Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി മാനഭംഗം: വൈദ്യപരിശോധനാരേഖ സംഘടിപ്പിച്ച ഉന്നതനെ ഊബർ പുറത്താക്കി

ന്യൂയോർക്ക്∙ ഡ്രൈവർ യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ യാത്രക്കാരിയുടെ വൈദ്യപരിശോധനാ രേഖകൾ സംഘടിപ്പിച്ച ഉന്നതോദ്യോഗസ്ഥനെ ഊബർ പുറത്താക്കി. 

വാടകയാത്രാ കമ്പനിയായ ഊബറിന്റെ ഇന്ത്യക്കാരനായ ഡ്രൈവർ ശിവകുമാർ യാദവ് 2014 ഡിസംബറിൽ ന്യൂഡൽഹിയിൽ ഇരുപത്താറുകാരി യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ വൈദ്യശാസ്ത്രരേഖകൾ സംഘടിപ്പിച്ച ഊബർ ഏഷ്യ–പസഫിക് പ്രസിഡന്റ് എറിക അലക്സാണ്ടറാണ് ഉചിതമല്ലാത്ത പെരുമാറ്റത്തിനു പുറത്താക്കപ്പെട്ടത്. രേഖകൾ അലക്സാണ്ടർ യൂബർ സിഇഒ ട്രാവിസ് കലാനിക്കിനെയും വൈസ് പ്രസിഡന്റ് എമിൽ മൈക്കലിനെയും കാണിച്ചിരുന്നു. മൂവരും ഇതിന്റെ വസ്തുനിഷ്ഠത ചോദ്യംചെയ്തതു വിവാദമായിരുന്നു. 

ഇന്ത്യയിലെ തങ്ങളുടെ എതിരാളിയായ ഒല കമ്പനി കെട്ടിച്ചമച്ചതാണു സംഭവമെന്നായിരുന്നു അവരുടെ പ്രതികരണം. അലക്സാണ്ടർ വിവരങ്ങൾ കമ്പനിയിലെ ഒട്ടേറെപ്പേരോട് പങ്കുവച്ചതും ശരിയായ നടപടിയായി കണക്കാക്കപ്പെടുന്നില്ല. സംഭവത്തിൽ കമ്പനിക്കെതിരെ യുഎസിൽ അന്വേഷണം നടക്കുന്നുണ്ട്.

ഡൽഹിയിലെ കോടതി കുറ്റക്കാരനായ ഡ്രൈവറെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഇന്ത്യാ സർക്കാർ ഊബറിന്റെ ഇന്ത്യയിലെ പ്രവർത്തനം 2015 ജൂൺവരെ തടയുകയും ചെയ്തു.