Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഗയിൽ മാലിന്യം തള്ളുന്നത് നിരോധിച്ചു

ganga-river ഗംഗാ തീരത്തെ മാലിന്യം നീക്കുന്നയാൾ.

ന്യൂഡൽഹി ∙ പുണ്യനദിയായ ഗംഗയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നദിയിലും തീരത്തും മാലിന്യം തള്ളുന്നതു നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ഉത്തരവ്. നദീതീരത്തിന്റെ 500 മീറ്റർ പരിധിക്കുള്ളിൽ മാലിന്യം തള്ളുന്നവരിൽനിന്ന് 50,000 രൂപ പിഴ ഈടാക്കാനും എൻജിടി അധ്യക്ഷൻ ജസ്റ്റിസ് സ്വതന്തർ കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. തീരത്തിനു 100 മീറ്റർ ചുറ്റളവിനുള്ളിൽ എല്ലാവിധ നിർമാണങ്ങളും നിരോധിച്ച് വ്യവസായരഹിത മേഖലയായി പ്രഖ്യാപിക്കാനും നിർദേശിച്ചിട്ടുണ്ട്. ഹരിദ്വാർ മുതൽ ഉന്നാവ് വരെയുള്ള ഭാഗത്താണു നിയന്ത്രണം.

പ്രദേശത്തു മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനും അഴുക്കുചാലുകൾ ശുചീകരിക്കാനും ബെഞ്ച് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. പരിസരത്തുള്ള തുകൽ വ്യവസായശാലകൾ ആറ് ആഴ്ചയ്ക്കുള്ളിൽ മറ്റു സ്ഥലങ്ങളിലേക്കു മാറ്റണം. ഗംഗാനദിയുടെയും കൈവഴികളുടെയും തീരത്തു നടക്കുന്ന മതപരമായ ചടങ്ങുകൾ സംബന്ധിച്ചു മാർഗനിർദേശം പുറപ്പെടുവിക്കാനും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരുകളോടു ട്രൈബ്യൂണൽ നിർദേശിച്ചിട്ടുമുണ്ട്. ഉത്തരവുകൾ നടപ്പാക്കുന്നതിനുവേണ്ടി പ്രത്യേക സമിതിയെയും എൻജിടി നിയോഗിച്ചു.

കേന്ദ്ര ജലവിഭവ മന്ത്രാലയം സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ഐഐടി പ്രഫസർമാരും ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടും. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൃത്യമായ ഇടവേളകളിൽ സമർപ്പിക്കണം. ഗംഗയുടെ സമീപ പ്രദേശങ്ങളിലുള്ള വ്യവസായശാലകൾ ഭൂഗർഭജലം അമിതമായി ഉപയോഗിക്കുന്നതു തടയണമെന്നും 543 പേജുള്ള വിധിന്യായത്തിൽ നിർദേശിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനായ എം.സി. മേത്ത സമർപ്പിച്ച ഹർജിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി 2014ൽ ആണ് എൻജിടിയിലേക്കു മാറ്റിയത്. നദിയുടെ ശുചീകരണം പല ഘട്ടങ്ങളായി തിരിച്ച എൻജിടി, ഗോമുഖ് മുതൽ ഹരിദ്വാർ വരെയുള്ള ആദ്യഭാഗവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ 2015 ഡിസംബറിൽ പുറപ്പെടുവിച്ചിരുന്നു.

ഹരിദ്വാർ മുതൽ ഉന്നാവ് വരെയുള്ളതാണ് ഇതിന്റെ രണ്ടാം ഭാഗം. ലോകത്ത് ഏറ്റവുമധികം മാലിന്യം വഹിക്കുന്ന നദികളിലൊന്നാണു ഗംഗ. ടൺ കണക്കിനു വ്യവസായ മാലിന്യങ്ങളാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഇതു തടയാൻ ഗംഗയ്ക്കു മനുഷ്യർക്കുള്ളതുപോലെ നിയമപരമായ അസ്തിത്വം അനുവദിച്ചുകൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി അടുത്തിടെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. നദിയുടെ തൽസ്ഥിതിയും പൈതൃകവും നിലനിർത്തുന്നതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്നു വിധിയിലുണ്ടായിരുന്നു. ഇതിനെതിരെയാണ് ഉത്തരാഖണ്ഡ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ എൻജിടിയുടെ പുതിയ ഉത്തരവ് ഗംഗാനദി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊർജമേകുമെന്നാണു പ്രതീക്ഷ.