Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുൽഭൂഷൺ വിഷയത്തിൽ ഇന്ത്യ–പാക്ക് വാക്പോര്; ആഞ്ഞടിച്ച് സുഷമാ സ്വരാജ്

Sushma-pak പാർലമെന്റിൽ സംസാരിക്കുന്ന മന്ത്രി സുഷമാ സ്വരാജ്.

ന്യൂഡൽഹി ∙ കുൽഭൂഷൺ ജാദവിനെ കാണാൻ പോയ അമ്മയും ഭാര്യയും നേരിട്ട പ്രശ്‌നങ്ങളെച്ചൊല്ലി ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വാക്പോര് ശക്തമായി. കൂടിക്കാഴ്‌ചയുടെ പശ്‌ചാത്തലത്തിലുള്ള ആശങ്കകൾ പാക്കിസ്‌ഥാനോടു വ്യക്‌തമാക്കിയെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ പറഞ്ഞു. പാക്ക് നടപടികളെ പാർലമെന്റിന്റെ ഇരുസഭകളും ഏകകണ്‌ഠമായി അപലപിച്ചു. കുൽഭൂഷന്റെ ഭാര്യയുടെ ഷൂസ് തിരികെ നൽകാതിരുന്നതു ദുരുദ്ദേശ്യത്തോടെയാണെങ്കിൽ അതു വിലപ്പോവില്ലെന്ന് ഇന്ത്യ പാക്കിസ്‌ഥാനെ രേഖാമൂലം അറിയിച്ചതായി സുഷമ സ്വരാജ് വെളിപ്പെടുത്തി.

എന്നാൽ, പരിശോധനയിൽ ലോഹ ചിപ് കണ്ടെത്തിയതിനാലാണു ഷൂസ് തിരികെ നൽകാതിരുന്നതെന്നും ചിപ് കൂടുതൽ പരിശോധനയ്‌ക്കു വിധേയമാക്കുകയാണെന്നും പാക്ക് വിദേശകാര്യമന്ത്രി ക്വാജ ആസിഫ് ഇസ്‌ലാമാബാദിൽ അവകാശപ്പെട്ടു. എന്നാൽ, ചെരിപ്പിൽ ചിപ്പോ ക്യാമറയോ റിക്കോർഡറോ ഉണ്ടെന്നു പറയുന്നതു ശുദ്ധ അസംബന്ധമാണെന്നു സുഷമ സ്വരാജ് പറഞ്ഞു.

ദുബായിലെയും പാക്കിസ്‌ഥാനിലെയും വിമാനത്താവളങ്ങളിലൂടെയാണു കുൽഭൂഷന്റെ അമ്മയും ഭാര്യയും കടന്നുപോയത്. അവിടെയൊന്നും സംശയകരമായ എന്തെങ്കിലും കണ്ടെത്തിയില്ല. കുൽഭൂഷന്റെ അമ്മയ്‌ക്കും ഭാര്യയ്‌ക്കും സുരക്ഷാ പരിശോധന ബാധകമായിരിക്കുമെന്ന് ഇന്ത്യയെ മുൻകൂട്ടി അറിയിച്ചിരുന്നതായി പാക്ക് സൈനിക വക്‌താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.

മനുഷ്യത്വവും അനുകമ്പയുമില്ല

കുൽഭൂഷനു കുടുംബാംഗങ്ങളെ കാണാൻ അവസരമൊരുക്കിയതിനെ മാനുഷിക പരിഗണനകൾവച്ചുള്ള നടപടിയെന്നാണു പാക്കിസ്‌ഥാൻ ചിത്രീകരിച്ചത്. എന്നാൽ, മനുഷ്യത്വവും അനുകമ്പയും കാട്ടിയില്ലെന്നതാണു സത്യം. കുൽഭൂഷന്റെ കുടുംബത്തോടു ഗുരുതരവും കടുത്തതുമായ മനുഷ്യാവകാശ ലംഘനമാണുണ്ടായത്. കൂടിക്കാഴ്‌ചയിൽ ഭീതിയുടെ അന്തരീക്ഷമാണു സൃഷ്‌ടിക്കപ്പെട്ടത് – സുഷമ സ്വരാജ് കുറ്റപ്പെടുത്തി.

എന്നാൽ, അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിനു പകരം, തങ്ങളുടെ നടപടിയെ അംഗീകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നു പാക്ക് സൈനിക വക്‌താവ് പറഞ്ഞു. ഇന്ത്യയുടെ നടപടി വിപരീതഫലമുണ്ടാക്കുന്നതും ഖേദകരവുമാണെന്നും പാക്കിസ്‌ഥാൻ വിമർശിച്ചു.

അമ്മയുടെ ഇടറിയ ശബ്‌ദം

താലിമാല ഊരിവാങ്ങരുതെന്നു പാക്ക് സുരക്ഷാ ഉദ്യോഗസ്‌ഥരോടു പലതവണ അപേക്ഷിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്നു കുൽഭൂഷന്റെ അമ്മ അവന്തി ഇടറിയ ശബ്‌ദത്തിൽ തന്നോടു പറഞ്ഞതായി സുഷമ സ്വരാജ് പാർലമെന്റിൽ അറിയിച്ചു. താലിമാലയില്ലാതെ അമ്മയെ കണ്ടതിനാലാവാം, എന്റെ പിതാവിന് എങ്ങനെയുണ്ട് എന്നായിരുന്നു കുൽഭൂഷന്റെ ആദ്യ ചോദ്യം. പിതാവിന് എന്തോ സംഭവിച്ചെന്നു കുൽഭൂഷൻ ഭയന്നിരിക്കാം.

22 മാസത്തിനുശേഷം അമ്മയും മകനും കൂടിക്കാണുന്ന, ഭർത്താവും ഭാര്യയും കൂടിക്കാണുന്ന വൈകാരിക നിമിഷത്തെ പാക്കിസ്‌ഥാൻ പ്രചാരണായുധമാക്കി ദുരുപയോഗിച്ചു. ഇരുരാജ്യങ്ങൾക്കും മുന്നോട്ടൊരു ചുവടുവയ്‌പാകുമായിരുന്ന കൂടിക്കാഴ്‌ചയാണ്. എന്നാൽ, ധാരണകൾ ലംഘിക്കപ്പെട്ടെന്നതു വലിയ നിരാശയുണ്ടാക്കുന്നു – സുഷമ പറഞ്ഞു. കുൽഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്‌ഥാൻ കാട്ടിയ അപമര്യാദ 130 കോടി ഇന്ത്യക്കാരുടെ അമ്മമാരോടും ഭാര്യമാരോടുമുള്ള അപമര്യാദയാണെന്നു രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.