Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഖിലേഷ് യാദവ് എസ്പി ദേശീയ അധ്യക്ഷൻ

Akhilesh-Yadav

ആഗ്ര ∙ സമാജ്‌വാദി പാർട്ടിയുടെ (എസ്പി) ദേശീയ അധ്യക്ഷനായി അഖിലേഷ് യാദവിനെ (44) വീണ്ടും തിരഞ്ഞെടുത്തു. അ‍ഞ്ചു വർഷത്തേക്കാണു നിയമനം. പിതാവ് മുലായം സിങ് യാദവ്, അമ്മാവൻ ശിവ്പാൽ യാദവ് എന്നിവരിൽനിന്ന് പാർട്ടിയെ അഖിലേഷ് പൂർണമായി കൈപ്പിടിയിലൊതുക്കിയെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ എസ്പി ദേശീയ കൺവൻഷനിൽ നടന്ന ഐകകണ്ഠ്യേനയുള്ള തിരഞ്ഞെടുപ്പ്.

നിലവിൽ മൂന്നു വർഷമായിരുന്നു പ്രസിഡന്റിന്റെ കാലാവധി. ഇത് അഞ്ചു വർഷമാക്കി പാർട്ടി ഭരണഘടന ഭേദഗതി ചെയ്തതായി എസ്പിയുടെ മുതിർന്ന നേതാവ് രാംഗോപാൽ യാദവ് അറിയിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ നടക്കുമ്പോൾ അഖിലേഷ് തന്നെയാവും പാർട്ടിയുടെ തലപ്പത്തെന്ന് ഇതോടെ വ്യക്തമായി. സംസ്ഥാന പ്രസിഡന്റിന്റെ കാലാവധിയും അഞ്ചു വർഷമാക്കിയിട്ടുണ്ട്. ഈ സ്ഥാനത്തേക്കു നരേഷ് ഉത്തമിനെ വീണ്ടും തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പെല്ലാം നടന്നതു മുലായത്തിന്റെ അനുവാദത്തോടും അനുഗ്രഹത്തോടും കൂടെയാണെന്ന് അഖിലേഷ് അറിയിച്ചു. ശിവ്പാൽ യാദവും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. എന്നാൽ ഇരുവരും കൺവൻഷനിൽ പങ്കെടുത്തിരുന്നില്ല. ‘അവന്റെ തീരുമാനങ്ങളോട് എനിക്കു യോജിപ്പില്ലെങ്കിലും എന്റെ അനുഗ്രഹം അവനോടൊപ്പമുണ്ട്. കാരണം അവൻ എന്റെ മകനാണല്ലോ’ എന്നാണ് എഴുപത്തേഴുകാരനായ മുലായം ഈയിടെ അഖിലേഷിനെക്കുറിച്ചു പറഞ്ഞത്.

എസ്പി കൺവൻഷനിൽ ബിജെപി സർക്കാരിനെ നേതാക്കൾ നിശിതമായി വിമർശിച്ചു. ഹിറ്റ്ലറുടെ ഭരണത്തോടാണ് മോദിയുടെ ഭരണത്തെ താരതമ്യപ്പെടുത്തിയത്. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഒട്ടേറെ നടപടികൾ മോദി സർക്കാർ കൈക്കൊണ്ടിട്ടും മൗനം പാലിക്കുന്ന മാധ്യമങ്ങളെയും യോഗം വിമർശിച്ചു.

related stories