Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി ക്ഷേമ ഫണ്ട്: ഉടനടി ഇടപെടാൻ എംബസികൾക്കു കൂടുതൽ അധികാരം

UK GATEWAY

ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐസിഡബ്ല്യുഎഫ്) മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പ്രവാസി ഇന്ത്യക്കാരുടെ ദുരിത സമയങ്ങളിലും അടിയന്തര ഘട്ടങ്ങളിലും സഹായം നൽകാനാണു ഫണ്ട് വിനിയോഗിച്ചിരുന്നത്. വിപുലമായ ക്ഷേമ നടപടികൾ ഫണ്ട് മുഖേന കൈകാര്യം ചെയ്യാനാണു തീരുമാനം. ഇനി ഫണ്ട് വിനിയോഗത്തിനു മൂന്നു പ്രധാന മേഖലകളുണ്ടാകും.

അവ: 1. പ്രവാസി ഇന്ത്യക്കാർക്കു ദുരിത സമയങ്ങളിൽ സഹായം ലഭ്യമാക്കുക.

2. പ്രവാസി സമൂഹക്ഷേമ പരിപാടികൾ നടപ്പാക്കുക.

3. കോൺസുലാർ സേവനങ്ങൾ മെച്ചപ്പെടുത്തുക.

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ ഉടനടി ഇടപെട്ടു സഹായിക്കാൻ എംബസികൾക്കു കൂടുതൽ അധികാരം നൽകും. ലിബിയ, ഇറാഖ്, യെമൻ, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കാനും സൗദി അറേബ്യയിൽ നിതാഖത് നടപ്പാക്കിയപ്പോൾ രേഖകളില്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ ഫണ്ട് മുഖേന നടത്തിയിരുന്നു. കോൺസുലാർ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സർവീസ് ചാർജ് മുഖേനയാണു 2009ൽ ഐസിഡബ്ല്യുഎഫ് ഫണ്ട് സമാഹരണം തുടങ്ങിയത്.