Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുവിന്റെ പേരിൽ കൊലപാതകങ്ങൾ: രാജ്യസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം

junaid-mob-lynch ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദ്.

ന്യൂഡൽഹി∙ പശുസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെച്ചൊല്ലി രാജ്യസഭയിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം പ്രതിരോധത്തിലാക്കി. വോട്ടിനുവേണ്ടി രാജ്യത്തു ഭിന്നിപ്പുണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ആക്രമണങ്ങൾക്കെതിരെ സമൂഹം പ്രതികരിക്കാത്ത സ്‌ഥിതിയായി.

ഹരിയാനയിൽ ട്രെയിനിൽ കൊലചെയ്യപ്പെട്ട ജുനൈദിന്റെയും യുപിയിലെ ദാദ്രിയിൽ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാകിന്റെയും അനുഭവം ഇതിന് ഉദാഹരണമാണ്. കൃത്യമായ ധാരണയോടെയാണ് ഈ സംഭവങ്ങൾ. അതിനാലാണ് അക്രമികൾ ജയിലിലാകാത്തതെന്നും ആസാദ് ആരോപിച്ചു. ആരോപണം തെറ്റാണെന്ന് പാർലമെന്ററികാര്യ സഹമന്ത്രി മുക്‌താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

പശുസംരക്ഷണത്തിന്റെ പേരിൽ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്നു പ്രധാനമന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ അവസ്‌ഥ കണ്ട് താൻ ലജ്‌ജിച്ചു തലതാഴ്‌ത്തുകയാണെന്ന് സിപിഎമ്മിന്റെ സീതാറാം യെച്ചൂരി പറഞ്ഞു. സ്‌പെയിനിലെ മതപീഡകരെയും ഹിറ്റ്‌ലറുടെ ദേശീതയെയും ഓർമിപ്പിക്കുന്നതാണ് ഇന്ത്യയിലെ സ്‌ഥിതി. പശുസംരക്ഷണത്തിന്റെയും ബീഫിന്റെയും പേരിൽ അക്രമം നടത്തുന്ന സംഘടനകളെ നിരോധിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ പൊള്ളയായ വാക്കുകളും പൊതുസ്വഭാവമുള്ള പ്രയോഗങ്ങളുംകൊണ്ടു കാര്യമില്ലെന്ന് തൃണമൂൽ കോൺഗ്രസിലെ ഡെറക് ഒബ്രയൻ പറഞ്ഞു. അക്രമം നടത്തുന്നത് ആരെന്നു വ്യക്‌തമായി പറയണം. പ്രസംഗത്തിനിടെ ഹിന്ദുദൈവങ്ങളെക്കുറിച്ച് അഗർവാൾ നടത്തിയ പരാമർശം ഉപാധ്യക്ഷൻ സഭാരേഖയിൽനിന്നു നീക്കി.

പരാമർശം പിൻവലിക്കുന്നതായി അഗർവാൾ പറഞ്ഞെങ്കിലും ഭരണപക്ഷം അടങ്ങിയില്ല. സഭ ഇരുപതു മിനിറ്റ് നിർത്തിവച്ചു. ഖേദം പ്രകടിപ്പിക്കുന്നതായി അഗർവാൾ പറഞ്ഞശേഷമാണ് സഭ തുടരാൻ സാധിച്ചത്.