Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലെ തിരഞ്ഞെടുപ്പിൽ വിദേശ ഇന്ത്യക്കാർക്ക് വോട്ടിന് നിയമ മന്ത്രാലയത്തിന്റെ ശുപാർശ

ന്യൂഡൽഹി∙ പ്രവാസി ഇന്ത്യക്കാർക്കു വിദേശത്തുവച്ചുതന്നെ സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്‌തു. ഇതു സംബന്ധിച്ചു മന്ത്രിസഭ പരിഗണിക്കേണ്ട രേഖ മറ്റു മന്ത്രാലയങ്ങളുടെ പരിഗണനയ്‌ക്കു വിതരണം ചെയ്‌തതായി കേന്ദ്ര നിയമന്ത്രാലയത്തിലെ നിയമനിർമാണ വകുപ്പ് സെക്രട്ടറി ഡോ. ജി. നാരായണ രാജു പറഞ്ഞു.

പ്രവാസികൾക്ക് ഇലക്‌ട്രോണിക് തപാൽ വോട്ട്, പകരക്കാരനെ ഉപയോഗിച്ചുള്ള (പ്രോക്‌സി) വോട്ട്, മണ്ഡലത്തിൽ നേരിട്ടെത്തിയുള്ള വോട്ട് – ഈ മൂന്നു രീതികളും അനുവദിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ശുപാർശയെന്നു സെക്രട്ടറി വിശദീകരിച്ചു. എന്നാൽ, ശുപാർശ ഉടനെ മന്ത്രിസഭയുടെ പരിഗണനയ്‌ക്കു വരുമോയെന്നും എപ്പോൾ ബിൽ പാർലമെന്റിൽ കൊണ്ടുവരുമെന്നും വ്യക്‌തമല്ല.

പ്രവാസികൾക്ക് വിദേശത്തുവച്ചുതന്നെ വോട്ടു ചെയ്യാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ദുബായ് ആരോഗ്യ മേഖലയിലെ സംരംഭകൻ ഡോ. വി.പി.ഷംഷീറാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതിന്റെ അടിസ്‌ഥാനത്തിൽ കോടതി നിർദേശപ്രകാരം തിരഞ്ഞെടുപ്പു കമ്മിഷൻ രൂപീകരിച്ച സമിതിയാണ് ഇ–തപാൽ വോട്ട്, പ്രോക്‌സി വോട്ട് എന്നിവ പരിഗണിക്കാവുന്നതാണെന്നു ശുപാർശ ചെയ്‌തത്.

പ്രവാസികൾക്ക് സ്വന്തം മണ്ഡലത്തിൽ നേരിട്ട് വോട്ടു ചെയ്യാൻ നിലവിൽ വ്യവസ്‌ഥയുണ്ട്. രാജ്യത്തെ സർവീസ് വോട്ടർമാർക്ക് ഇ – തപാൽ വോട്ട് സൗകര്യം അനുവദിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ ഒക്‌ടോബർ 21ന് വിജ്‌ഞാപനമിറക്കിയിരുന്നു.

സർവീസ് വോട്ടർമാർക്ക് തപാൽ വോട്ടിന് നേരത്തെതന്നെ വ്യവസ്‌ഥയുള്ളതിനാൽ പുതിയ സൗകര്യത്തിന് നിയമഭേദഗതി വേണ്ടിവന്നില്ല. എന്നാൽ, പ്രവാസികളുടെ കാര്യത്തിൽ നിയമഭേദഗതിതന്നെ വേണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.