Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടിങ് യന്ത്രത്തെ സംശയിച്ച് കോൺഗ്രസ്; രാഹുൽ ഇന്ന് ഗുജാറാത്തിൽ

Gujarat Election

അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമായത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാറു കാരണമെന്നു കോൺഗ്രസ് വിലയിരുത്തൽ യോഗത്തിലും വിമർശനം. നേരത്തെ പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലും ഇതേ പരാതി ഉന്നയിച്ചിരുന്നു.

മെഹ്സാനയിൽ നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിലാണു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്. സാങ്കേതിക വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം പാർട്ടി കോടതിയെ സമീപിച്ചേക്കുമെന്നു ഗുജറാത്ത് പിസിസി പ്രസിഡന്റ് ഭരത് സിങ് സോളങ്കി പറഞ്ഞു. രണ്ടു ദിവസത്തെ ചിന്തൻ ശിബിരം ഇന്നലെ സമാപിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള രൂപരേഖയും ശിബിരത്തിൽ ചർച്ച ചെയ്തു.

തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലേ കോൺഗ്രസ് അവലോകന യോഗം നടത്തുന്നത് ആദ്യമാണ്. 33 ജില്ലകളിൽനിന്നുള്ള നേതാക്കൾ പങ്കെടുത്തു. ഇന്ന് അഹമ്മദാബാദിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എംഎൽഎമാരും വിവിധ മേഖലകളിൽനിന്നുള്ള നേതാക്കളുമായി നാലുമണിക്കൂർ വെവ്വേറെ കൂടിക്കാഴ്ച നടത്തും. വൈകിട്ടു കോൺഗ്രസ് പൊതുയോഗത്തിലും രാഹുൽ പ്രസംഗിക്കും. .