Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈലാസ് തീർഥാടകരെ നാഥുല ചുരത്തിൽ ചൈന തടഞ്ഞു

INDIA NATHULA PASS

ന്യൂഡൽഹി∙ ഇന്ത്യയിൽ നിന്നു കൈലാസ് മാനസസരോവറിലേക്കുള്ള തീർഥാടകരെ നാഥുല ചുരത്തിൽ ചൈന തടഞ്ഞതോടെ അവരുടെ യാത്ര അനിശ്ചിതത്വത്തിലായി. ഈ വർഷം 350 തീർഥാടകരാണു നാഥുല ചുരം വഴിയുള്ള യാത്ര തിരഞ്ഞെടുത്തത്. ഇതിൽ 47 പേരടങ്ങിയ ആദ്യസംഘത്തിനാണ് ഇപ്പോൾ ചൈന യാത്രാനുമതി നിഷേധിച്ചിരിക്കുന്നത്.

ഇതേസമയം, ഉത്തരാഖണ്ഡ് ഭാഗത്തു ലിപു ചുരം വഴിയുള്ള തീർഥാടകർക്കു ചൈന അനുമതി നൽകിയിട്ടുണ്ട്. ഇതിനിടെ, സിക്കിമിന്റെ അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ നിലവിലിരുന്ന സംഘർഷത്തിന്റെ തുടർച്ചയായി ഇന്ത്യയുടെ ബങ്കറുകൾക്ക് ചൈനീസ് സൈനികർ കേടുവരുത്തിയെന്നു റിപ്പോർട്ട്.

ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്നു രണ്ടു ബങ്കറുകൾക്കാണ് അവർ കേടുവരുത്തിയത്. ഈ സംഭവങ്ങളും മാനസസരോവറിലേക്കുള്ള തീർഥാടകരെ തടഞ്ഞതും തമ്മിൽ ബന്ധമുണ്ടെന്നു കരുതുന്നു. രണ്ടുവർഷം മുൻപാണു സിക്കിമിലെ നാഥുല ചുരം വഴിയും ഇന്ത്യൻ തീർഥാടകരെ മാനസസരോവറിലേക്കു യാത്രചെയ്യാൻ അനുവദിക്കാൻ ചൈന തയാറായത്.

കഴിഞ്ഞ വർഷം ഇതുവഴി തീർഥാടകർ പോവുകയും ചെയ്തു. എന്നാൽ പെട്ടെന്ന് ഇന്ത്യൻ തീർഥാടകർക്കു ചൈന അനുമതി നിഷേധിക്കുകയായിരുന്നു. ഈ വഴി പോയാൽ തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയില്ല എന്നാണു ചൈനയുടെ വാദം. രണ്ടു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രാലങ്ങൾ ഇതു സംബന്ധിച്ചു ചർച്ചയിലാണെന്നും ചൈന പറയുന്നു.

ഇന്ത്യൻ തീർഥാടകർ ഈ മാസം 19നു തന്നെ നാഥുല പാസ്സിനു സമീപമുള്ള ബേസ് ക്യാംപിൽ എത്തിയിരുന്നു. അന്ന് അനുമതി തടഞ്ഞതിനെ തുടർന്ന് 23നു വീണ്ടും ഇവർ ചുരം കടക്കാൻ ശ്രമിച്ചു. എന്നാൽ ചൈന നിലപാടു മാറ്റാൻ തയാറായില്ല.

മുൻപു ലിപു ചുരം വഴി മാത്രമേ ഇന്ത്യൻ തീർഥാടകരെ അനുവദിച്ചിരുന്നുള്ളൂ. നാഥുല ചുരം വഴി പോയാൽ നാഥുലയിൽ നിന്നു കൈലാസം വരെയുള്ള 1500 കിലോമീറ്റർ ദൂരം ബസ്സിൽ പോകാൻ കഴിയും. അവസാനഭാഗം മാത്രമേ കാൽനടയായി പൂർത്തിയാക്കേണ്ടതുള്ളൂ.