Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്‌പോർട്ടിന്റെ നിറംമാറ്റം: പ്രതിഷേധം ഫലം കണ്ടു, ഓറഞ്ച് ഇല്ല

passport

ന്യൂഡൽഹി ∙ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ (ഇസിആർ) പാസ്പോർട്ടിന്റെ പുറംചട്ട ഓറഞ്ച് നിറത്തിലാക്കാനുള്ള വിവാദതീരുമാനം കേന്ദ്രസർക്കാർ പിൻവലിച്ചു.  പാസ്പോർട്ടിന്റെ അവസാന താളിൽനിന്നു കുടുംബവിവരങ്ങൾ ഒഴിവാക്കാനുള്ള തീരുമാനവും നടപ്പാക്കില്ല. പ്രതിഷേധം കണക്കിലെടുത്താണു നടപടിയെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

പത്താംക്ലാസ് പാസാകാത്തവർക്കാണ് ഇസിആർ ആവശ്യമുള്ളത്. പാസ്പോർട്ടിൽ ഇസിആർ മുദ്ര പതിക്കാറുണ്ടെങ്കിലും പുറംചട്ടയിൽത്തന്നെ വേർതിരിവു സൂചിപ്പിക്കുന്നതു പൗരൻമാരെ രണ്ടുതരമായി പരിഗണിക്കുന്ന നടപിയാണെന്ന് ആക്ഷേപമുണ്ടായി. ജനപ്രതിനിധികളും പ്രവാസിസംഘടനകളും ശക്തമായി പ്രതിഷേധിച്ചു. ഓറഞ്ച് പാസ്പോർട്ടിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്രസർക്കാരിനു നോട്ടിസും അയച്ചിരുന്നു. 

പാസ്പോർട്ടിന്റെ അവസാന താളിൽ വ്യക്തിയുടെ മാതാപിതാക്കളുടെ പേരും വീട്ടുപേരും വിലാസവുമാണുള്ളത്. ഇക്കാര്യങ്ങൾ പാസ്പോർട്ടിൽനിന്ന് ഒഴിവാക്കാൻ‍ തീരുമാനിച്ചത് വനിതാ–ശിശുക്ഷേമ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ്.  ഇതു പാസ്പോർട്ടിനെ തിരിച്ചറിയൽ രേഖയുടെ ഗണത്തിൽനിന്ന് ഒഴിവാക്കുന്ന നടപടിയാണെന്നും വിമർശനമുണ്ടായി. 

മാതാവിന്റെയല്ലെങ്കിൽ പിതാവിന്റെ മാത്രം സംരക്ഷണയിലുള്ള കുഞ്ഞുങ്ങളെ കണക്കിലെടുത്താണു വ്യക്തിയുടെ കുടുംബവിവരങ്ങൾ ഒഴിവാക്കണമെന്നു വനിതാ–ശിശുക്ഷേമ മന്ത്രാലയം നിലപാടെടുത്തത്. 

കുടുംബവിവരങ്ങൾ പാസ്പോർട്ടിൽ ഒഴിവാക്കുന്നതിനു കുഴപ്പമില്ലെന്ന രാജ്യാന്തര സിവിൽ വ്യോമയാന സംഘടന (െഎസിഎഒ) നിലപാടും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിളിച്ച യോഗം പാസ്പോർട്ടിലെ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങൾ വിശദമായി ചർച്ചചെയ്തെന്നും തുടർന്നാണ് മാറ്റങ്ങൾ ഉപേക്ഷിക്കാമെന്നു തീരുമാനിച്ചതെന്നും മന്ത്രാലയവക്താവ് പറഞ്ഞു.