Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലൈലാമ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ബോംബ് സ്ഫോടനം

Bodh Gaya

പട്ന∙ ബിഹാറിലെ ബോധഗയയിൽ ബോംബ് സ്ഫോടനത്തെത്തുടർന്നു സുരക്ഷ ശക്തമാക്കി. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ താമസിക്കുന്ന കെട്ടിടത്തിനു സമീപമുള്ള മൈതാനത്താണു വെള്ളിയാഴ്ച രാത്രി കുറഞ്ഞ സ്ഫോടനശേഷിയുള്ള ബോംബുകൾ പൊട്ടിയത്.

കഴിഞ്ഞ ഒന്നിനു ബോധഗയയിലെത്തിയ ദലൈലാമയുടെ സാന്നിധ്യം കണക്കിലെടുത്തുള്ള കനത്ത സുരക്ഷയ്ക്കിടെയാണു സംഭവം. ബുദ്ധമത തീർഥാടകർ ഉൾപ്പെടെ സന്ദർശകരുടെ വൻ തിരക്കുള്ള സമയമാണിത്. ലാമ മാസാവസാനംവരെ ഇവിടെയുണ്ടാവും. സംഭവം എൻഐഎ അന്വേഷിക്കുമെന്നു മഗധ് റേഞ്ച് ഡിഐജി വിനയ് കുമാർ പറഞ്ഞു.

2013 ജൂലൈ ഏഴിനു ബോധഗയയിലെ മഹാബോധി ക്ഷേത്രവളപ്പിലുണ്ടായ ബോംബ് സ്ഫോടന പരമ്പരയിൽ അഞ്ചുപേർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. മ്യാൻമറിൽ ബുദ്ധമതാനുയായികളും ന്യൂനപക്ഷ മുസ്​ലിം രോഹിൻഗ്യകളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെയാണു പ്രമുഖ ബുദ്ധമത തീർഥാടനകേന്ദ്രമായ ബോധഗയയിൽ ഭീകരാക്രമണ ഭീഷണി വർധിച്ചത്.