Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡ്വാനി രാഷ്ട്രപതിയാകാൻ പ്രാർഥന: ശത്രുഘ്നൻ സിൻഹ

Shathrughnan Sinha

ദുബായ് ∙ എൽ.കെ.അഡ്വാനി രാഷ്ട്രപതിയാകാനാണു പ്രാർഥിക്കുന്നതും ആഗ്രഹിക്കുന്നതുമെന്നു ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നൻ സിൻഹ. മികച്ച രാഷ്ട്രീയ നേതാവും നയതന്ത്രജ്ഞനുമെന്നതിനു പുറമേ, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ബഹുമാനിക്കുന്നയാളുമാണ് അഡ്വാനി.

അദ്ദേഹം തന്റെ സുഹൃത്തും മാർഗദർശിയും ഗുരുവുമൊക്കെയാണ്. മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അഡ്വാനിയോട് അടുപ്പമുള്ളതിനാലാണു തനിക്ക് ഇത്തവണ സ്ഥാനം നൽകാതിരുന്നതെന്നു സുഹൃത്തുക്കൾ പറയാറുണ്ട്. എന്നാൽ ആ വാദത്തോടു യോജിക്കുന്നില്ലെന്നും മന്ത്രിയാരെന്നു തീരുമാനിക്കേണ്ടതു പ്രധാനമന്ത്രിയാണെന്നും സിൻഹ ‘മനോരമ’യോടു പറഞ്ഞു.

ഈ സർക്കാരിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതു ജനങ്ങളാണ്. ഊർജസ്വലനായ, ദീർഘവീക്ഷണമുള്ള ഭരണാധികാരിയാണു മോദി. അദ്ദേഹത്തിനു ധൃതിയുണ്ടെന്നു തോന്നാം. ഈ കാലഘട്ടത്തിൽ അത് ആവശ്യമാണ്. ബിജെപിയുടെ മുന്നേറ്റത്തിന് അമിത് ഷായ്ക്കും മോദിക്കുമാണു താൻ ക്രെഡിറ്റ് നൽകുന്നത്.

പണക്കാരുടെയും വ്യവസായികളുടെയും പാർട്ടിയെന്ന ആരോപണത്തിൽ നിന്നു വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായി ബിജെപി പുറത്തുവന്നു കഴിഞ്ഞു. കേരളത്തിൽ ബിജെപി അധികാരത്തിലെത്തുന്ന കാലം വിദൂരമല്ലെന്നും അതിനുള്ള ആദ്യചുവടു വച്ചുകഴിഞ്ഞെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു.