Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ ഇടപാടിനെല്ലാം ‘പാൻ’ നിർബന്ധമാക്കിയേക്കും

gold

ന്യൂഡൽഹി∙ എല്ലാ സ്വർണ ഇടപാടുകൾക്കും പാൻ കാർഡ് നമ്പർ നിർബന്ധമാക്കാൻ ധനമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾക്കു പാൻ മതിയെന്നാണു നിലവിലുള്ള വ്യവസ്ഥ. പണം നൽകിയുള്ള ഇടപാടുകൾക്കു പ്രതിദിന പരിധി ഏർപ്പെടുത്താനും ശുപാർശയുണ്ട്.

പ്രധാന ശുപാർശകൾ

∙ പാൻ നിർബന്ധമാക്കുന്നതോടെ രഹസ്യ വിൽപന വർധിക്കുന്നതു തടയാൻ സ്വർണ ഇടപാടുകൾക്കെല്ലാം റജിസ്ട്രേഷൻ നിർബന്ധമാക്കണം. ഇതിന്റെഭാഗമായി ഇലക്ട്രോണിക് റജിസ്ട്രി രൂപീകരിക്കണം.

∙ സ്വർണവിപണിയിൽ നികുതിയൊഴിവാക്കുന്നതിനു പ്രവണത കൂടുതലുള്ളതുകൊണ്ട് അധികൃതർ ആദായനികുതി വിവരങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കണം.

∙ സ്വർണം ലാഭകരമായി നിക്ഷേപിക്കുന്നതിനു കുടുംബങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കണം. കൂടുതൽ സ്വർണം കൈവശംവയ്ക്കാൻ താൽപര്യപ്പെടുന്നതു നികുതി വെട്ടിക്കാനാണെന്നു സംശയിക്കാം.

∙ നിലവിലുള്ള സ്വർണ കടപ്പത്രങ്ങളുടെ അവകാശം അമ്മയിൽനിന്നു പെൺമക്കൾക്കു ലഭിക്കുംവിധമാക്കുക. പെൺമക്കളില്ലെങ്കിൽ മാത്രമേ ആൺമക്കൾക്കു നൽകാവൂ.

ലണ്ടൻ ഇംപീരിയൽ കോളജ് പ്രഫസർ തരുൺ രാമദൊരൈ അധ്യക്ഷനായ സമിതിയുടേതാണു ശുപാർശകൾ. റിസർവ് ബാങ്ക്, സെബി, ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി, പെൻഷൻ ഫണ്ട് നിയന്ത്രണ അതോറിറ്റി പ്രതിനിധികളും ഉൾപ്പെട്ടതായിരുന്നു സമിതി.