Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിരയുടേത് ഇന്ത്യക്കാർ തുല്യർ എന്ന വിശുദ്ധമതം: സോണിയ

PTI11_19_2017_000049A ഓർമകൾക്കൊപ്പം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മ ശതാബ്ദി ദിനത്തിൽ പാർലമെന്റിലെ സെൻട്രൽ ഹാളിലുള്ള ചിത്രത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ തുടങ്ങിയവർ.

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ജന്മ ശതാബ്ദി ദിനത്തിൽ രാഷ്ട്രത്തിന്റെ പ്രണാമം. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്ട്രപതി പ്രണബ് മുഖർ‌ജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ബിജെപി എംപി വരുൺ ഗാന്ധി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

ഇന്ത്യക്കാരെല്ലാം തുല്യരാണെന്ന വിശുദ്ധ മതമായിരുന്നു ഇന്ദിരയുടേതെന്ന് ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ടു സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം, ജനാധിപത്യം, മതേതരത്വം എന്നിവയിൽ അഭിമാനിച്ചിരുന്ന നേതാവായിരുന്നു ഇന്ദിരയെന്നു സോണിയ അനുസ്മരിച്ചു.‘പ്രധാനമന്ത്രിയെന്നനിലയിൽ അവർക്ക് ഒരു മതമേ ഉണ്ടായിരുന്നുള്ളൂ. അത് എല്ലാ ഇന്ത്യക്കാരും മാതൃരാജ്യത്തിലെ തുല്യരായ മക്കളാണ് എന്നതായിരുന്നു.’ – സോണിയ പറഞ്ഞു.

ഇന്ദിരാഗാന്ധി ഉറച്ച ബോധ്യങ്ങളും ധീരമായ നിലപാടുകളുമുള്ള നേതാവായിരുന്നുവെന്നു പ്രണബ് മുഖർജി പല സംഭവങ്ങൾ എടുത്തുപറഞ്ഞുകൊണ്ടു ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി മുത്തശ്ശിയോടുള്ള തന്റെ അടുപ്പത്തെക്കുറിച്ചു ട്വിറ്റർ സന്ദേശങ്ങളിൽ അനുസ്‌മരിച്ചു. ഇന്ദിരാഗാന്ധി രാഷ്ട്രത്തിനു നൽകിയ സംഭാവനകളെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന്റെ നേതൃത്വത്തിൽ പ്രകീർത്തിച്ചു. മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ദിരാഗാന്ധി രാഷ്ട്രത്തിന്റെ മാതാവ്: വരുൺ ഗാന്ധി

ന്യൂഡൽഹി ∙ ഇന്ദിരാഗാന്ധി ഈ രാഷ്ട്രത്തിന്റെ മാതാവായിരുന്നുവെന്നു ബിജെപി എംപി വരുൺ ഗാന്ധി. ധീരതയാണു മുത്തശ്ശിയുടെ വലിയ ഗുണമെന്നും വരുൺ ട്വിറ്റർ സന്ദേശത്തിൽ അനുസ്മരിച്ചു. കൊച്ചുകുട്ടിയായ തന്നെ അവർ മടിയിൽവച്ച് ഓമനിക്കുന്നതിന്റെ ചിത്രവും അനുസ്മരണ സന്ദേശത്തോടൊപ്പം വരുൺഗാന്ധി നൽകിയിരുന്നു.