Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുണയാകുമോ, ‘മോദി ഇഫക്ട്’; കോട്ട കാക്കാൻ മുഖ്യൻ

vijay-Rpani രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിലെ റാലിയിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ പ്രവർത്തകർ ഹാരമണിയിക്കുന്നു. ചിത്രം: വിഷ്ണു വി. നായർ

രാജ്കോട്ട് കോർപറേഷൻ മൈതാനത്തു ബുധനാഴ്ച രാത്രി പ്രസംഗിക്കുമ്പോൾ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആ വിശേഷണം ഒന്നു പരിഷ്കരിച്ചു. പട്ടേൽ സമുദായത്തിലെ കട്‌വ വിഭാഗത്തിന്റെ സ്വീകരണമായിരുന്നു വേദി. സ്വാഗതപ്രസംഗകൻ രൂപാണിയെ ‘രാജ്കോട്ട് കാ ബേട്ടാ, ഗുജറാത്ത് കീ നേതാ...’ (രാജ്കോട്ടിന്റെ പുത്രൻ, ഗുജറാത്തിന്റെ നേതാവ്) എന്നു പുകഴ്ത്തി. രൂപാണി അതു തിരുത്തി: ‘ഗുജറാത്ത് കാ ബേട്ടാ, ദേശ് കാ നേതാ - നരേന്ദ്ര മോദി...’

വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് ഉടൻ തീരുമാനമെടുക്കേണ്ടി വരുമെന്ന് ഓഹരി വിപണി നന്നായി പഠിച്ചിട്ടുള്ള ഈ ജൈന ബനിയ വിഭാഗക്കാരനു നന്നായി അറിയാം. രാജ്കോട്ട് മേയറും പിന്നീടു രാജ്യസഭാംഗവുമായ രൂപാണി 2014ലെ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിയപ്പോൾ മുഖ്യമന്ത്രിപദം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. ആനന്ദി ബെൻ പട്ടേലിനു പകരം മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടി വന്നപ്പോൾ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്റെ പേരായിരുന്നു എല്ലാവരുടെയും മനസ്സിൽ. പക്ഷേ, മോദിയുടെയും അമിത് ഷായുടെയും കണ്ണു പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ രൂപാണിയിലായിരുന്നു.

സ്വന്തം മണ്ഡലമായ രാജ്കോട്ട് വെസ്റ്റിൽ കോൺഗ്രസിലെ ഇന്ദ്രാണിൽ രാജ്ഗുരുവിൽ നിന്നു കടുത്ത മത്സരം നേരിടുന്ന രൂപാണി സുരക്ഷിതമായ മറ്റൊരു മണ്ഡലംകൂടി ചോദിച്ചുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. രാജ്കോട്ട് ഈസ്റ്റിൽ കഴിഞ്ഞതവണ വൻ മാർജിനിൽ ജയിച്ച രാജ്ഗുരു ഇക്കുറി മുഖ്യമന്ത്രിക്കെതിരെ പൊരുതാൻ വെസ്റ്റ് മണ്ഡലം ചോദിച്ചുവാങ്ങി. ഗുജറാത്തിലെ ഏറ്റവും സമ്പന്നനായ (വെളിപ്പെടുത്തിയ ആസ്തി 141 കോടി, രൂപാണിയുടേത് ഒൻപത് കോടി) രാജ്ഗുരു മണ്ഡലം നിറഞ്ഞുനിൽക്കുമ്പോൾ ‘മോദി ഇഫക്ടി’ലാണു രൂപാണിയുടെ ആശ്രയം.

ചിത്രനഗരിയെന്നും വർണനഗരിയെന്നും പേരുള്ള രാജ്കോട്ട് പട്ടണത്തിന്റെ തലയെടുപ്പ് ആകാശം മുട്ടുന്ന ഫ്ലാറ്റുകളിലാണ്. ലോകത്ത് അതിവേഗം വികസിക്കുന്ന നഗരങ്ങളിൽ 22-ാം സ്ഥാനത്തുള്ള പട്ടണം. കോർപറേഷൻ മൈതാനത്തു നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ആളെത്തുന്നതേയുള്ളൂ. ഫ്ലാറ്റ് നിവാസികൾ മൈതാനത്തേക്കു തലനീട്ടി മുകളിൽ നിൽക്കുന്നു. മോദി - അമിത് ഷാ - രൂപാണി ചിത്രങ്ങൾ പതിച്ച അനൗൺസ്മെന്റ് ലോറി മൈതാനം ചുറ്റി നടന്നു. അതിനുള്ളിലിരുന്ന് ഒരു പെൺകുട്ടി ഗുജറാത്തി ഭാഷയിൽ പ്രചാരണഗാനം പാടുന്നു. ഡ്രമ്മടിച്ചു കൊണ്ട് ഒരു പയ്യനും.

പട്ടീദാർ സമുദായത്തിന്റെ കഥകൾ പറഞ്ഞ് ആമുഖ പ്രസംഗകൻ കത്തിക്കയറുമ്പോഴാണു കനത്ത പൊലീസ് സംരക്ഷണയിൽ രൂപാണിയുടെ വരവ്. വെള്ളയും ചുവപ്പും പൂക്കൾ ചാർത്തിയ മാല കഴുത്തിലേറ്റു വാങ്ങി തൊഴുതു. സദസ്സിൽ കൂടുതൽ പട്ടീദാർമാർ ആണെന്നു കണ്ടാകണം, സൗമ്യമായ പ്രസംഗത്തിലുടനീളം വ്യാപാര-കയറ്റുമതി രംഗത്തു ഗുജറാത്ത് കൈവരിച്ച നേട്ടങ്ങളുടെ കഥകൾ നിരത്തി. നിറഞ്ഞ കയ്യടികൾക്കിടെ വേദി വിട്ടിറങ്ങിയ രൂപാണി പിന്നീടു ചോദ്യങ്ങളോടു പ്രതികരിച്ചു.

? പട്ടേൽ - ദലിത് - ഠാക്കൂർ വിഭാഗങ്ങളിൽ നിന്നുള്ള മുന്നേറ്റം ബിജെപിക്കു ദോഷം ചെയ്യില്ലേ

∙ ബിജെപിക്ക് ഒരു തരത്തിലും അതു ഭീഷണിയാകില്ല. സംവരണത്തിന്റെ പേരു പറഞ്ഞു കോൺഗ്രസ് അവരെ പറ്റിക്കുന്നു. 50 ശതമാനത്തിനു മേൽ സംവരണം സാധ്യമല്ലെന്നു കോൺഗ്രസിനു നന്നായി അറിയാം.

? ഗുജറാത്ത് മോഡൽ വികസനം കെട്ടുകഥ മാത്രമാണെന്നാണ് ആരോപണം

∙ സർക്കാരിനെതിരെ ഒന്നും പറയാനില്ലാതെ വന്നപ്പോൾ കോൺഗ്രസ് ഉയർത്തുന്ന ബാലിശമായ വാദം. ഗുജറാത്തിൽ തൊഴിലില്ലാത്തവർ 30 ലക്ഷം പേരുണ്ടെന്നാണു രാഹുൽ ഗാന്ധിയുടെ ആരോപണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തവർ ആറു ലക്ഷമേയുള്ളൂ.

? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങൾ കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്

∙ മോദിജിയുടെ വ്യക്തിപ്രഭാവത്തെ അവർ വല്ലാതെ ഭയക്കുന്നുവെന്നതിനു തെളിവാണത്. മോദിജി മുഖ്യമന്ത്രിയായിരുന്നപ്പോൾ 120 സീറ്റാണു കിട്ടിയതെങ്കിൽ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ 150 സീറ്റ് കിട്ടും.

? പക്ഷേ, മുഖ്യമന്തി സ്ഥാനത്തേക്കു പാർട്ടി ആരെയും ഉയർത്തിക്കാട്ടുന്നില്ലല്ലോ

∙ അതൊക്കെ പാർട്ടിയുടെ കേന്ദ്രനേതൃത്വം തീരുമാനിക്കും. ഞാൻ പാർട്ടിയുടെ വിശ്വസ്തനായ സേവകനാണ്. ഇനിയും അതു തുടരും.

ബിജെപിയുടെ കോട്ട

മൂന്നു ലക്ഷത്തിലേറെ വോട്ടർമാരുള്ള രാജ്കോട്ട് മണ്ഡലം സൗരാഷ്ട്രാ മേഖലയിൽ ബിജെപിയുടെ ശക്തികേന്ദ്രമാണ്. 1985 മുതൽ തുടർച്ചയായി ബിജെപി ജയിക്കുന്ന മണ്ഡലം. 2002ൽ നരേന്ദ്ര മോദി ഉപതിരഞ്ഞെടുപ്പിൽ ഇവിടെ നിന്നു (പഴയ രാജ്കോട്ട്-2) തിരഞ്ഞെടുക്കപ്പെടുന്നതു 14,728 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. 2014ലെ ഉപതിരഞ്ഞെടുപ്പിൽ വിജയ് രൂപാണി 23,740 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. രാജ്കോട്ട് ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ ജയിച്ചതും ബിജെപി. വോട്ടർമാരിൽ പട്ടീദാർ വിഭാഗത്തിൽ നിന്നുള്ളവർ 56,000, ബ്രാഹ്മണർ 30,000, മുസ്‌ലിം 25,000, ബനിയ 21,000, ദലിത് 17,000.

related stories