Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞ നിറമായാൽ ഗോമാംസം; അരമണിക്കൂറിൽ തിരിച്ചറിയാൻ മഹാരാഷ്ട്ര പൊലീസിന് കിറ്റ്

beef

മുംബൈ∙ പിടിച്ചെടുത്ത ഇറച്ചി ഗോമാംസമാണോ എന്നു കണ്ടെത്താൻ മഹാരാഷ്ട്ര പൊലീസിനെ സഹായിക്കാൻ പ്രത്യേക പോർട്ടബിൾ കിറ്റ്. 'കൗ മീറ്റ് ഡിറ്റക്‌ഷൻ എലീസ കിറ്റ്' ഉപയോഗിച്ച് അര മണിക്കൂറിൽ ഫലം കണ്ടെത്താം. കിറ്റിലിടുന്ന സാംപിൾ ഗോമാംസമാണെങ്കിൽ മഞ്ഞ നിറമാകും.

ഫൊറൻസിക് സയൻസ് ലബോറട്ടറീസ് ഡയറക്ടറേറ്റ്(എഫ്എസ്എൽ) വികസിപ്പിച്ച കിറ്റ് വൈകാതെ പൊലീസിനു ലഭ്യമാക്കും. ഗോവധ നിരോധനമുള്ള സംസ്ഥാനത്ത് നിലവിൽ സംശയമുള്ള സാംപിൾ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്. എന്നാൽ ഫലം വരാൻ വൈകുന്നതു പൊലീസിനു തലവേദനയാകാറുണ്ട്.

പിടിച്ചെടുത്ത ഇറച്ചി അതുവരെ സൂക്ഷിക്കേണ്ട ബാധ്യത പൊലീസിനാണ്. പരിശോധനയിൽ ഗോമാംസമല്ലെന്ന് വ്യക്തമായാൽ പൊലീസിന്റെ അധ്വാനം പാഴാകും. വ്യാപാരികളെ ഉപദ്രവിച്ചതിന്റെ പഴിയും കേൾക്കേണ്ടി വരും.

പുതിയ കിറ്റ് ഉപയോഗിച്ച് പൊലീസിന് തത്സമയം ഇറച്ചി സാംപിൾ പരിശോധിക്കാമെന്ന് എഫ്എസ്എൽ ഡയറക്ടർ കെ.വൈ. കുൽക്കർണി പറഞ്ഞു. കൊണ്ടു നടക്കാവുന്ന കിറ്റിന് 8,000 രൂപയാണു വില.

മഹാരാഷ്ട്രയിൽ ഗോമാംസം കൈവശം വയ്ക്കുന്നതും വിൽക്കുന്നതും അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.