Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുശീൽ മോദിയെ വിമർശിച്ച് ശത്രുഘ്നൻ സിൻഹ; ബിജെപിയിൽ കലാപം

Shathrughnan Sinha

പട്ന∙ ബിഹാർ ബിജെപിയിലെ പ്രമുഖ നേതാക്കളായ സുശീൽ കുമാർ മോദിയും സിനിമാതാരവും എംപിയുമായ ശത്രുഘ്നൻ സിൻഹയും ട്വിറ്റർ യുദ്ധത്തിൽ. അഴിമതി ആരോപണങ്ങളിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരോടുള്ള ബിജെപി നിലപാടിനെച്ചൊല്ലിയാണ് പരസ്യ തർക്കം.

‘രാഷ്ട്രീയ ശത്രുക്കൾ നമ്മുടെ നേതാക്കൾക്കെതിരെ, അത് ലാലുവായാലും കേജ്‌രിവാളായാലും സുശീൽ മോദിയായാലും ചെളിവാരിയെറിയുകയാണ്’ എന്നായിരുന്നു ശത്രുഘ്നൻ സിൻഹയുടെ ട്വീറ്റ്. ബിജെപി അഴിമതി ആരോപിക്കുന്ന ലാലുവിനും കേജ്‌രിവാളിനുമൊപ്പം സ്വന്തം നേതാവ് സുശീൽ മോദിയുടെ പേരു കൂടി ചേർത്തുള്ള ട്വിറ്റർ സന്ദേശം മനഃപൂർവമുള്ളതാണെന്നു ബിജെപി കരുതുന്നു.

കേന്ദ്രമന്ത്രിസ്ഥാനം നിഷേധിക്കപ്പെടുകയും 2015 ലെ ബിഹാർ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ അവഗണിക്കുകയും ചെയ്തതോടെ ശത്രുഘ്നൻ സിൻഹ പാർട്ടിയോട് അത്ര രസത്തിലല്ല. ‘കുതികാൽവെട്ടുകാരെ’ പാർട്ടിയിൽനിന്നു പുറത്താക്കണമെന്ന് സുശീൽ മോദി ട്വിറ്ററിൽ തന്നെ സിൻഹയ്ക്കു മറുപടി നൽകി.

ബിഹാർ മു‌ൻ ഉപമുഖ്യമന്ത്രിയാണ് സുശീൽ കുമാർ മോദി. സിൻഹയുടെ സന്ദേശത്തിന്റെ ചുവടുപിടിച്ച് ആർജെഡിയും ജെഡിയുവും സുശീൽ മോദിക്കെതിരെ രംഗത്തെത്തി.