Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൾദൈവം വീരേന്ദർ ദീക്ഷിത് 4 മാനഭംഗക്കേസുകളിൽ പ്രതി

Baba Virender വീരേന്ദർ ദേവ് ദീക്ഷിത്

ന്യൂഡൽഹി ∙ വിവാദ ആൾദൈവം വീരേന്ദർ ദേവ് ദീക്ഷിത് നാലു മാനഭംഗക്കേസുകളിൽ പ്രതി. 1997ൽ ഉത്തർപ്രദേശ് ഫറൂക്കാബാദിൽ നടന്ന കൂട്ടമാനഭംഗക്കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. രോഹിണിയിലെ ആധ്യാത്മിക് വിശ്വ വിദ്യാലയ ആശ്രമത്തിന്റെ സ്ഥാപകനായ ദീക്ഷിതിനെതിരെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള കേസുകളും നിലവിലുണ്ട്.

ഫറൂക്കാബാദിലെ ആശ്രമത്തിൽ താമസിക്കവേ 1997 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണു പീഡന സംഭവങ്ങൾ നടന്നത്. എന്നാൽ, ഇതിൽ കേസ് റജിസ്റ്റർ ചെയ്തതു തൊട്ടടുത്ത വർഷം. മഥുര, ന്യൂഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽനിന്നുള്ള പെൺകുട്ടികളാണു പീഡനത്തിന് ഇരകളായത്. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആശ്രമത്തിൽ പരിശോധന നടത്തിയപ്പോൾ അനുയായികളുമായി ചേർന്നു പൊലീസിനെ ആക്രമിച്ചിരുന്നു.

വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട േകസും ഇയാൾക്കെതിരെയുണ്ട്. 2011ൽ യുവതിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാജ്ഗഞ്ചിൽ റജിസ്റ്റർ ചെയ്ത കേസിലും മുഖ്യപ്രതിയാണു വിവാദസ്വാമി. രോഹിണി ആശ്രമത്തിലെ അന്തേവാസികളെ ലൈംഗിക ചൂഷണം നടത്തുന്നുവെന്ന പരാതി ഉയർന്നതിനു പിന്നാലെയാണു കൂടുതൽ സംഭവങ്ങൾ പുറത്തുവരുന്നത്.

ഇതിനിടെ, ഉത്തർപ്രദേശിലെ രണ്ട് ആശ്രമങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 47 യുവതികളെ രക്ഷപ്പെടുത്തി. സിക്തർബാദ്, കാംപിൽ എന്നീ സ്ഥലങ്ങളിലെ ആധ്യാത്മിക് വിശ്വ വിദ്യാലയത്തിൽ നടത്തിയ പരിശോധനയിലാണു പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ളവരെ രക്ഷിച്ചത്.

ആശ്രമത്തിലെ നടത്തിപ്പുകാർ പരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് ഉള്ളിൽ കടക്കുകയായിരുന്നു. ഉത്തംനഗർ മോഹൻ ഗാർഡനിലെ ആശ്രമത്തിൽ നടന്ന പരിശോധനയിൽ പ്രായപൂർത്തിയാകാത്ത അഞ്ചു പെൺകുട്ടികൾ ഉൾപ്പെടെ 25 പേരെ പൊലീസ് രക്ഷിച്ചിരുന്നു.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ രോഹിണിയിലെ ആശ്രമത്തിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടെനിന്നു 41 യുവതികളെ കണ്ടെത്തിയിരുന്നു. അതേസമയം, ഒളിവിൽ പോയ വീരേന്ദർ ദേവ് ദീക്ഷിത് എവിടെയാണെന്ന സൂചന പൊലീസിനു ലഭിച്ചിട്ടില്ല. ജനുവരി നാലിനു മുൻപ് ഇയാളെ ഹാജരാക്കണമെന്നാണു ഹൈക്കോടതി നിർദേശം.