ഇതുവരെ ഇതിനു കേന്ദ്രവുമായി സഹകരിച്ചിരുന്നില്ല. നിസ്സഹകരണം തുടർന്നാൽ, കേന്ദ്രത്തിനു നേരിട്ടു നടപടിയെടുക്കാം.

∙ കേന്ദ്ര സർക്കാരിന്റെ നമാമി ഗംഗാ പദ്ധിയുടെ ഡയറക്‌ടർ, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറൽ എന്നിവരായിരിക്കും ഇനി ഗംഗയും യമുനയും അവയുടെ പോഷക നദികളും സംരക്ഷിക്കാൻ നിയമപരമായി ഉത്തരവാദിത്തമുള്ള
വ്യക്‌തികൾ. നദികളുടെ സംരക്ഷണം മാത്രമല്ല, ആരോഗ്യവും സുസ്‌ഥിതിയും ഇവർ ഉറപ്പാക്കണം.

∙നിയമനടപടികളിൽ ഗംഗയുടെയും യമുനയുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ അഡ്വക്കറ്റ് ജനറൽ ബാധ്യസ്‌ഥനായിരിക്കും.

ന്യൂസീലൻഡിൽ വാൻനൂയി നദി

ലോകത്തിലാദ്യമായി ഒരു നദിക്കു വ്യക്തി പദവി അനുവദിച്ചത് കഴിഞ്ഞയാഴ്ച ന്യൂസീലൻഡിലാണ് – നോർത്ത് ഐലൻഡിലെ വാൻനൂയി നദിക്ക്. ന്യൂസീലൻഡിലെ മാവോറി ജനത പുണ്യനദിയായി ആരാധിക്കുന്ന, 145 കിലോമീറ്റർ നീളമുള്ള നദിയാണിത്. 

വാൻനൂയിയും മാവോറി ജനതയും തമ്മിലുള്ള പവിത്രബന്ധം അംഗീകരിച്ചുകിട്ടാനായി 170ലേറെ വർഷം നീണ്ട നിയമപോരാട്ടമാണു പാർലമെന്റിൽ അവതരിപ്പിച്ച ബിൽ പാസായതോടെ വിജയിച്ചത്.

related stories