Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിമേയ്ച്ചു തുടങ്ങി; തീറ്റയിൽ കുടുങ്ങി

Lalu Prasad Yadav

കുട്ടിക്കാലത്തു ഗതികേടുകൊണ്ട് അയൽക്കാരന്റെ പശുവിനെ മേയ്ക്കാൻ പോയിട്ടുണ്ട് ലാലു. ദരിദ്രനായിരുന്ന അച്ഛൻ കുന്ദൻറായിയുടെ മരണത്തെത്തുടർന്നു കുടുംബവസ്തുവകകളെല്ലാം അന്യാധീനപ്പെട്ടപ്പോഴായിരുന്നു അത്. പഠനവും അതോടെ മുടങ്ങി.

സഹോദരനു പട്ന വെറ്റിനറി കോളജിൽ ജോലി കിട്ടിയതാണു ലാലുവിന്റെ വിധി മാറ്റിയെഴുതിയത്. പഠനം പുനരാരംഭിച്ചു. എംഎ ബിരുദം നേടി. പട്ന സർവകലാശാലാ യൂണിയൻ പ്രസിഡന്റായിരിക്കുമ്പോൾ ലാലുവിന്റെ നേതൃപാടവവും അനന്യമായ ശൈലിയും ജയപ്രകാശ് നാരായണന്റെ ശ്രദ്ധയിൽപെട്ടു. 1974ൽ ജെപിയുടെ ‘സമ്പൂർണ വിപ്ലവം’ തുടങ്ങുമ്പോൾ വിദ്യാർഥി വിഭാഗത്തിന്റെ ചുമതല ലാലുവിനായിരുന്നു.

1977ൽ ചപ്രയിൽനിന്നു പോൾ ചെയ്ത വോട്ടിന്റെ 86% നേടി ലോക്സഭയിലേക്ക്. എന്നാൽ 80ൽ പരാജയപ്പെട്ടു. 1990ൽ ബിഹാറിലെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. 1995ലെ തിരഞ്ഞെടുപ്പിൽ ജനതാദളിനെ വിജയത്തിലേക്കു നയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. കാലിത്തീറ്റ കുംഭകോണത്തെത്തുടർന്ന് 97ൽ രാജിവച്ചു. ഭാര്യ റാബ്റി ദേവിയെ ആ സ്ഥാനത്ത് അവരോധിച്ച് ജയിലിൽനിന്നു ഭരണം. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 അംഗ നിയമസഭയിൽ വെറും 22 സീറ്റിൽ പാർട്ടി ഒതുങ്ങി. 2014 ലെ ലോക്സഭാ തിരഞ്ഞെപ്പിൽ നാലു സീറ്റിൽ ഒതുങ്ങിയതോടെ ലാലു അപ്രസക്തനായിത്തുടങ്ങി.

ഇതിനിടെ, 2004 മുതൽ 2009 വരെ ആദ്യ യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായി ശോഭിച്ച് 2009ൽ ലോക്സഭയിലെത്തിയെങ്കിലും കാലിത്തീറ്റ വീണ്ടും അന്തകനായി. കേസുകളിലൊന്നിൽ സിബിഐ കോടതി 2013ൽ അഞ്ചുവർഷം തടവിനു ശിക്ഷിച്ചു. ക്രിമിനൽ കേസുകളിൽ രണ്ടുവർഷമോ അതിലേറെയോ ശിക്ഷിക്കപ്പെടുന്ന എംപിമാരും എംഎൽഎമാരും ഉടൻ അയോഗ്യരാക്കപ്പെടുമെന്നുള്ള സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ എംപി സ്ഥാനം നഷ്ടപ്പെട്ടു.

വിലക്കുള്ളതിനാൽ പിന്നീടു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിച്ചില്ലെങ്കിലും 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും കോൺഗ്രസിനും ഒപ്പം ചേർന്നു ബിഹാർ ഭരണം പിടിച്ചു. രണ്ടു മക്കളെയും നിതീഷ് സർക്കാരിൽ മന്ത്രിമാരുമാക്കി. 2017 ജൂലൈയിൽ സഖ്യം തകർന്നു. നിതീഷ് ബിജെപി ചേരിയിലേക്കു മടങ്ങി. നവംബറിൽ രാഷ്ട്രീയ പിൻഗാമിയായി മകൻ തേജസ്വി യാദവിനെ ലാലു നിർദേശിച്ചു. ഡിസംബർ അവസാനം വീണ്ടും ജയിലിലേക്ക്.