Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്നൗവിൽ മലയാളി സന്യാസിനികൾ നേതൃത്വം നൽകുന്ന സ്കൂളിൽ പുലി; പിടികൂടി

Leopard സ്കൂളിൽ കണ്ട പുലിയെ വനംവകുപ്പ് പിടികൂടിയപ്പോൾ.

ലക്നൗ∙ ഉത്തർപ്രദേശിൽ കേൾവി – സംസാര വൈകല്യമുള്ള കുട്ടികളുടെ സ്കൂളിൽ കണ്ടെത്തിയ പുലിയെ വൈകിട്ടോടെ പിടികൂടി. ഇന്നലെ രാവിലെ പത്തു മണിയോടെയാണു ഗോമതി നഗറിലെ സെന്റ് ഫ്രാൻസിസ് സ്കൂളിന്റെ വളപ്പിൽ പുലിയെ കണ്ടത്. അവധിയായിരുന്നതിനാൽ കുട്ടികളാരും സ്കൂൾ വളപ്പിലുണ്ടായിരുന്നില്ല.

ആലപ്പുഴ ജില്ലയിലെ ചേർത്തല കേന്ദ്രമായുള്ള, ‘അമലോദ്ഭവ മാതാവിന്റെ അസീസി സഹോദരികൾ’ എന്ന സന്യസ്തസമൂഹം നടത്തുന്ന വിദ്യാലയമാണിത്. പുലിയെ കണ്ടെന്ന വിവരം പുറത്തറിഞ്ഞതോടെ മേഖലയിലാകെ പരിഭ്രാന്തി പടർന്നു. പൊലീസും വനംവകുപ്പ് അധികൃതരും ഉടനെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്നു സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പകൽ മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് ആറോടെയാണു പുലിയെ മയക്കുവെടിവച്ചു പിടികൂടാനായത്.

‘അൽപം മുൻപും സിസ്റ്റർ പോയ ഗോഡൗൺ’

∙ സ്കൂൾ മാനേജരും മലയാളിയുമായ സിസ്റ്റർ സച്ചിത മനോരമയോട്

ലക്നൗ∙ സ്കൂൾ വളപ്പിൽ പുലിയെത്തിയതിന്റെ ഞെട്ടലിലാണു സിസ്റ്റർ സച്ചിത. സ്കൂൾ മാനേജരും അങ്കമാലി സ്വദേശിയുമായ സിസ്റ്റർ സച്ചിത മനോരമയോട്: ‘രാവിലെ പത്തുമണിക്കു ശേഷമായിരുന്നു സംഭവം. ഞങ്ങളോടൊപ്പമുള്ള ഒരു സിസ്റ്ററാണ് പുലിയെ ആദ്യം കണ്ടത്. ഏതോ ഒരു മൃഗം പോകുന്നു എന്ന് സിസ്റ്റർ ഉച്ചത്തിൽ പറഞ്ഞതുകേട്ടു ചെന്നുനോക്കിയ ഞങ്ങൾ വിറച്ചുപോയി; പുലി!

സ്കൂൾ പരിസരത്തു കൂടി ഓടിയ പുലി, ഓപ്പൺ സ്റ്റേജിനടിയിൽ കയറി. ഞങ്ങൾ ഗോഡൗണായി ഉപയോഗിക്കുന്ന സ്ഥലമാണത്. ഇതിന് അൽപം മുൻപ് സാധനങ്ങളെടുക്കാൻ ഒരു സിസ്റ്റർ അവിടെ പോയിരുന്നു; ഗോഡൗൺ പൂട്ടിയിരുന്നില്ല. ഇന്നലെ ക്ലാസില്ലാത്ത ദിവസമായിരുന്നതു ഭാഗ്യം.

സ്കൂൾ വളപ്പിൽ തന്നെയുള്ള ഹോസ്റ്റലിലെ കുട്ടികൾ പഠനമുറിയിലായിരുന്നു. വിവരമറിയിച്ചു പത്തു മിനിറ്റിനുള്ളിൽ പൊലീസെത്തി; പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും. ഏറെ പ്രയാസപ്പെട്ടാണ് പുലിയെ കണ്ടെത്തി കൂട്ടിലാക്കിയത്. വൈകിട്ടു വനംവകുപ്പുകാർ അതിനെ കൊണ്ടുപോയപ്പോഴാണു സമാധാനമായത്’.