Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുതാര്യ നിയമനം പഞ്ചാബ് മോഡൽ; പോളിടെക്നിക് അധ്യാപകനെ മന്ത്രി നിയമിച്ചത് നാണയം ടോസ് ചെയ്ത്

toss

ചണ്ഡിഗഡ് ∙ പിഎസ്‌സി പരീക്ഷ പാസായ രണ്ടു പേരും തുല്യമായി യോഗ്യരാണെന്നു കണ്ടാൽ എന്തു ചെയ്യും? നാണയത്തുട്ട് മേലോട്ടെറിഞ്ഞ് വാലോ തലയോ എന്നു തീരുമാനിക്കുക. സർക്കാർ പോളിടെക്നിക്കിലെ അധ്യാപക തസ്തികയിൽ നിയമിക്കാനുള്ള സുതാര്യമാർഗം ഇങ്ങനെയാണ് പഞ്ചാബിലെ ഒരു മന്ത്രി നടപ്പാക്കിയത്. ഇരു ഉദ്യോഗാർഥികളും സമ്മതിച്ചിട്ടാണ് ഇങ്ങനെ ചെയ്തതെന്നും സുതാര്യനിയമനമാണു നടത്തിയതെന്നും മാധ്യമങ്ങൾ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.

പട്യാല പോളിടെക്നിക്കിൽ മെക്കാനിക്കൽ വിഭാഗം അധ്യാപകന്റെ ഒഴിവിലേക്കു പഞ്ചാബ് പിഎസ്‌സി 37 പേരെ തിരഞ്ഞെടുത്തിരുന്നു. പട്ടികയിൽ മുന്നിൽ വന്നവരിൽ ഒരാൾ തനിക്കു കൂടുതൽ പ്രവൃത്തി പരിചയം ഉണ്ടെന്നും മറ്റെയാൾ തനിക്കു കൂടുതൽ മാർക്കുണ്ടെന്നും വാദിച്ചതാണു സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചരൻജിത് സിങ് ഛന്നിയെ വിഷമത്തിലാക്കിയത്.

പരസ്പരം സംസാരിച്ചു തീരുമാനമെടുക്കാൻ ഉദ്യോഗാർഥികളോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മന്ത്രി തന്നെ തീരുമാനിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. തുട്ടിട്ടു നോക്കിയാലോ എന്നു മന്ത്രി ചോദിച്ചു; അവർ സമ്മതിക്കുകയും ചെയ്തു. പിന്നാലെ, പുതിയ നിയമനരീതി ടിവി ചാനലുകളും മറ്റും ആഘോഷിക്കുകയും ചെയ്തു.