Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ രൂപാണി തന്നെ തുടർന്നേക്കും

vijay-rupani വിജയ് രൂപാണി

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും 2019 ലെ പൊതുതിരഞ്ഞെടുപ്പുവരെയെങ്കിലും തുടരുമെന്നാണ് ഇതുവരെയുള്ള സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി നാളെ ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർ പങ്കെടുക്കും.

സംസ്ഥാനത്തെ എംഎൽഎമാരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാകും അന്തിമതീരുമാനം. കേന്ദ്രമന്ത്രിസഭയിൽനിന്നു മുഖ്യമന്ത്രിയെ കണ്ടെത്തില്ലെന്നാണു പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല എന്നിവരെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഗുജറാത്തിലെ ബിജെപി എംഎൽഎമാരിൽനിന്നുതന്നെയാകണം മുഖ്യമന്ത്രിയെന്നാണു പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം. തിരഞ്ഞെടുപ്പിൽ അഞ്ചു മന്ത്രിമാർ പരാജയപ്പെട്ടതോടെ, അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങളും കൂടുതലുണ്ടാകും. ആറു മന്ത്രിമാർക്കു ബിജെപി സീറ്റ് നൽകിയിരുന്നുമില്ല.

കോൺഗ്രസിലും ‘തല’ വേട്ട

മുതിർന്ന നേതാക്കളായ ശക്തിസിങ് ഗോഹിൽ, അർജുൻ മോധ്വാദി, സിദ്ധാർഥ് പട്ടേൽ, ഡോ. തുഷാർ ചൗധരി എന്നിവർ പരാജയപ്പെട്ടതോടെ പ്രതിപക്ഷനേതാവായി ആരെ നിശ്ചയിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിലും ആശയക്കുഴപ്പം. ഒരു യുവ പ്രതിപക്ഷനേതാവിനെ വേണമെന്നാണു ഹൈക്കമാൻഡിന്റെ നിലപാട്. മൂന്നാമത്തെ തവണ നിയമസഭയിലെത്തുന്ന യുവനേതാവ് പരേശ് ധനാണിക്കാണു സാധ്യത കൂടുതൽ.

നാൽപത്തിയൊന്നുകാരനും പട്ടേൽ സമുദായ നേതാവുമായ ധനാണി അമ്റേലി മണ്ഡലത്തിൽ ബിജെപിയുടെ കരുത്തനായ ബാവ്കു ഉൻധാഡിനെ പന്ത്രണ്ടായിരത്തിലധികം വോട്ടുകൾക്കു മലർത്തിയടിച്ചാണു നിയമസഭയിലെത്തുന്നത്. ധനിലിമ്ഡയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ശൈലേശ് പർമാറിനും സാധ്യതയുണ്ട്. കഴിഞ്ഞ സഭയിലെ പ്രതിപക്ഷനേതാവു ശങ്കർസിങ് വഗേലയും ചീഫ് വിപ്പ് ബൽവന്ത്സിങ് രാജ്പുത്തും രാജ്യസഭാ തിരഞ്ഞെടുപ്പുസമയത്തു പാർട്ടിവിട്ടുപോയിരുന്നു. തുടർന്നു മോഹൻ റാത്ത്വയ്ക്കും ശൈലേശ് പർമാറിനുമായിരുന്നു ചുമതല. രാഹുൽ ഗാന്ധി നാളെ എത്തുന്നതോടെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ തീരുമാനമായേക്കും. 

'ബിജെപി മുക്ത' ജില്ലകൾ ആറ്

തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ആറു ജില്ലകളിൽ ബിജെപിക്കു നിയമസഭാ പ്രാതിനിധ്യം ഇല്ലാതായി. മോർബി, ഡാങ്സ്, ഗിർ–സോമനാഥ്, അമ്റേലി, താപി, നർമദ ജില്ലകളിലെ പതിനേഴു മണ്ഡലങ്ങളിൽ ജയിച്ചുകയറിയതു കോൺഗ്രസ് സ്ഥാനാർഥികൾ. എന്നാൽ പാഞ്ച്മഹൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും തിരഞ്ഞെടുത്തതു ബിജെപി സ്ഥാനാർഥികളെ.

ഹിമാചലിൽ ജയ്റാം താക്കൂർ മുന്നിലേക്ക്

ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശിലും എംഎൽഎമാരുടെ ഇടയിൽനിന്നു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന വാദത്തിനാണു ബിജെപി കേന്ദ്രനേതൃത്വത്തിൽ മുൻതൂക്കം. കേന്ദ്രമന്ത്രി ജെ.പി.നഡ്ഢയുടെ പേരു പരിഗണിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പി.കെ.ധൂമൽ പരാജയപ്പെട്ട സാഹചര്യത്തിൽ മുതിർന്ന എംഎൽഎയും മുൻ മന്ത്രിയുമായ ജയ്റാം താക്കൂറിനാണു മുൻഗണന.

related stories