Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുവിന്റെ പേരിൽ കൊലപാതകം: ഒരാൾ അറസ്റ്റിൽ

റാഞ്ചി ∙ പശുവിറച്ചി കടത്തിയെന്നാരോപിച്ചു ജാർഖണ്ഡിൽ കഴിഞ്ഞ ദിവസം മുഹമ്മദ് അലിമുദീനെ മർദിച്ചുകൊല്ലുകയും വാഹനത്തിനു തീയിടുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 13 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

മുഴുവൻ കുറ്റവാളികളെയും പിടികൂടി അതിവേഗ കോടതിയിൽ വിചാരണ ചെയ്തു ശിക്ഷ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി രഘുബർ ദാസ് പൊലീസിന് ഉത്തരവു നൽകി. ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതു തടയണമെന്നു മുഖ്യമന്ത്രി പൊലീസിനു നിർദേശം നൽകി.

ആർക്കും നിയമം കയ്യിലെടുക്കാൻ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട അലിമുദ്ദീന്റെ ബന്ധുക്കൾക്കു സംസ്ഥാന സർക്കാർ രണ്ടുലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. ബജാർഖണ്ഡ് ഗ്രാമത്തിൽ ഗോസംരക്ഷണ പ്രവർത്തകർ വാഹനം തടഞ്ഞുനിർത്തി അലിമുദ്ദീനെ മർദിക്കുകയായിരുന്നു.

പൊലീസെത്തി ആശുപത്രിയിലെത്തിക്കുന്നതിനു മുൻപുതന്നെ മരിച്ചു. വാർത്താവിതരണ മന്ത്രി വെങ്കയ്യ നായിഡു സംഭവത്തെ അപലപിച്ചു. ഇത്തരം കേസുകൾക്കു രാഷ്ട്രീയമോ മതപരമോ ആയ മാനങ്ങളൊന്നും നൽകരുതെന്നു വെങ്കയ്യ ഡൽഹിയിൽ പറഞ്ഞു. ‘ചിലർ ഇത്തരം കാര്യങ്ങളെ പൊലിപ്പിച്ചുകാട്ടാൻ ശ്രമിക്കുന്നു. അതു സമൂഹത്തെ ഭിന്നിപ്പിക്കും’– മന്ത്രി അഭിപ്രായപ്പെട്ടു.