Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലപീഡനത്തിനെതിരെ ഭാരത് യാത്രയുമായി സത്യാർഥി; കന്യാകുമാരിയിൽ തുടക്കം

sathyarthi പുഞ്ചിരി പടർത്തൂ, നീയെന്നും.. ബാലപീഡനത്തിനും കുട്ടിക്കടത്തിനുമെതിരെ കന്യാകുമാരിയിൽനിന്ന് ഭാരത യാത്രയ്ക്കു തുടക്കമിട്ട നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി ഉദ്ഘാടന സമ്മേളന വേദിയിൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ.

കന്യാകുമാരി∙ ആഞ്ഞുവീശുന്ന ഉപ്പുകാറ്റിന്റെയും ആർത്തലയ്ക്കുന്ന തിരമാലകളുടെയും ഇരമ്പത്തെ ഭേദിച്ചുകൊണ്ടു നൊബേൽ സമ്മാന ജേതാവു കൈലാഷ് സത്യാർഥിയുടെ ശബ്ദമുയർന്നു: എന്നും സൂര്യനുദിക്കും. എന്നാൽ ഇന്നത്തെ സൂര്യൻ വ്യത്യസ്തമാണ്. ഇന്നു സൂര്യനുദിച്ചതു ഭീതിയുടെ അന്ധകാരം, നിരാശ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, കുട്ടിക്കടത്ത് എന്നിവ ഇല്ലാതാക്കാനാണ്. വിവേകാനന്ദപ്പാറയിൽ നിന്നുള്ള സത്യാർഥിയുടെ ഉറച്ച ശബ്ദം കടൽക്കാറ്റ് കരയിലെത്തിച്ചു. ആയിരക്കണക്കിനു വിദ്യാർഥികൾ അത് ഏറ്റെടുത്തു. ബാലപീഡനത്തിനും കുട്ടിക്കടത്തിനുമെതിരെ ബോധവൽക്കരണമെന്ന ലക്ഷ്യവുമായി സത്യാർഥി നടത്തുന്ന ഭാരത് യാത്രയ്ക്ക് അതോടെ തുടക്കമായി.

സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ 125–ാം വാർഷിക ദിനത്തിൽ വിവേകാനന്ദ സ്മാരകം സാക്ഷിയാക്കിയായിരുന്നു സത്യാർഥിയുടെ ദൗത്യപ്രഖ്യാപനം. സുരക്ഷിതമായ ബാല്യം, സുരക്ഷിതമായ ഇന്ത്യ എന്നതാണു യാത്രയുടെ പ്രമേയം. ഒക്ടോബർ 16നു ഡൽഹിയിൽ സമാപിക്കുന്ന യാത്ര 22 സംസ്ഥാനങ്ങളിലായി 11,000 കിലോമീറ്റർ സഞ്ചരിക്കും. ഇന്ത്യയിലെ കുട്ടികൾ കളിയിടങ്ങളിലും വീടുകളിലും സ്കൂളുകളിലും സുരക്ഷിതരല്ലെന്നു സത്യാർഥി പറഞ്ഞു. ഇന്ത്യ വിശുദ്ധൻമാരുടെയും രക്ഷകരുടെയും നാടാണ്. കുട്ടികൾക്കു വേണ്ടിയുള്ള ഈ യാത്രയിലെ അംഗങ്ങൾ അവരുടെ രക്ഷകരാണ്. ഓരോരുത്തരും അങ്ങനെയാകണം. നിശ്ശബ്ദത ഭഞ്ജിച്ചു ശബ്മുയർത്താൻ സമയമായെന്നും സത്യാർഥി പറഞ്ഞു. തിരുവള്ളുവർ പ്രതിമയെ വണങ്ങി അദ്ദേഹത്തിന്റെ രണ്ടു വരികളും സത്യാർഥി ഉദ്ധരിച്ചു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, കലക്ടർ സജ്ജൻ ആർ.ചവാൻ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

പദയാത്ര ഇന്നു രാവിലെ ഒൻപതിനു തിരുവനന്തപുരം നാലാഞ്ചിറ സർവോദയ സ്കൂളിൽ എത്തും. അവിടെ രണ്ടായിരത്തോളം വരുന്ന കുട്ടികളെയും രക്ഷിതാക്കളെയും സത്യാർഥി അഭിസംബോധന ചെയ്യും. തുടർന്നു 1.45നു ടഗോർ തിയറ്ററിൽ പദയാത്രയ്ക്കു സ്വീകരണവും വിദ്യാർഥികളുമായി സംവാദവും. അഞ്ചിന് അവിടെ ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സത്യാർഥിയെ സ്വീകരിച്ചു ഭാരത് യാത്രയ്ക്ക് ആശംസകളർപ്പിക്കും. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിക്കും.