Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ വീണ്ടും ആവശ്യപ്പെടും

Pope Francis

ന്യൂഡൽഹി∙ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്നു വീണ്ടും കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുമെന്നു കത്തോലിക്കാ സഭാവൃത്തങ്ങൾ പറഞ്ഞു. സിബിസിഐ അധ്യക്ഷനായി കഴിഞ്ഞ ദിവസം സ്ഥാനമേറ്റ കർദിനാൾ ഓസ്വൾഡ് ഗ്രേഷ്യസ് ഈ മാസംതന്നെ കേന്ദ്രസർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്തേക്കും. സന്ദർശനത്തിന് ആറു മാസത്തെ ഒരുക്കമെങ്കിലും വേണമെന്നാണു സഭാവൃത്തങ്ങൾ പറയുന്നത്. ഇന്ത്യ സന്ദർശിക്കാനുള്ള താൽപര്യം മാർപാപ്പ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ക്ഷണം ലഭിക്കാത്തതാണ് ഏക തടസ്സം.

അന്തിമ തീരുമാനത്തിനു മുൻപ് തീയതി സംബന്ധിച്ചു വത്തിക്കാനും ഇന്ത്യയും തമ്മിൽ ധാരണയിൽ എത്തേണ്ടതുണ്ടെന്നാണു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ‍ ഉഭയകക്ഷി ചർച്ച നടന്നിട്ടില്ല. ഈ വർഷം ഇന്ത്യാ സന്ദർശനം സാധ്യമാകുമെങ്കിൽ അത് നവംബറിലുണ്ടാകുമെന്നാണു സഭാവൃത്തങ്ങൾ പറയുന്നത്. എന്നാൽ, പൊതു തിരഞ്ഞെടുപ്പു നേരത്തേയാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ നവംബറിൽ സന്ദർശനമെന്നതും അസാധ്യമാവും.

അടുത്ത വർഷമാണു പൊതു തിരഞ്ഞെടുപ്പെങ്കിൽ അതുകൊണ്ടുതന്നെ വർഷത്തിന്റെ ആദ്യപകുതിയിലും സന്ദർശനം സാധ്യമാവില്ല. പിന്നെ തീരുമാനമെടുക്കേണ്ടതു പുതിയ സർക്കാരാണ്. നേരത്തേ സിബിസിഐ അധ്യക്ഷനായിരുന്ന കർദിനാൾ ഓസ്വൾഡിനെ വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുത്തതിന്റെ കാരണങ്ങളിലൊന്ന് മാർപാപ്പയുടെ സന്ദർശനം സംബന്ധിച്ച പ്രതീക്ഷയാണെന്നു വിലയിരുത്തലുണ്ടെങ്കിലും സിബിസിഐ നേതൃത്വം അതു സ്ഥിരീകരിക്കുന്നില്ല.

ഫ്രാൻസിസ് പാപ്പ രൂപീകരിച്ച ഉപദേശക സമിതിയിൽ‍ അംഗമായ കർദിനാൾ ഓസ്വൾഡ്, ഏഷ്യയിലെ മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ അധ്യക്ഷനുമാണ്. ഫ്രാൻസിസ് പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്നു സിബിസിഐ അധ്യക്ഷനെന്ന നിലയ്ക്കു 2014 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെഴുതിയ കത്തിൽ കർദിനാൾ ഓസ്വൾഡ് അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ ദിവസം സിബിസിഐ അധ്യക്ഷസ്ഥാനമൊഴിഞ്ഞ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ 2016 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയപ്പോഴുൾപ്പെടെ മൂന്നു തവണ വിഷയം കേന്ദ്രസർക്കാരിനോട് ഉന്നയിച്ചു. എപ്പോഴും അനുകൂല മറുപടിയാണു സർക്കാരിൽ നിന്നു ലഭിച്ചതെങ്കിലും തുടർനടപടികളുണ്ടായില്ലെന്നാണു സഭാവൃത്തങ്ങൾ പറയുന്നത്.

മാർപാപ്പ 2015ൽ ശ്രീലങ്കയും കഴിഞ്ഞ വർഷം മ്യാൻമറും ബംഗ്ലദേശും സന്ദർശിച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനുശേഷം മാർപാപ്പയെ ക്ഷണിക്കുമെന്നു സർക്കാർ സൂചിപ്പിച്ചിരുന്നു. എന്നാൽ, അതും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമാണു മാർപാപ്പയുടെ ബംഗ്ലദേശ്, മ്യാൻ‍മർ‍ സന്ദർശനത്തിന്റെ തീയതികൾ വത്തിക്കാൻ തീരുമാനിച്ചത്. രാഷ്ട്രത്തലവൻ എന്ന നിലയിൽ‍ മാത്രമുള്ള സന്ദർശനമാണെങ്കിൽ എളുപ്പത്തിൽ തീരുമാനം സാധ്യമാകുമായിരുന്നുവെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, അത്തരത്തിലുള്ള സന്ദർശനമല്ല, ആഗോള കത്തോലിക്കാ സഭയുടെ ഇടയന്റെ സന്ദർശനമാണ് താൽപര്യപ്പെടുന്നതെന്നാണു സഭാവൃത്തങ്ങൾ പറയുന്നത്.