Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹസൻ റൂഹാനി ഡൽഹിയിൽ; മോദിയുമായി ഇന്ന് കൂടിക്കാഴ്ച

INDIA-IRAN-DIPLOMACY ത്രിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഹൈദരാബാദിലെ ഖുതുബ് ഷാഹി സ്മാരകത്തിനു മുന്നിൽ.

ഹൈദരാബാദ്∙ ഇറാന്റെ എണ്ണ–പ്രകൃതിവാതക സ്രോതസ്സുകൾ ഇന്ത്യയുമായി പങ്കിടാനും ഇന്ത്യക്കാർക്കായി വീസാ വ്യവസ്ഥകൾ ലളിതമാക്കാനും സന്നദ്ധമാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇന്ത്യയുടെ സഹകരണത്തോടെ നിർമിച്ച ചാബഹാർ തുറമുഖം സജ്ജമായതോടെ പാക്കിസ്ഥാനിൽ പ്രവേശിക്കാതെ അഫ്ഗാനിസ്ഥാൻ വഴിയുള്ള ഇന്ത്യ–ഇറാൻ വ്യാപാരമാർഗം തുറന്നു കിട്ടി. ഇതു മധ്യേഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള വ്യാപാരം സുഗമമാക്കും – ഹൈദരാബാദിലെ മക്ക മസ്‍ജിദിൽ ജുമുഅ നമസ്കാരത്തിനുശേഷം നടത്തിയ പ്രസംഗത്തിൽ റൂഹാനി പറഞ്ഞു.

ഇന്ത്യക്കാർക്കായി വീസാ നിയമങ്ങൾ ലഘൂകരിക്കാൻ ഇറാൻ ഒരുക്കമാണ്. ഇന്ത്യയും അതു ചെയ്യുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഹസൻ റൂഹാനിക്ക് ഇന്നു ഡൽഹിയിൽ ഔദ്യോഗിക സ്വീകരണം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും നടക്കും. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനു വ്യാഴാഴ്ചയാണു റൂഹാനി ഹൈദരാബാദിലെത്തിയത്.

വിഭാഗീയത മറന്നു ലോക മു‌സ്‌ലിംകൾ ഒറ്റക്കെട്ടായി നിൽക്കണം. ‘മുസ്‌ലിംകൾ ഒറ്റക്കെട്ടായിരുന്നുവെങ്കിൽ, ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിക്കാൻ യുഎസ് ധൈര്യപ്പെടുമായിരുന്നില്ല. പലസ്തീനിൽ മുസ്‌ലിംകൾ ഓരോ ദിവസവും പീഡിപ്പിക്കപ്പെടില്ലായിരുന്നു’– ഇറാൻ പ്രസിഡന്റ് പറഞ്ഞു.

രാവിലെ ഹൈദരാബാദിലെ പ്രശസ്തമായ ചരിത്രസ്മാരകം ഖുതുബ് ഷാഹി സമുച്ചയം റൂഹാനി സന്ദർശിച്ചു. ഗോൽക്കൊണ്ടയിലെ ഖുതുബ് ഷാഹി രാജാക്കൻമാർ ഇറാനിയൻ ശിൽപകലാ മാതൃകയിൽ നിർമിച്ച 400 വർഷം പഴക്കമുള്ള മന്ദിരത്തിൽ രാജകുടുംബത്തിന്റെ ആറു കബറിടങ്ങളാണുള്ളത്. റൂഹാനിയുടെ രണ്ടാം ഹൈദരാബാദ് സന്ദർശനമാണിത്. വൈകിട്ടാണു ഡൽഹിയിലേക്കു പോയത്.

related stories