Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പടയൊരുക്കം’ വിവാദത്തിൽ

Mohan Madhukar Bhagawat മോഹൻ ഭഗവത്

ന്യൂഡൽഹി∙ സൈന്യത്തിനു യുദ്ധസജ്ജമാകാൻ ആറേഴു മാസമെങ്കിലും വേണ്ടിവരുമ്പോൾ ആർഎസ്എസിനു മൂന്നേ മൂന്നു ദിവസം മതിയെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ അഭിപ്രായപ്രകടനം വൻ വിവാദത്തിലേക്ക്. ബിഹാറിലെ മുസഫർപുരിൽ ആർഎസ്എസ് പ്രവർത്തകസമ്മേളനത്തിലാണു ഭഗവത് സംഘടനയുടെ കാര്യക്ഷമതയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

എന്നാൽ, ഇതു സൈന്യത്തോടുള്ള അവഹേളനമാണെന്നാരോപിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം രംഗത്തെത്തി. ആർഎസ്എസ് മേധാവി തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയണമെന്നു രാഹുൽ കർണാടകയിലെ റാലിയിൽ ആവശ്യപ്പെട്ടു.

ഭരണണഘടന അനുവദിക്കുന്നെങ്കിൽ, രാജ്യത്തിന് ആവശ്യമുള്ളപ്പോൾ മുന്നണിയിലെത്തി അതിർത്തി സംരക്ഷണച്ചുമതലയേൽക്കാൻ ആർഎസ്എസ് സന്നദ്ധമാണെന്നായിരുന്നു ഭഗവതിന്റെ പ്രസ്താവന. സംഘ്, സൈനിക, അർധസൈനിക വിഭാഗമല്ല, കുടുംബ സംഘടനയാണ്. സൈന്യസമാനമായ അച്ചടക്കമാണ് അതിന്റെ സവിശേഷത. രാജ്യത്തിനു വേണ്ടി സന്തോഷപൂർവം ജീവത്യാഗം ചെയ്യാൻ പ്രവർത്തകർ എപ്പോഴും സന്നദ്ധർ – അദ്ദേഹം പറഞ്ഞു.

ഒറ്റനോട്ടത്തിൽ, രാജ്യസേവനം നടത്താൻ ആർഎസ്എസിനുള്ള സ‌ന്നദ്ധതയാണു ഭഗവത് ഉദ്ദേശിച്ചതെങ്കിലും അതു നിസാരമായെടുക്കാൻ പ്രതിപക്ഷം തയാറായില്ല. സൈന്യവുമായി താരതമ്യപ്പെടുത്തുമ്പോൾ സംഘിനു പതിന്മടങ്ങു കാര്യക്ഷമതയേറുമെന്ന സൂചനയാണ് അവരെ പ്ര‌കോപിപ്പിച്ചത്. ഭഗവതിന്റെ പ്രസ്താവന ദുഃഖകരവും അസ്വാസ്ഥ്യജനകവുമാണെന്നു കോൺഗ്രസ് വക്താവ് ആനന്ദ് ശർമ വിശേഷിപ്പിച്ചു. സ്വകാര്യ സൈന്യങ്ങളെ വളർത്തിയ രാജ്യങ്ങൾ പിന്നീടു ദുഃഖിച്ചതിനു ചരിത്രത്തിൽ ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സർക്കാർ ആർഎസ്എസിന്റെ റിമോട്ട് കൺട്രോളിലാണു പ്രവർത്തിക്കുന്നത് എന്നതിന് ഒടുവിലത്തെ ഉദാഹരണമാണിതെന്നു തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. ‘രാജ്ഭവനുകൾ ശാഖകളാകുന്നു. ഗവർണർമാർ പ്രചാരകരാകുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അപകടത്തിലാകുന്നു’– ഭഗവതിന്റെ പ്രസ്താവനയെ കേന്ദ്രആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു ന്യായീകരിച്ചതു ചൂണ്ടിക്കാട്ടി തൃണമൂൽ നേതാവ് ഡെറക് ഒബ്രയൻ പറഞ്ഞു.

ഇതേസമയം, ഭഗവത് സൈന്യത്തെ അവഹേളിച്ചിട്ടില്ലെന്ന് ആർഎസ്എസ് വിശദീകരിച്ചു. ‘അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചിരിക്കുന്നു. സാധാരണക്കാരുമായാണു സംഘ് പ്രവർത്തകരെ ആർഎസ്എസ് മേധാവി താരതമ്യം ചെയ്തത്, സൈന്യവുമായല്ല– ആർഎസ്എസ് അഖിലേന്ത്യാ പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യ പറഞ്ഞു.

related stories