Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാദവിനെ അമ്മയും ഭാര്യയും കണ്ടു; ചില്ലുപാളിക്കപ്പുറം

kulbhushan-yadav ഇസ്‌ലാമാബാദിലെ പാക്ക് വിദേശകാര്യ മന്ത്രാലയത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ കുൽഭൂഷൺ ജാദവിന്റെ വിഡിയോദൃശ്യം പ്രദർശിപ്പിച്ചപ്പോൾ.

ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കു പാക്ക് സമയം 1.35നാണ് കുൽഭൂഷൺ ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്‌ക്കും സാധിച്ചത്. പാക്ക് വിദേശകാര്യ മന്ത്രാലയത്തിനു സമീപം ഷിപ്പിങ് കണ്ടെയ്‌നറിൽ സജ്‌ജീകരിച്ച മുറിയിലായിരുന്നു കൂടിക്കാഴ്‌ച. നേരത്തേ സ്‌ഥാപിച്ച ചില്ലുപാളിയുടെ ഒരു വശത്തു ജാദവും മറുവശത്ത് അമ്മയും ഭാര്യയും. നേരിട്ടല്ല, ഇന്റർകോം ഫോണിലൂടെ സംഭാഷണം; പാക്ക് വിദേശകാര്യ മന്ത്രാലയത്തിലെ ഇന്ത്യാവിഭാഗം ഡയറക്‌ടർ ഡോ. ഫറേഹ ബുഗ്‌തിയുടെ സാന്നിധ്യത്തിൽ. ജാദവിന്റെ വശത്തു മുറിയുടെ ഭിത്തിയിൽ ക്ലോക്ക് സ്‌ഥാപിച്ചിരുന്നു; അമ്മയുടെയും ഭാര്യയുടെയും മുന്നിലെ മേശമേൽ ഡിജിറ്റൽ ക്ലോക്കും.

മാതാവിന്റെയും ഭാര്യയുടെയും പിന്നിൽ, ഇവരുടെ സംഭാഷണം കേൾക്കാനാവാത്ത സ്‌ഥലത്താണു പാക്കിസ്‌ഥാനിലെ ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ജെ.പി.സിങ്ങിന് ഇരിപ്പിടം അനുവദിച്ചത്. കൂടിക്കാഴ്‌ച 40 മിനിറ്റ് നീണ്ടു. മുപ്പതു മിനിറ്റാണ് അനുവദിച്ചതെങ്കിലും 10 മിനിറ്റുകൂടി വേണമെന്ന ജാദവിന്റെ അഭ്യർഥന മാനിച്ചു സമയം നീട്ടി നൽകിയെന്നു പാക്ക് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അവകാശപ്പെട്ടു. 

പിതാവിനെയും കാണാൻ താൽപര്യം

ദുബായ് വഴി കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദിലെത്തിയ അവന്തിയും ചേതൻകുലും ജാദവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം മസ്‌കത്ത് വഴിയാണു മടങ്ങിയത്. ഡൽഹിയിലെത്തിയ ഇവർ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സഹമന്ത്രിമാരായ എം.കെ.അക്‌ബർ, വി.കെ.സിങ് തുടങ്ങിയവരെ സന്ദർശിച്ചു. പിന്നീടാണു പാക്ക് നടപടികളെ അപലപിച്ച് ഇന്ത്യ പ്രസ്‌താവനയിറക്കിയത്. 

അമ്മയെയും ഭാര്യയെയും കാണാൻ സാധിച്ചതിൽ ജാദവ് സന്തോഷം പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. പിതാവ് സുധീർ ജാദവിന്റെ ആരോഗ്യവിവരങ്ങൾ മകൻ തിരക്കി; പിതാവിനെയും കാണാൻ ആഗ്രമുണ്ടെന്നു പറഞ്ഞു. ജാദവ് ക്ഷീണിതനായിരുന്നു. കടുത്ത സമ്മർദത്തിന് അടിമപ്പെട്ട രീതിയിലായിരുന്നു സംസാരം.

പാക്ക് വാദം ഇങ്ങനെ

സുരക്ഷാപരമായ മുന്നൊരുക്കങ്ങളും പാക്ക് നിയമപ്രകാരമുള്ള നടപടികളുമാണുണ്ടായതെന്നു പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്‌ഥാൻ സ്‌ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ജന്മദിവസമുണ്ടായ മനുഷ്യത്വപരമായ നടപടി. ഇതു ജാദവും കുടുംബാംഗങ്ങളുമായുള്ള അവസാന കൂടിക്കാഴ്‌ചയാവില്ലെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ 22നു ദുബായിലെ സൗദി ജർമൻ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജർമൻകാരനായ ഡോ. ഊവ് യോഹാൻ നെൽസനെക്കൊണ്ടു ജാദവിനെ പരിശോധിപ്പിച്ചിരുന്നു. ഇതിന്റെ വിവരങ്ങൾ ഇസ്‌ലാമാബാദിൽ മാധ്യമങ്ങൾക്കു കൈമാറി.