Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത്: പട്ടേൽ, ആദിവാസി വോട്ടിൽ കണ്ണെറിഞ്ഞ് മോദി; നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹം

Narendra Modi

അഹമ്മദാബാദ് ∙ ഈ വർഷം അവസാനം നടക്കേണ്ട ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കിയേക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി. ഞായറാഴ്ച സൂറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകിയ വരവേൽപ് ബിജെപിയുടെ ശക്തിപ്രകടനമായി.

പട്ടേൽസമുദായത്തെയും ആദിവാസികളെയും പാർട്ടിക്കൊപ്പം നിർത്താനുള്ള തന്ത്രങ്ങളാണു മോദി തൊടുത്തത്. സംവരണ പ്രക്ഷോഭത്തെത്തുടർന്ന് ഇടഞ്ഞുനിൽക്കുന്ന പട്ടേലുമാരും നിർണായക സ്വാധീനമുള്ള ആദിവാസികളും വോട്ടു ബാങ്ക് ആണെന്നിരിക്കെയാണിത്. ഇതേ വോട്ടുകളിൽത്തന്നെയാണു സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷികളും കണ്ണുനട്ടിരിക്കുന്നത്.

പട്ടേൽസമുദായാംഗങ്ങളുടെ സംഭാവനകൊണ്ടു നിർമിച്ച സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനവും പട്ടേലുമാർക്കു മേൽക്കൈയുള്ള വജ്രനിർമാണരംഗത്തു പുതിയ ഫാക്ടറിയുടെ ഉദ്ഘാടനവും നിർവഹിച്ച മോദി, സമുദായാംഗങ്ങളുടെ കൂറ്റൻ സദസ്സിനെയാണ് അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചതു സർദാർ വല്ലഭ് ഭായ് പട്ടേലാണെന്നു മോദി വിശേഷിപ്പിച്ചു.

ഇന്നത്തെ ഇന്ത്യയെ നമുക്കു നൽകിയതു പട്ടേലാണ്. ഇന്ന് ഇന്ത്യക്കാരനെന്ന നിലയിൽ നമ്മൾ തലയുയർത്തിനിൽക്കുന്നതിനു കാരണം അദ്ദേഹമാണെന്നും മോദി ചൂണ്ടിക്കാട്ടി. ദക്ഷിണ ഗുജറാത്തുകാരനായ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയെയും അദ്ദേഹം പ്രശംസിച്ചു. പട്ടേലുമാർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു നൽകിവരുന്ന പങ്കും മോദി പ്രകീർത്തിച്ചു.

കേന്ദ്രഭരണപ്രദേശമായ ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനമായ സിൽവാസയിലെ കാലിത്തീറ്റ ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിച്ച മോദി ആദിവാസികൾക്കായുള്ള അരഡസനോളം ക്ഷേമപദ്ധതികളാണു പ്രഖ്യാപിച്ചത്. ദാദ്ര നഗർ ഹവേലിയിലെയും താപിയിലെയും ആദിവാസി മേഖലകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൂടുതലും കോൺഗ്രസിനൊപ്പമായിരുന്നു.

ഈ വോട്ടു ബാങ്ക് മുന്നിൽക്കണ്ടുതന്നെയാണു മോദിയുടെ പ്രഖ്യാപനം. കഴിഞ്ഞ രണ്ടുവർഷത്തോളമായി കോൺഗ്രസ് വോട്ടു ബാങ്ക് പിടിച്ചെടുക്കാനുദ്ദേശിച്ച് ആർഎസ്എസ് പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

related stories
Your Rating: